2008-03-27 06:55:26

അല്‍ഫോ൯സാമ്മ അടക്കം നാല് വാഴ്ത്തപ്പെട്ടവര്‍ ഒക്ടോബര്‍ 12-ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടും.


വാഴ്ത്തപ്പെട്ട അല്‍ഫോ൯സാമ്മയെ ഒക്ടോബര്‍ 12 ഞായറാഴ്ച പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിക്കും. റോമിലായിരിക്കും പ്രഖ്യാപനം നടക്കുക. വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ മാര്‍ച്ച് ഒന്ന് ശനിയാഴ്ച രാവിലെ മാര്‍പാപ്പ വിളിച്ചുകൂട്ടിയ സാധാരണ പൊതു കണ്‍സിസ്റ്ററിയിലാണ് അല്‍ഫോ൯സാമ്മ ഉള്‍പ്പെടെ നാല് വാഴ്ത്തപ്പെട്ടവരെ ഒക്ടോബര്‍ 12-ന് വിശുദ്ധരായി നാമകരണംചെയ്യുന്നതിന് തീരുമാനിക്കപ്പെട്ടത്.

യേശുവിന്‍റെയും മറിയത്തിന്‍റെയും തിരുഹൃദയങ്ങളുടെ മിഷ്യനറികള്‍ എന്ന സന്ന്യാസ സമൂഹത്തിന്‍റെ സ്ഥാപകനായ പുരോഹിത൯ ഗയത്താനൊ എറീക്കൊ (ഇറ്റലി), നിത്യസഹായ മറിയത്തിന്‍റെ ഫ്രാ൯സീസ്ക്ക൯ മിഷ്യനറി സഹോദരികള്‍ സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപക മരിയ ബര്‍ണാര്‍ദ ബട്ട്ലര്‍ (സ്വിറ്റ്സര്‍ല൯ഡ്), അല്മായ വിശ്വാസിനി യേശുവിന്‍റെ നര്‍ച്ചിസ മര്‍ത്തില്ലൊ മൊറാ൯ (ഇക്വദോര്‍) എന്നിവരാണ് ഇതര വാഴ്ത്തപ്പെട്ടവര്‍.

സിസ്റ്റര്‍ അല്‍ഫോ൯സായെ രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പ 1986 ഫെബ്റുവരി 8-ന് കോട്ടയത്തു നാഗമ്പടം മൈതാനിയില്‍ വച്ചാണ് വാഴ്ത്തപ്പട്ടവളായി പ്രഖ്യാപിച്ചത്.








All the contents on this site are copyrighted ©.