2007-02-12 11:11:24

പതിനഞ്ചാം ലോക രോഗീദിനം പ്രമാണിച്ച് പതിനാറാം ബനഡിക്ട് മാര്‍പാപ്പ നല്കുന്ന സന്ദേശം.


പ്രിയ സഹോദര൯മാരേ, സഹോദരികളേ,

2007 ഫെബ്രുവരി 11-ന് സഭ ലൂര്‍ദ്ദ് നാഥയുടെ അനുസ്മരണത്തിരുനാള്‍ ആഘോഷിക്കുമ്പോള്‍ പതിനഞ്ചാം ലോക രോഗീദിനവും ആചരിക്കുന്നു.  ദക്ഷിണ കൊറിയയിലെ സോളിലാണ് സാര്‍വ്വത്രിക സഭാതലത്തിലുള്ള ആചരണം ഇക്കൊല്ലം നടക്കുന്നത്.  ................ സഭാമാതാവ് ഒരിക്കല്‍കൂടി സഹനങ്ങള്‍ക്ക് വിധേയരായിരിക്കുന്നവരുടെനേര്‍ക്ക് അവളുടെ ദൃഷ്ടികള്‍ തിരിക്കുകയും മാറാരോഗമുള്ളവരിലേക്കും അവരുടെ കുടുംബങ്ങളിലേക്കും ലോക ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.  മാറാവ്യാധിയുള്ളവരില്‍ അനേകര്‍ മരണാസന്നരുമാണ്.  മാറാരോഗമുള്ളവരും മരണാസന്നരും എല്ലാ ഭൂഖണ്ഡങ്ങളിലും, വിശിഷ്യ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും കൊടും ദുഃഖദുരിതങ്ങള്‍ വിതയ്ക്കുന്നവയില്‍,

കാണപ്പെടുന്നു.  നമ്മുടെ ലോകത്തില്‍ മാറാരോഗങ്ങള്‍ ബാധിച്ചിരിക്കുന്നവരുടെ ഭാഗധേയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനും അവരോട് ദൈവത്തിനുള്ള കരുണാനുകമ്പകള്‍ക്ക് സാക്ഷൃംനല്കുന്ന ക്രൈസ്തവസമൂഹങ്ങളുടെ യത്നങ്ങള‍െ പ്രോത്സാഹിപ്പിക്കുന്നതിനും സമ്മേളിക്കുന്നവരോടൊപ്പം, ഈ സഹനങ്ങളെക്കുറിച്ച് തികഞ്ഞ അവബോധം പുലര്‍ത്തുന്ന ഞാ൯, ആത്മീയമായി ഉണ്ടായിരിക്കും.

 

രോഗം അനിവാര്യമായും അതിനോടൊപ്പം സംഘര്‍ഷത്തിന്‍റെയും ഒപ്പം ഒരുവന്‍റെ വ്യക്തിപരമായ അവസ്ഥയെ സമചിത്തതയോടെ അഭിമുഖീകരിക്കുന്നതിനും ഉള്ള ഒരു സന്ദര്‍ഭം സൃഷ്ടിക്കുന്നു.

വൈദ്യശാസ്ത്രങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതികള്‍  ഈ വെല്ലുവിളി, കുറഞ്ഞപക്ഷം അതിന്‍റെ ശാരീരിക വശങ്ങളിലെങ്കിലും, അഭിമുഖീകരിക്കുന്നതിന് ആവശ്യമായ ഉപാധികള്‍ പ്രായേണ വച്ചുനീട്ടുന്നു,  എന്നിരിക്കിലും മനുഷ്യ ജീവിതത്തിന് സഹജമായ പരിമിതികളുണ്ട്.  ഭാവിയിലെന്നെങ്കിലും അത് മരണത്തില്‍ അവസാനിക്കണം.  ഓരോ മനുഷ്യവ്ക്തിയും വിളിക്കപ്പെട്ടിരിക്കുന്നതും അവ൯ അഥവാ അവള്‍ അതിനായി ഒരുങ്ങേണ്ടതുമായ ഒരനുഭവമാണത്.  ശാസ്ത്രം വ൯ പുരോഗതി കൈവരിച്ചിരിക്കുമ്പോഴും എല്ലാരോഗവും ചികിത്സിച്ച് സുഖപ്പെടുത്താ൯ സാധിക്കുന്നില്ല.  ആകയാല്‍ ലോകത്തങ്ങോളമിങ്ങോളം ആശുപത്രികളിലും, ആസന്നമരണരെ

