2008-03-27 10:34:47

ബെനഡിക്ട് പതിനാറാമ൯ പാപ്പാ ഏപ്രില്‍ പതിനഞ്ച് മുതല്‍ ഇരുപത്തിയൊന്നുവരെ അമേരിക്ക൯ ഐക്യ നാടുകളില്‍.


ബെനഡിക്ട് പതിനാറാമ൯ പാപ്പാ ഏപ്രില്‍ പതിനഞ്ച് മുതല്‍ ഇരുപത്തിയൊന്നുവരെ അമേരിക്ക൯ ഐക്യനാടുകള്‍ സന്ദര്‍ശിക്കും. ഏപ്രില്‍ പതിനഞ്ചിന് പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് റോമിലെ ലെയൊണാര്‍ദൊ ദ വിഞ്ചി അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പുറപ്പെടുന്ന പാപ്പാ അന്നു വൈകുന്നേരം നാലുമണിക്ക് വാഷിംഗ്ടണിലെ ആ൯ഡ്രൂസ് വ്യോമസേനാത്താവളത്തില്‍ എത്തിച്ചേരും. അമേരിക്ക൯ ഐക്യനാടുകളുടെ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷും പത്നിയും പാപ്പായെ വരവേല്ക്കും. എന്നാല്‍ ഔപചാരിക സ്വാഗതസ്വീകരണച്ചടങ്ങുകള്‍ അടുത്തദിവസം, വാഷിംഗ്ടണില്‍, വൈറ്റ്ഹൗസില്‍ വച്ചായിരിക്കും. തുടര്‍ന്ന് പാപ്പാ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷുമൊത്ത് സൗഹൃദസംഭാഷണത്തിലേര്‍പ്പെടും. ബുധനാഴ്ച വൈകുന്നേരം ബെനഡിക്ട് പതിനാറാമന്‍ പാപ്പാ  വാഷിംഗ്ടണിലെ അമലോത്ഭവ നാഥയുടെ നാമത്തിലുള്ള ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍വച്ച് സായാഹ്ന പ്രാര്‍ത്ഥന നയിക്കുന്നതും അന്നാട്ടിലെ മെത്രാന്മാരുമൊത്ത് കൂടിക്കാഴ്ച നടത്തുന്നതുമാണ്. വാഷിംഗ്ടണിലെ ദേശീയ സ്റ്റേഡിയത്തില്‍ ദിവ്യപൂജ, വാഷിംഗ്ടണിലെ അമേരിക്കന്‍ കത്തോലിക്കാ സര്‍വ്വകലാശാലയില്‍,കത്തോലിക്കാ സര്‍വ്വകലാശാലാലോകവുമായുള്ള കൂടിക്കാഴ്ച, രണ്ടാം ജോണ്‍പോള്‍ പാപ്പായുടെ നാമത്തിലുള്ള സാംസ്കാരിക കേന്ദ്രത്തില്‍ വിവിധമത പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച, പതിനെട്ടാംതിയതി ന്യുയോര്‍ക്കില്‍, ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന സന്ദര്‍ശനം, ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ സംബോധന ചെയ്യല്‍, എക്യുമെനിക്കല്‍ കൂടിക്കാഴ്ച തുടങ്ങിയവയാണ് പാപ്പായുടെ ഈ ഇടയസന്ദര്‍ശനാജന്തയിലെ മുഖ്യ ഇനങ്ങള്‍.

ഇരുപത്തിയൊന്നാം തിയതി പാപ്പാ റോമില്‍ തിരിച്ചെത്തും.

 








All the contents on this site are copyrighted ©.