2008-02-09 17:22:16

2008-ലെ വലിയനോമ്പിന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ നല്കുന്ന സന്ദേശം.


ക്രിസ്തു നിങ്ങളെപ്രതി ദരിദ്രനായി" (2 കോറി 8,9)

പ്രിയ സഹോദര൯മാരേ, സഹോദരികളേ,

  1. വലിയനോമ്പ് അനുവര്‍ഷം നമ്മുടെ ക്രിസ്തീയ ജീവിതത്തിന്‍റെ അര്‍ത്ഥവും മൂല്യവും ആഴപ്പെടുത്തുന്നതിന് ദൈവപരിപാലനാപരമായ സന്ദര്‍ഭമൊരുക്കുന്നു. നമ്മുടെ സഹോദരീസഹോദര൯മാരോട് നാം കൂടുതല്‍ കരുണയുള്ളവരാകാ൯ ദൈവത്തിന്‍റെ കരുണ വീണ്ടും കണ്ടെത്തുന്നതിന് തപസ്സുകാലം നമ്മെ ഉത്തേജിപ്പിക്കുന്നു. ആന്തരിക നവീകരണ പ്രക്രിയയോട് ചേര്‍ന്നുപോകുന്ന സമൂര്‍ത്തമായ ഏതാനും അനുഷ്ഠാനങ്ങളും നോമ്പുകാലത്ത് സഭ വിശ്വാസികള്‍ക്കായി നിര്‍ദ്ദേശിക്കുന്നു. പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവയാണ് ആ അഭ്യാസങ്ങള്‍. ഈ വര്‍ഷത്തെ വലിയനോമ്പിനുള്ള സന്ദേശത്തില്‍ ധര്‍മ്മദാനത്തെക്കുറിച്ചു പരിചിന്തനംചെയ്യാ൯ ഞാ൯ അഭിലഷിക്കുന്നു. ആവശ്യക്കാരെ സഹായിക്കുന്നതിനുള്ള ഒരുപാധിയും, അതേസമയം, ലൗകിക വസ്തുക്കളോടുള്ള  അമിതപ്രതിപത്തിയില്‍നിന്ന് നമ്മെ വിമുക്തരാക്കുന്ന സ്വയംപരിത്യാഗത്തിന്‍റെ അഭ്യസനവുമാണ് ദാനധര്‍മ്മം. ലൗകിക സമ്പത്തിനോടുള്ള നമ്മുടെ ആസക്തിയുടെ ശക്തിക്കനുസാരം ഉറപ്പുള്ളതായിരിക്കണം ധനത്തെ ഒരു പൂജാവിഗ്രഹമാക്കാതിരിക്കാനുള്ള നമ്മുടെ തീരുമാനം. "ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാ൯ നിങ്ങള്‍ക്കു കഴിയുകയില്ലെന്ന്" യേശു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു (ലൂക്കാ 16,13). നമ്മുടെ അയല്‍ക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനും, ദൈവകൃപയാല്‍ നമുക്കുള്ളവ അപരരുമായി പങ്കുവയ്ക്കാനും ധര്‍മ്മദാനം നമ്മെ അഭ്യസിപ്പിക്കുന്നു. നോമ്പുകാലത്ത് ലോകത്തിന്‍റെ പല ഭാഗങ്ങളിലും ദരിദ്രര്‍ക്കുവേണ്ടി സഭ പ്രത്യേക സംഭാവനാശേഖരണം സംഘടിപ്പിക്കുന്നതിന്‍റെ ഉദ്ദേശ്യമിതാണ്. ഇതുവഴി ആന്തരിക പവിത്രീകരണത്തോടൊപ്പം, ആദിമസഭയിലെപ്പോലെ, സഭാത്മക കൂട്ടായ്മയുടെ പ്രകടനവും ഉണ്ടാകുന്നു. ജറുസലെമിലെ സമൂഹത്തിനുവേണ്ടി നടത്തിയ ധനശേഖരണത്തെപ്പറ്റി വിശുദ്ധ പൗലോസ് തന്‍റെ ലേഖനങ്ങളില്‍ പറയുന്നുണ്ടല്ലൊ (2 കോറി 8-9; റോമാ 15,25-27).