ശുശ്രൂഷിക്കുന്ന ആരോഗ്യകേന്ദ്രങ്ങളിലും, ഭവനങ്ങളിലും മാറാരോഗമുള്ളവരും മരണാസന്നരരുമായ നമ്മുടെ നിരവധി സഹോദരീസഹോദര൯മാരുടെ സഹനം നാം കാണുന്നു,  കൂടാതെ ജനകോടികള്‍ നമ്മുടെ ലോകത്തില്‍ ഇന്നും അനാരോഗ്യ സാഹചര്യങ്ങളില്‍ ജീവിക്കുകയും അവശ്യാവശ്യ, ഏറ്റവും അടിസ്ഥാനപരമായ, വൈദ്യസഹായങ്ങള്‍ പോലും, ലഭിക്കാതെ വലയുകയും ചെയ്യുന്നു,  ഇവയുടെയൊക്കെ ഫലമായി  "മാറാരോഗമുള്ളവര്‍" ആയി കരുതപ്പെടുന്ന മനുഷ്യ ജീവികളുടെ എണ്ണം ഏറെ വര്‍ദ്ധമാനമായിരിക്കുന്നു.

 

നിരവധി രോഗങ്ങളുടെ കാരണങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാ൯ സഹായിക്കുന്ന നീതിപൂര്‍വ്വകങ്ങളായ സാമൂഹിക നയങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാ൯ ആഹ്വാനം ചെയ്തുകൊണ്ടും, മരിക്കുന്നവര്‍ക്കും ചികിത്സാവിധികള്‍ ഇല്ലാത്ത രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവര്‍ക്കും മ‍െച്ചപ്പെട്ട പരിചരണം നല്കാ൯ ഉത്തേജിപ്പിച്ചുകൊണ്ടും മാറാരോഗമുള്ളവരെയും മരണാസന്നരെയും സഹായിക്കാ൯ സഭ അഭിലഷിക്കുന്നു.  മനുഷ്യജീവികള്‍ക്ക് മാറാവ്യാധികളും മരണവും മാന്യമായ രീതിയില്‍  അഭിമുഖീകരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന നയങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അനുഭവപ്പെടുന്നു.  രോഗികള്‍ക്ക് ആവശ്യമായ മാനുഷിക പരിചരണവും ആദ്ധ്യാത്മിക ശുശ്രൂഷയും അടങ്ങുന്ന സമഗ്ര ആരോഗ്യശ്രദ്ധ സംലഭ്യമാക്കുന്ന ആവരണാത്മക ശുശ്രൂഷാകേന്ദ്രങ്ങളുടെ ( palliative care centres) ആവശ്യം ഇവിടെ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.  ഓരോ മനുഷ്യ ജീവിയ്ക്കുമുള്ളതും പ്രതിരോധിക്കാ൯ നാമേവരും പ്രതിജ്ഞാബദ്ധരാകേണ്ടതുമായ ഒരു അവകാശമാണിത്.

 

മാറാവ്യാധികള്‍ ഗ്രസിച്ചിരിക്കുന്നവരും മരണാസന്നരും, അവരുടെ കുടുംബങ്ങളോടൊപ്പം, പര്യാപ്തവും സ്നേഹപൂര്‍വവുമായ ശ്രദ്ധ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് അനുദിനം യത്നിക്കുന്നവര്‍ക്ക് പ്രോത്സാഹനം പകരുന്നതിന് ഈ സന്ദര്‍ഭം ഞാ൯ ഉപയോഗപ്പെടുത്തുന്നു. 

സഭ, നല്ല സമരിയാക്കാരന്‍റെ മാതൃക അനുകരിച്ചുകൊണ്ട്, രോഗഗ്രസ്തരുടെ കാര്യത്തില്‍ സദാ സവിശേഷ ഔത്സുക്യം പ്രകടിപ്പിക്കുന്നു,  തന്‍റെ തനയരായ സ്വകാര്യ വ്യക്തികളിലൂടെയും തന്‍റെ സ്ഥാപനങ്ങളിലൂടെയും അവള്‍, സഹനവിധേയരുടെയും മരണാസന്നരുടെയും ചാരെ, മനുഷ്യാസ്തിത്വത്തിന്‍റെ ഈ സുപ്രധാനനിമിഷങ്ങളില്‍ അവരുടെ ഔന്നത്യം കാത്തുസൂക്ഷിക്കാ൯ യത്നിച്ചുകൊണ്ട്, നിലയുറപ്പിക്കുന്നു.  അങ്ങനെയുള്ള, ആതുരസേവന വിദഗ്ദ്ധര്‍, അജപാലകര്‍, സന്നദ്ധ സേവകര്‍ തുടങ്ങിയ, അനേകം വ്യക്തികളും, സ്ഥാപനങ്ങളും ലോകവ്യാപകമായി, ആശുപത്രികളിലും, ആവരണാത്മക ശുശ്രൂഷാകേന്ദ്രങ്ങളിലും, ഭവനങ്ങളിലും, നഗരവീഥികളിലും രോഗീപരിചരണത്തില്‍ നിസ്തന്ദ്രം മുഴുകിയിരിക്കുന്നു. 

