2008-01-17 11:42:49

"ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍" ( 1 തെസ. 5,17 )

 


സഭകളുടെ ഐക്യത്തിനായി അനുവര്‍ഷം ജനുവരി 18 മുതല്‍ 25 വരെ ക്രൈസ്തവര്‍ ആചരിക്കുന്ന പ്രാര്‍ത്ഥനാവാരത്തിന് ഇക്കൊല്ലം " ഇടവിടാതെ പ്രാര്‍ത്ഥിക്കുവി൯ " എന്ന പൊതു വിചിന്തന പ്രമേയം സ്വീകരിച്ചിരിക്കുന്നു. വിശുദ്ധ പൗലോസ് തെസലോനിക്കാക്കാര്‍ക്ക് എഴുതിയ ഒന്നാംലേഖനം അഞ്ചാമദ്ധ്യായത്തിലെ പതിനേഴാം വാക്യമാണിത്. സഭൈക്യപ്രാര്‍ത്ഥനാവാരത്തിലെ ഓരോ ദിവസത്തേക്കും പ്രത്യേകമായ ഓരോ വിചിന്തന പ്രമേയവും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു:

18 വെള്ളി: " ഇടവിടാതെ പ്രാര്‍ത്ഥിക്കുവി൯ " ( 1 തെസ. 5,17 )

19 ശനി: " എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവി൯ " ( 1 തെസ. 5,18 )

20 ഞായര്‍: " അലസര‍െ ശാസിക്കുവി൯; ഭീരുക്കളെ ധൈര്യപ്പെടുത്തുവി൯; ദുര്‍ബ്ബലരെ സഹായിക്കുവി൯ " ( 1 തെസ. 5,14 )

21 തിങ്കള്‍: " ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവി൯ " ( 1 തെസ. 5,15 )

22 ചൊവ്വ: " എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വ്വം പെരുമാറുവി൯ " ( 1 തെസ. 5,14 )

23 ബുധ൯: " എപ്പോഴും സന്തോഷത്തോടെയിരിക്കുവി൯ "  ( 1 തെസ. 5,16 )

24 വ്യാഴം: " ......................... ദുര്‍ബ്ബലരെ സഹായിക്കുവി൯ " ( 1 തെസ. 5,14 )

25 വെള്ളി: " നിങ്ങള്‍ സമാധാനത്തില്‍ കഴിയുവി൯ " ( 1 തെസ. 5,14 )

ക്രൈസ്തവരുടെ ഐക്യത്തിനായുള്ള അഷ്ടദിനപ്രാത്ഥന ആരംഭിച്ചിട്ട് നൂറു വര്‍ഷം പൂര്‍ത്തിയാകുന്ന ഇക്കൊല്ലം സഭൈക്യപ്രാര്‍ത്ഥനാവാരം അതുല പ്രാധാന്യം കൈവരിക്കുന്നുവെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ ജനുവരി 16 ബുധനാഴ്ചത്തെ പൊതുദര്‍ശന പ്രഭാഷണത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തേക്ക് സ്വീകരിച്ചിരിക്കുന്ന " ഇടവിടാതെ പ്രാര്‍ത്ഥിക്കുവി൯ " എന്ന വിശുദ്ധ പൗലോസിന്‍റെ ക്ഷണം തന്‍റേതാക്കിക്കൊണ്ട് സാര്‍വ്വത്രിക സഭയ്ക്ക് താ൯ നല്കുന്നുവെന്ന് പാപ്പാ അറിയിച്ചു. " കര്‍ത്താവിന്‍റെ സര്‍വ്വ ശിഷ്യരുടെയും ഐക്യം എന്ന മഹാദാനം ദൈവത്തോട് നിരന്തരം അപേക്ഷിച്ചുകൊണ്ട് ഇടവിടാതെ നാം പ്രാര്‍ത്ഥിക്കേണ്ടത് തികച്ചും ആവശ്യകമാണ്. യേശുവാണ് ലോകത്തിന്‍റെ ഏക രക്ഷക൯ എന്ന് ഏകസ്വരത്തില്‍ ഏറ്റുപറയാ൯ കഴിയേണ്ടതിന് ഐക്യാന്വേഷണത്തിന് ആത്മാര്‍ത്ഥമായി പ്രതിജ്ഞാബദ്ധരാകാ൯ പരിശുദ്ധാത്മാവിന്‍റെ അനന്തമായ ശക്തി എല്ലാ ക്രിസ്ത്യാനികളെയും ഉത്തേജിപ്പിക്കട്ടെ", ബനഡിക്ട് പതിനാറാമ൯ പാപ്പാ കൂട്ടിച്ചേര്‍ത്തു.

 








All the contents on this site are copyrighted ©.