  2. സുവിശേഷ പഠനമനുസരിച്ച് നാം നമ്മള്‍ സ്വന്തമാക്കിയിട്ടുള്ള വസ്തുക്കളുടെ ഉടമസ്ഥരല്ല മറിച്ച് കാര്യസ്ഥര്‍മാത്രമാണ്. ആകയാല്‍ അവ നമ്മുടെ കുത്തുകയായി കരുതാതെ നമ്മുടെ അയല്‍ക്കാര്‍ക്ക് അവിടുത്തെ പരിപാലനയുടെ വിചാരിപ്പുകാരായിത്തീരാ൯ ദൈവം നാമോരുത്തരെയും വിളിക്കുന്ന മാര്‍ഗ്ഗങ്ങളായി പരിഗണിക്കണം. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം നമ്മെ അനുസ്മരിപ്പിക്കുന്നതുപോലെ, വസ്തുക്കളുടെ സാര്‍വ്വത്രികലക്ഷൃ തത്വമനുസരിച്ച് അവ സാമൂഹ്യമാനം പേറുന്നവയാണ്(2404). സ്വന്തമാക്കിയിട്ടുള്ള  ലൗകികസമ്പത്ത് തങ്ങളുടേതുമാത്രമായി കരുതി ഉപയോഗിക്കുന്നവര്‍ക്ക് യേശു സുവിശേഷത്തില്‍ പ്രകടമായ താക്കീതു നല്കുന്നുണ്ട്. സ്വന്തമായി യാതൊന്നുമില്ലാത്ത, വിശപ്പുസഹിക്കുന്ന ജനകോടികളുടെ മുമ്പില്‍ വിശുദ്ധ യോഹന്നാന്‍റെ ഈ വാക്കുകള്‍ നിശിതമായ കുറ്റപ്പെടുത്തലിന്‍റെ സ്വരമായി മാറ്റൊലികൊള്ളുന്നു:"ലൗകികസമ്പത്ത് ഉണ്ടായിരിക്കെ ഒരുവ൯ തന്‍റെ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരെ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?"(1യോഹ 317). ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരായുള്ള രാജ്യങ്ങളില്‍ ലൗകികസമ്പത്ത് പങ്കുവയ്ക്കാനുള്ള ആഹ്വാനം കൂടുതല്‍ അടിയന്തിര സ്വഭാവമാര്‍ജ്ജിക്കുന്നു. കാരണം, ദാരിദ്രവും പരിത്യക്തയുമനുഭവിക്കുന്നവരോട് അവര്‍ക്കുള്ള ഉത്തരവാദിത്വം വളര‍െ വലുതാണ്. അവരെ സഹായിക്കേണ്ടത് ഒരു പരസ്നേഹപ്രവൃത്തി എന്നതിലുപരി നീതിയുടെ ഒരു പ്രവൃത്തിയാണ്.
