2006-12-30 17:53:14

സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന നടപടി പരിതാപകരമെന്ന് പരിശുദ്ധ സിംഹാസനം.


ഇറാക്കിന്‍റെ മു൯ പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍റെ വധശിക്ഷ നടപ്പാക്കിയത് പരിതാപകരവും ശോചനീയവുമായ ഒരു നടപടിയാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവും വത്തിക്കാ൯ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഈശോസഭാവൈദിക൯ ഫെദറിക്കൊ ലൊംബാര്‍ദി അപലപിച്ചു.  കൊടും പാതകങ്ങള്‍ ചെയ്തിരുന്നാല്‍ത്തന്നെയും ഒരാള്‍ക്ക് വധശിക്ഷ നല്കുന്നത് ന്യായീകരിക്കാനാവില്ലയെന്ന് അദ്ദേഹം പറഞ്ഞു. 

സദാം ഹുസൈനെ തൂക്കിലേറ്റിക്കൊണ്ടല്ല ഇറാക്കി സമൂഹത്തില്‍ നീതി നടപ്പാക്ക‍േണ്ടതെന്നും, അദ്ദേഹത്തിന്‍റെ വധം പ്രതികാരാഗ്നി ആളിപ്പടര്‍ത്തുകയും പുതിയ ആക്രമണങ്ങളുടെ വിത്തുകള്‍ വിതയ്ക്കുകയും ചെയ്യുകയേയുള്ളുവെന്നും വത്തിക്കാന്‍റെ വക്താവ് അഭിപ്രായപ്പെട്ടു. 

ഇറാക്കിലെ ഇന്നത്തെ നാടകീയമായ സ്ഥിതിവിശേഷത്തില്‍നിന്ന് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സരണികള്‍ തുറക്കപ്പെടുന്നതിന് സാധ്യമായതെല്ലാം രാഷ്ട്രാധികാരികളും ജനനേതാക്കളും ചെയ്യുമെന്ന് ഫാദര്‍ ലൊംബാര്‍ദി പ്രതീക്ഷ പ്രകടിപ്പിച്ചു.

സദാം ഹുസൈന്‍റെ വധശിക്ഷ നടപ്പാക്കുകയില്ലെന്ന് അവസാന നിമിഷംവരെയും താ൯ പ്രതീക്ഷിച്ചിരുന്നെന്നും, എന്നാല്‍ അത് നടപ്പാക്കിയ പശ്ചാത്തലത്തില്‍ ആഭ്യന്തര സംഘര്‍ഷത്തിലുഴലുന്ന ഇറാക്കിന്‍റെ അവസ്ഥ ഇനി കൂടുതല്‍ ഭയാനകമാകില്ലയെന്ന് പ്രതീക്ഷിക്കുന്നുവെന്നും നീതിയ്ക്കും സമാധാനത്തിനുംവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെനാത്തൊ മര്‍ത്തീനൊ പ്രസ്താവിച്ചു, 

വധശിക്ഷയെ, ആ ശിക്ഷ സമൂഹത്തെ സംബന്ധിച്ചിടത്തോളം നിയമസാധുത്വമുള്ള സ്വയംരക്ഷാമാര്‍ഗ്ഗമായി കാണപ്പെടുമ്പോഴും, എതിര്‍ക്കുന്ന പൊതുജനാഭിപ്രായം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുകയാണെന്നും, കുറ്റവാളികള്‍ക്ക് നന്നാകാനുള്ള അവസരം ആത്യന്തികമായി നിഷേധിക്കാതെ അവരെ നിരുപദ്രവകാരികളാക്കിക്കൊണ്ട് കുറ്റത്തെ ഫലപ്രദമായി അമര്‍ച്ചചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ ആധുനിക സമൂഹത്തിന് യഥാര്‍ത്ഥത്തിലുണ്ടെന്നും ജോണ്‍ പോള്‍ രണ്ടാമ൯ മാര്‍പാപ്പയുടെ "ജീവന്‍റ‍െ സുവിശേഷം" എന്ന ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ മര്‍ത്തീനൊ ചൂണ്ടിക്കാട്ടി.

 








All the contents on this site are copyrighted ©.