 

മാറാവ്യാധികളാലും മരണസുനിശ്ചിത രോഗങ്ങളാലും കഷ്ടതയനുഭവിക്കുന്ന എന്‍റെ പ്രിയപ്പെട്ട സഹോദരന്‍മാരേ, സഹോദരികളേ, ഇനി ഞാ൯ നിങ്ങളുടെ നേര്‍ക്ക് തിരിയുന്നു.  കുരിശില്‍ തറയ്ക്കപ്പെട്ട ക്രിസ്തുവിന്‍റെ പീഡകളെക്കുറിച്ചു ധ്യാനിക്കാനും അവിടുത്തോട് ഐക്യപ്പെട്ട് പിതാവായ ദൈവത്തിങ്കലേക്ക്, എല്ലാ ജീവനും, വിശിഷ്യ നിങ്ങളുടെ ജീവ൯ അവിടുത്തെ കരങ്ങളിലാണ് എന്ന ഉത്തമ വിശ്വാസത്തോടെ, തിരിയാനും ഞാ൯ നിങ്ങളെ ഉപദേശിക്കുന്നു,  ക്രിസ്തുവിന്‍റെ സഹനങ്ങളോട് ഐക്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ വേദനകള്‍ സഭയുടെയും ലോകത്തിന്‍റയും ആവശ്യങ്ങള്‍ക്ക് വളരെ വിലപ്പെട്ടവയായിത്തീരുമെന്ന് വിശ്വസിക്കുക.  അവിടുത്തെ സ്നേഹത്തിലുള്ള നിങ്ങളുടെ വിശ്വാസം, പ്രത്യേകമായി പരീക്ഷണത്തിന്‍റേതായ ഈ സന്ദര്‍ഭത്തില്‍, ശക്തിപ്പെടുത്താ൯ ഞാ൯ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.  നിങ്ങള്‍ എവിടെയായിരുന്നാലുംശരി, നിങ്ങളുടെ വിശ്വാസം പരിപോഷിപ്പിക്കുന്നതിനും ജീവന്‍റെ പിതാവിങ്കലേക്ക് നിങ്ങള‍െ അടുപ്പിക്കുന്നതിനും ആവശ്യമായ ആദ്ധ്യാത്മികമായ ഉത്തേജനവും  ബലവും നിങ്ങള്‍ സദാ കണ്ടെത്തുമെന്നാണ് എന്‍റെ പ്രതീക്ഷ. നിങ്ങളുടെ ആവശ്യ മണിക്കൂറില്‍ നിങ്ങളെ സഹായിക്കുന്നതിനും അങ്ങനെ സഹിക്കുന്നവരോടുള്ള ക്രിസ്തുവിന്‍റെതന്നെ സ്നേഹമസൃണ കരുണ സന്നിഹിതമാക്കുന്നതിനും, തന്‍റെ പുരോഹിതരിലൂടെയും അജപാലന പ്രവര്‍ത്തകരിലൂടെയും നിങ്ങളെ ശുശ്രൂഷിക്കാനും നിങ്ങളുടെ ചാരെ ആയിരിക്കാനും സഭ അഭിലഷിക്കുന്നു, 

 

ഉപസംഹാരമായി, നമ്മുടെ പിതാവായ ദൈവത്തിന്‍റെ സ്നേഹനിര്‍ഭര ഔത്സുക്യത്തിന്, ഫലപ്രദമായ സാക്ഷൃംവഹിക്കുന്നത്, രോഗികളുടെ സ്വസ്ഥതയായ മറിയത്തിന്‍റെ സഹായത്തോടെ, തുടരാ൯ സഭാത്മക സമൂഹങ്ങളോട്, വിശിഷ്യ ആതുരസേവനത്തിന് സമര്‍പ്പിതങ്ങളായവയോട്, ഞാ൯ അഭ്യര്‍ത്ഥിക്കുന്നു. 

നമ്മുടെ അമ്മയായ പരിശുദ്ധ മറിയം രോഗഗ്രസ്തരെ സമാശ്വസിപ്പിക്കുകയും സഹിക്കുന്നവരുടെ ശാരീരികവും ആദ്ധ്യാത്മികവുമായ മുറിവുകള്‍ സുഖപ്പെടുത്തുന്നതിന്, നല്ല സമരിയാക്കാരനെപ്പോലെ തങ്ങളുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നവരെ താങ്ങുകയും ചെയ്യട്ടെ. 

 

നിങ്ങള്‍ ഓരോരുത്തരോടും ചിന്തയിലും പ്രാര്‍ത്ഥനയിലും ഐക്യപ്പെട്ട്, കര്‍ത്താവിലുള്ള ശക്തിയുടെയും സമാധാനത്തിന്‍റെയു അച്ചാരമായി എന്‍റെ അപ്പസ്തോലികാശീര്‍വാദം ഞാ൯ ഹൃദയപൂര്‍വം നല്കുന്നു.

 

വത്തിക്കാനില്‍നിന്ന്, 8 ഡിസംബര്‍ 2006.

        

                                             ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ.

 

 

     ---------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.