  3. ക്രിസ്തീയ ധര്‍മ്മദാനത്തിന്‍റെ സവിശേഷമായ സ്വഭാവം സുവിശേഷം ഉയര്‍ത്തിക്കാട്ടുന്നു: അതു രഹസ്യമായിരിക്കണം. യേശു ഇപ്രകാരം പഠിപ്പിക്കുന്നു:"നിന്‍റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. നീ ധര്‍മ്മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കട്ടെ" (മത്താ 6,3-4). "മറ്റുള്ളവരെ കാണിക്കാ൯വേണ്ടി അവരുടെ മുമ്പില്‍വച്ച് സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് സ്വര്‍ഗ്ഗസ്ഥനായ പിതാവിങ്കലുള്ള പ്രതിഫലം നഷ്ടമാക്കാതിരിക്കാനും" യേശു അതിനു തൊട്ടുമുമ്പ് മുന്നറിയിപ്പു നല്കുന്നുണ്ട് (മത്താ 6,1-2). ദൈവത്തിന്‍റെ ഉപരി മഹത്വമായിരിക്കണം ക്രിസ്തുശിഷ്യന്‍റെ ഔത്സുക്യത്തിന്‍റെ വിഷയം. യേശു ഉപദേശിക്കുന്നു: " അപ്രകാരം മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ " (മത്താ 5,16). ആകയാല്‍ നാം ചെയ്യുന്നതെല്ലാം ദൈവമഹത്വത്തിനായിട്ടായിരിക്കണം, അല്ലാതെ നമുക്കു പ്രശംസ കിട്ടാ൯വേണ്ടിയായിരിക്കരുത്. പ്രിയപ്പെട്ട സഹോദര൯മാരേ, സഹോദരികളേ, നമ്മുടെ അയല്‍ക്കാരന് നാം ചെയ്യുന്ന ഏതൊരു പരോപകാരപ്രവൃത്തിയുടെയും പിന്നില്‍ ഈ മനോഭാവമാണ് ഉണ്ടായിരിക്കേണ്ടത്; നമ്മെത്തന്നെ ശ്രദ്ധാകേന്ദ്രമാക്കാനുള്ള തത്രപ്പാട് ഒഴിവാക്കണം. നമ്മുടെ സല്‍ക്കര്‍മ്മങ്ങളുട‍െ ലക്ഷൃം ദൈവത്തിന്‍റെ മഹത്വവും സഹോദരീസഹോദര൯മാരുടെ യഥാര്‍ത്ഥ ന൯മയുമല്ലാതെ വ്യക്തിതാല്പര്യങ്ങളും കേവലം കൈയ്യടിതേടലുമെങ്കില്‍ നാം നമ്മെത്തന്നെ സുവിശേ‍ഷ വീക്ഷണത്തിന് പുറത്താക്കുകയാണ് ചെയ്യുന്നത്. പ്രതിഛായകളുടേതായ ഇന്നത്തെ ലോകത്തില്‍ അനുഭവപ്പെടുന്ന പ്രലോഭനങ്ങള്‍ അതിശക്തങ്ങളാകയാല്‍ അതീവജാഗ്രത ആവശ്യകമായിരിക്കുന്നു. സുവിശേഷാനുസാരമുള്ള ധര്‍മ്മദാനം വെറും പരോപകാരതല്പരതയല്ല പ്രത്യുത സ്നേഹത്തിന്‍റെ സമൂര്‍ത്തമായ പ്രകടനവും, കുരിശില്‍ മരിച്ചുകൊണ്ട് തന്നെ സ്വയം പൂര്‍ണ്ണമായി നമുക്കായി നല്കിയ യേശു ക്രിസ്തുവിനെ അനുകരിച്ചുകൊണ്ട് ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിലേക്കുള്ള ആന്തരിക പരിവര്‍ത്തനം ആവശ്യപ്പെടുന്ന ഒരു ദൈവിക പുണ്യവുമാണ്. നിശബ്ദരായി, വാര്‍ത്താമാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ, ഈ അരൂപിയോടെ വിവിധ വിഷമസന്ധികളിലായിരിക്കുന്ന തങ്ങളുടെ അയല്‍ക്കാരെ സഹായിക്കുന്നതിന് ഔദാര്യപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന അസംഖ്യമാളുകള്‍ക്കുവേണ്ടി ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കാതിരിക്കാ൯ നമുക്കാവുമോ? സ്വന്തമായിട്ടുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഹൃദയത്തെ     പൊങ്ങച്ചനിര്‍ഭരമാക്കുകയാണ് ചെയ്യുന്നതെങ്കില്‍ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആകയാല്‍, ദൈവം " രഹസ്യത്തില്‍ കാണുന്നുവെന്നും " രഹസ്യമായി പ്രതിഫലം നല്കുമെന്നും അറിയുന്ന വ്യക്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരിക്കലും മനുഷ്യന്‍റെ അംഗീകാരം തേടുകയില്ല.
