2008-04-11 08:30:33

അമേരിക്ക൯ ഐക്യനാടുകളിലും ഐക്യരാഷ്ട്ര സംഘടനയിലും ക്രൈസ്തവ പ്രത്യാശയുടെ സന്ദേശമെത്തിക്കുകയാണ് തന്‍റെ യു.എസ്.പര്യടനത്തിന്‍റെ ലക്ഷൃമെന്ന് മാര്‍പാപ്പ.

 


ഏപ്രില്‍ 15 മുതല്‍ 21 വരെ അമേരിക്ക൯ ഐക്യനാടുകളില്‍ താ൯ നടത്തുന്ന അപ്പസ്തോലിക പര്യടനത്തിനു മുമ്പായി പതിനാറാം ബനഡിക്ട് മാര്‍പാപ്പ ആ രാജ്യത്തെ ജനങ്ങള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തില്‍ അവര്‍ക്ക് ഹൃദയംഗമായ അഭിവാദനങ്ങള്‍ നേരുകയും അവരുടെ പ്രാര്‍ത്ഥനകള്‍ ക്ഷണിക്കുകയും ചെയ്യുന്നു.

തന്‍റെ ഇടയസന്ദര്‍ശനത്തിന്‍റെ ആദര്‍ശ മുദ്രാവാക്യമായി, അമേരിക്കയില‍െ മെത്രാ൯മാരുമായി ആലോചിച്ച്, " ക്രിസ്തു നമ്മുടെ പ്രത്യാശ " എന്നീ ലളിതങ്ങ‍‍‍‍‍‍‍‍‍‍‍‍‍ളും അതേസമയം അടിസ്ഥാനപരങ്ങളുമായ  മൂന്ന് വാക്കുകളാണ് താ൯ തിരഞ്ഞെടുത്തിരിക്കുന്നതെന്നറിയിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം തുടരുന്നു തന്‍റെ സന്ദേശം: " മാര്‍പാപ്പ എന്ന നിലയില്‍ ആദ്യമായി ഞാ൯ അമേരിക്ക൯ ഐക്യനാടുകളിലെത്തുന്നത് ഈ മഹാസത്യം പ്രഘോഷിക്കുന്നതിനാണ്: യേശു ക്രിസ്തുവാണ് എല്ലാ ഭാഷകളിലും, വംശങ്ങളിലും, സംസ്കാരങ്ങളിലും, സാമൂഹികാവസ്ഥകളിലുമുള്ള സ്ത്രീപുരുഷ൯മാര്‍ക്ക് പ്രത്യാശ. അതേ, നമ്മോടുകൂടെയുള്ള ദൈവത്തിന്‍റെ വദനമാണ് ക്രിസ്തു. അവിടുന്നിലൂടെ നമ്മുടെ ജീവിതം പൂര്‍ണ്ണ സക്ഷാത്ക്കാരത്തിലെത്തുന്നു. അവിടുത്തോടൊത്ത് നാം, വ്യക്തികളും ജനതകളുമെന്ന നിലകളില്‍, പിതാവായ ദൈവത്തിന്‍റെ നിത്യമായ പദ്ധതിയ്ക്കനുസൃതമായി, സഹോദരപരമായ സ്നേഹത്താലൈക്യപ്പെട്ട് ഒരു കടുംബമായിത്തീരുന്നു. ഈ സുവിശേഷ സന്ദേശം നിങ്ങളുടെ രാജ്യത്ത് രൂഢമൂലമാണെന്ന് എനിക്കറിയാം. ആഘോഷങ്ങളുടെയും സമ്മേളനങ്ങളുടെയും പരമ്പരകളിലൂടെ നിങ്ങളോടൊത്തതു പങ്കുവയ്ക്കുന്നതിനാണ് ഞാ൯ വരുന്നത്.

ക്രിസ്തീയ പ്രത്യാശയുടെ സന്ദേശം ഐക്യരാഷ്ട്ര സംഘടനയുടെ മഹാ പൊതുസഭയില്‍ ലോകത്തിലെ സര്‍വ്വ ജനതകളുടെയും പ്രതിനിധികള്‍ക്കും ഞാ൯ എത്തിക്കും. യഥാര്‍ത്ഥമായും, ലോകത്തിന് പ്രത്യാശ ഇന്ന് പൂര്‍വ്വാധികം ആവശ്യമാണ്: സമാധാനത്തിനായുള്ള പ്രത്യാശ, നീതിക്കായുള്ള പ്രത്യാശ, സ്വാതന്ത്ര്യത്തിനായുള്ള പ്രത്യാശ. എന്നാല്‍ ഈ പ്രത്യാശ, ക്രിസ്തു പരസ്നേഹത്തിന്‍റെ കല്പനയിലൂടെ പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ കല്പന അനുസരിക്കാതെ, ഒരിക്കലും നിവൃത്തിയാകുകയില്ല. മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെതന്ന‍െ നിങ്ങള്‍ അവരോടും പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ നിങ്ങളോട് ചെയ്യുവാ൯ ഇഷ്ടപ്പെടാത്തവ മറ്റുള്ളവരോടും ചെയ്യാതിരിക്കുക. ബൈബിളില്‍ നല്കപ്പെട്ടിരിക്കുന്ന ഈ ' സുവര്‍ണ്ണ നിയമം ' അവിശ്വാസികളടക്കം എല്ലാ മനുഷ്യര്‍ക്കും സ്വീകാര്യയോഗ്യമാണ്. മനുഷ്യ ഹൃദയത്തിലെ ഉല്ലിഖിത നിയമം ഇതാണ്; ഇതില്‍ നമുക്കെല്ലാവര്‍ക്കും സമവായത്തിലെത്താ൯ കഴിയും; അങ്ങനെ മറ്റു പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടി വരുമ്പോള്‍ മാനവസമൂഹത്തിനുമുഴുവ൯ ഭാവാത്മകവും രചാനാത്മകവുമായ വിധത്തില്‍ അഭിപ്രായൈക്യം കൈവരിക്കുന്നതിനും".

അമേരിക്ക൯ ഐക്യനാടുകളിലെ എല്ലാ നിവിസികളോടും കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടും, വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് എന്നീ രണ്ട് നഗരങ്ങളില്‍ ഒതുങ്ങിനില്ക്കുന്ന ഹ്രസ്വമായ പര്യടനമാണ് തന്‍റേതെങ്കിലും, തന്‍റെ ഹൃദയം അവരെല്ലാവരോടുമൊപ്പമുണ്ടെന്ന് അറിയിച്ചുകൊണ്ടുമാണ് ബനഡിക്ട് പതിനാറാമ൯ പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിക്കുന്നത്.

 

 








All the contents on this site are copyrighted ©.