  4. ധര്‍മ്മദാനത്തെക്കുറിച്ച്, കൂടുതല്‍ആഴമായ, അതിന്‍റെ കേവലം ഭൗതികമായ മാനത്തെ ഉല്ലംഘിക്കുന്ന, ഒരു വിചിന്തനത്തിന് നമ്മെ ക്ഷണിച്ചുകൊണ്ട് "കൊടുക്കുന്നതാണ് സ്വീകരിക്കുന്നതിനെക്കാള്‍ ശ്രേയസ്ക്കരം" എന്ന് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു (അപ്പ 20,35). സ്നേഹത്താല്‍ ഉത്തേജിതരായി നാം പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ അസ്തിത്വത്തെ സംബന്ധിച്ച സത്യംതന്നെ ആവിഷ്ക്കരിക്കുയാണ് ചെയ്യുന്നത്. നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, വാസ്തവത്തില്‍, നമുക്കുവേണ്ടിയല്ല, മറിച്ച് ദൈവത്തിനും നമ്മുടെ സഹോദരീസഹോദര൯മാര്‍ക്കും വേണ്ടിയാണ് ( 2കോറി 5,15). ദൈവസ്നേഹത്താല്‍ പ്രേരിതരായി നാം നമുക്കു സ്വന്തമായവ ആവശ്യക്കാരായ നമ്മുടെ സഹോദരങ്ങളുമായി പങ്കുവയ്ക്കുന്ന ഓരോ തവണയും, ജീവിതപൂര്‍ണ്ണത കൈവരുന്നത് സ്നേഹത്തില്‍നിന്നാണെന്നും, നാം കൊടുക്കുന്നവയെല്ലാം ശാന്തി, ആന്തരികസംതൃപ്തി, ആനന്ദം എന്നിവയുടെ രൂപത്തില്‍ അനുഗ്രഹമായി നമുക്കു തിരികെ ലഭിക്കുമെന്നും കണ്ടെത്തുന്നു. നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവിടുത്തെ ആഹ്ളാദം നമ്മുടെ ദാനധര്‍മ്മത്തിന് പ്രതിഫലമായി നല്കുന്നു. കൂടാതെ, വിശുദ്ധ പത്രോസ് ധര്‍മ്മദാനത്തിന്‍റെ ആദ്ധ്യാത്മിക ഫലങ്ങളില്‍ പാപങ്ങളുട‍െ മോചനവും ഉള്‍പ്പെടുത്തുന്നു. " സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു " എന്നെഴുന്നു അദ്ദേഹം (1 പത്രോ 4,8). നോമ്പുകാല ആരാധനക്രമം ആവര്‍ത്തിച്ചനുസ്മരിപ്പിക്കുന്നതുപോലെ, ദൈവം പാപികളായ നമുക്ക് മോചനം പ്രാപിക്കുന്നതിനുള്ള സാധ്യത ഒരുക്കുന്നു. നമുക്കുള്ളവ ദരിദ്രരുമായി പങ്കുവയ്ക്കുന്നത് ആ ദാനം സ്വീകരിക്കാ൯ നമ്മെ യോഗ്യരാക്കുന്നു. തങ്ങളുടെ പാപഭാരം പേറുന്നവരും അക്കാരണത്താല്‍ ദൈവത്തില്‍നിന്ന് അകന്നിരിക്കുകയും അവിടുത്തെ പക്കലേക്ക് മടങ്ങിവരാ൯ ഭയപ്പെടുകയും അതിന് കഴിവില്ലത്തവരായിസ്വയം അനുഭവപ്പെടുന്നവര‍െപ്പറ്റി ഇത്തരുണത്തില്‍ ഞാ൯ ചിന്തിക്കുന്നു. ദാനധര്‍മ്മത്തിലൂടെ നാം സഹജീവികളോടടുക്കുന്നതിലൂടെ ദൈവത്തോടുമടുക്കുന്നു; യഥാര്‍ത്ഥ മാനസാന്തരത്തിനും ദൈവത്തോടും നമ്മുടെ സഹോദരങ്ങളോടുമുള്ള അനുരഞ്ജനത്തിനും ഒരുപാധിയായിത്തീരാ൯ കഴിയുറ്റതാണ് ധര്‍മ്മദാനം.
  5. ദാനധര്‍മ്മം നമ്മെ സ്നേഹത്തിന്‍റെ ഔദാര്യം പഠിപ്പിക്കുന്നു. പുണ്യവാനായ ജോസഫ് ബനഡിക്ട് കൊത്തൊലേംഗൊ പ്രസ്പഷ്ടമായി ഉപദേശിക്കുന്നു: "നിങ്ങള്‍ ഭിക്ഷയായി കൊടുക്കുന്ന നാണയങ്ങള്‍ ഒരിക്കലും എണ്ണിത്തിട്ടപ്പെടുത്തരുത്, കാരണം, എന്‍റെ അഭിപ്രായത്തില്‍, ഭിക്ഷകൊടുക്കുമ്പോള്‍ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെങ്കില്‍, വലതുകൈ ചെയ്യുന്നത് അതുതന്നെയും അറിയാ൯പാടില്ല". ദേവാലയ ഭണ്ഡാരത്തില്‍, തന്‍റെ ദാരിദ്രത്തില്‍നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, "തന്‍റെ ഉപജീവനത്തിനുള്ള വക മുഴുവനും" (മര്‍ക്കോ 12,44) നിക്ഷേപിച്ച സുവിശേഷത്തിലെ വിധവ ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയയാകുന്നു. അവളുടെ ഏറ്റവും വിലകുറഞ്ഞ ആ ചെമ്പുനാണയങ്ങള്‍ വാചാലമായ ഒരു പ്രതീകമായിത്തീരുന്നു. അവള്‍ തന്‍റെ സമൃദ്ധിയില്‍നിന്ന്, തനിക്കുള്ളതില്‍ ഒരു ഭാഗം, അല്ല ദൈവത്തിനു നല്കിയത്. മറിച്ച് അവള്‍ ആയിരിക്കുന്നത്, അവളുടെ അസ്തിത്വം മുഴുവനും ആണ്. വികാരനിര്‍ഭരമായ ഈ സുവിശേഷകഥ യേശുവിന്‍റെ പീഢാനുഭവത്തിന്‍റെയും മരണത്തിന്‍റെയും വിവരണത്തിന് തൊട്ടുമുമ്പാണ് കൊടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  യേശു ക്രിസ്തു, വിശുദ്ധ പൗലോസിന്‍റെ വാക്കുകളില്‍, തന്‍റെ ദാരിദ്രത്താല്‍ നമ്മെ സമ്പന്നരാക്കാ൯ സമ്പന്നനായിരുന്നിട്ടും ദരിദ്രനായി തന്നെ പൂര്‍ണ്ണമായി നമുക്കായി നല്കിയവനാണ്. ദാനധര്‍മ്മത്തിലൂടെയും അവിടുത്തെ മാതൃക അനുകരിക്കാ൯ നോമ്പുകാലം നമ്മെ പ്രചോദിപ്പിക്കുന്നു. നാമോരോരുത്തരുടെയും ജീവിതവും പൂര്‍ണ്ണദാനമായി നല്കുന്നതിന് അവിടുത്തെ വിദ്യാലയത്തില്‍ നമുക്ക് അഭ്യസിക്കാം. അപ്പോള്‍ നമുക്കുള്ളവയുടെ ഒരുഭാഗം നല്കുന്നതിനല്ല, മറിച്ച്, നമ്മെത്തന്നെ നല്കുന്നതിന് നാം പ്രാപ്തരായിത്തീരും. സുവിശേഷംമുഴുവ൯, ഒരു പക്ഷേ, സ്നേഹത്തിന്‍റെ ഏക കല്പനയില്‍ സംഗ്രഹിക്കാനാവില്ലേ? നോമ്പുകാലത്തെ ദാനധര്‍മ്മം, ഇപ്രകാരം, നമ്മുടെ ക്രിസ്തീയവിളി ആഴപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിത്തീരുന്നു. സൗജന്യമായി സ്വയം നല്കുന്നതിലൂടെ സ്നേഹമാണ്, അല്ലാതെ ലൗകിക സമ്പത്തല്ല തന്‍റെ അസ്തിത്വത്തിന്‍റെ നിയമങ്ങള്‍ നിര്‍ണ്ണയിക്കുന്നതെന്ന് ക്രിസ്ത്യാനി സാക്ഷൃപ്പെടുത്തുന്നു. ആകയാല്‍ സ്നേഹമാണ് ധര്‍മ്മദാനത്തിന് മൂല്യംപകരുന്നത്. അത്, ഓരോവ്യക്തിയുടെയും സാധ്യതകളും സ്ഥിതിയുമനുസരിച്ച് ഭിന്ന രൂപഭാവങ്ങളിലുള്ള കൊടുക്കലിന് ഉത്തേജിപ്പിക്കുന്നു.
  6. പ്രിയപ്പെട്ട സഹോദര൯മാരേ, സഹോദരികളേ, തപസ്സുകാലം സ്നേഹത്തില്‍ വളരുന്നതിനും ദരിദ്രരില്‍ ക്രിസ്തുവിനെത്തന്നെ തിരിച്ചറിയുന്നതിനും ദാനധര്‍മ്മത്തിലൂടെയും നമ്മ‍െത്തന്നെ ആദ്ധ്യാത്മികമായി പരിശിലിപ്പിക്കാ൯ നമ്മെ ക്ഷണിക്കുന്നു. ദേവാലയ കവാടത്തിങ്കലിരുന്ന് ഭിക്ഷയാചിച്ചിരുന്ന മുടന്തനോട്, "സ്വര്‍ണ്ണമോ വെള്ളിയോ എന്‍റെ കൈയിലില്ല, എനിക്കുള്ളത് ഞാ൯ നിനക്കുതരുന്നു, കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക" എന്ന് വിശുദ്ധ പത്രോസു പറഞ്ഞത് അപ്പസ്തോല൯മാരുടെ പ്രവര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു (3,6). ആരുടെ നാമത്തിലാണോ യഥാര്‍ത്ഥ ജീവ൯ കണ്ടെത്തുന്നത്, ആ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിലൂടെയും അവിടുത്തേക്ക് സാ‍‍ക്ഷൃം വഹിക്കുന്നതിലൂടെയും മറ്റുള്ളവര്‍ക്ക് നാം നല്കുന്ന മഹാദാനത്തിന്‍റെ ചിഹ്നമായി ഭൗതികമായ എന്തെങ്കിലും ദാനധര്‍മ്മത്തില്‍ നാം നല്കുന്നു. ആകയാല്‍, അവിടുത്തെ സ്നേഹത്തിന് സാക്ഷികളായിത്തീരുന്നതിന് അവിടുത്തെ ഉപസ്ഥായകര്‍ ആയിരിക്കുന്നതിനുള്ള വ്യക്തിപരവും സമൂഹമെന്നനിലയിലുമുള്ള പരിശ്രമങ്ങളാല്‍ മുദ്രിതമായിരിക്കട്ടെ ഈ നോമ്പുകാലം. ആത്മാവില്‍ നവീകരിക്കപ്പെട്ടവരായി തിരുവുത്ഥാനത്തിരുനാളാഘോഷങ്ങളില്‍ പങ്കുകൊള്ളാന്‍ കഴിയുമാറ് പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നീ ആയുധങ്ങള്‍ ധരിച്ച് നോമ്പുകാല "ആദ്ധ്യാത്മിക സമര" ത്തില്‍ പ്രവേശിക്കുന്നതിന് വിശ്വാസികളെ കര്‍ത്താവിന്‍റെ അമ്മയും വിശ്വസ്ത ദാസിയുമായ പരിശുദ്ധ മറിയം സഹായിക്കുമാറാകട്ടേ! ഈ ആശംസകളോടെ എന്‍റെ അപ്പസ്തോലികാശീര്‍വാദം ഞാ൯ ഏവര്‍ക്കും നല്കുന്നു.                

  ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.

 








All the contents on this site are copyrighted ©.