2006-10-19 15:23:25

ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പ മിഷ൯ ഞായറിന് നല്കുന്ന സന്ദേശം


                     "സ്നേഹം, മിഷനറി പ്രവര്‍ത്തനത്തിന്‍റെ ജീവാത്മാവ്"

 

സാര്‍വ്വത്രിക കത്തോലിക്കാ സഭ ഒക്ടോബര്‍ 22 ഞായറാഴ്ച ആചരിക്കുന്ന ലോകമിഷ്യ൯ദിനത്തിന് മാര്‍പാപ്പ "സ്നേഹം, പ്രേഷിതത്വത്തിന്‍റെ ജീവാത്മാവ്" എന്ന പരിചിന്തന പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നു.  എണ്‍പതാമത്തെതായ, ഇക്കൊല്ലം ആചരിക്കുന്ന, ലോക മിഷ്യ൯ ഞായറിന് പാപ്പാ ബനഡിക്ട് പതിനാറാമ൯ നല്കിയിട്ടുള്ള സന്ദേശത്തിന്‍റെ പരിഭാഷ:

   

            പ്രിയ സഹോദര൯മാരേ, സഹോദരികളേ,

  1. ഒക്ടോബര്‍ 22 ഞായറാഴ്ച നമ്മള്‍ ആചരിക്കാ൯പോകുന്ന ലോക മിഷ൯ദിനം "സ്നേഹം, മിഷന്‍റെ ജീവന്‍" എന്ന വിഷയത്തെക്കുറിച്ച് പരിചിന്തനം ചെയ്യുന്നതിന് അവസരമൊരുക്കുന്നു.  സ്‍നേഹം മിഷന്‍റെ പ്രേരക ശക്തിയാകുന്നില്ലെങ്കില്‍, അതായത് മിഷനറി പ്രവര്‍ത്തനങ്ങള്‍ ആഴമായ ദൈവസ്നേഹത്തില്‍നിന്ന് നിര്‍ഗ്ഗളിക്കുന്നവ അല്ലെങ്കില്‍, അവ കേവലം ഭൂതദയാപരവും സാമൂഹ്യവുമായപ്രവര്‍ത്തനങ്ങളായി തരംതാഴുന്ന അപകടമുണ്ട്.  ദൈവത്തിന് ഓരോ മനുഷ്യ വ്യക്തിയോടുമുള്ള സ്നേഹമാണ്, വാസ്തവത്തില്‍, സുവിശേഷം ജീവിക്കുന്നതിന്‍റെയും പ്രഘോഷിക്കുന്നതിന്‍റെയും മര്‍മ്മമായി നിലകൊള്ളുന്നത്, അത് ശ്രവിക്കുന്നവരെല്ലാം, അവരുടെ ഭാഗത്തുനിന്ന്, അതിന്‍റെ സാക്ഷികളായിത്തീരുകയും ചെയ്യും.  ദൈവത്തിന്‍റെ ലോകത്തിന് ജീവ൯ നല്കുന്ന സ്നേഹം, രക്ഷയുടെ വചനവും നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ കരുണയുടെ പരിപൂര്‍ണ്ണ പ്രതിരൂപവുമായ യേശുവില്‍ നമുക്ക് നല്കപ്പെട്ട സ്നേഹമാണ്.  ആകയാല്‍, രക്ഷയുടെ സന്ദേശം വിശുദ്ധ യോഹന്നാന്‍റെ ഈ വാക്കുകളില്‍ സംഗ്രഹിക്കാം: " തന്‍റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു.  അങ്ങനെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു." ( 1 യോഹ. 4,9 ).  സ്നേഹത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കാനുള്ള ദൗത്യം യേശു അവിടുത്തെ പുനരുത്ഥാനാനന്തരം അപ്പസ്തോല൯മാര്‍ക്ക് നല്കി.  അപ്പസ്തോല൯മാര്‍, പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാരൂപിയുടെ ശക്തിയാല്‍ ആന്തരികമായി രൂപാന്തരപ്പെട്ട്, കര്‍ത്താവിന്‍റെ മരണത്തിനും പുനരുത്ഥാനത്തിനും സാക്ഷൃംവഹിക്കാന്‍ തുടങ്ങി.  അന്നുമുതല്‍ സഭ തുടരുന്ന ആ ദൗത്യം വിശ്വാസികളേവര്‍ക്കും അപരിത്യാജ്യവും സ്ഥിരവുമായ ഒരു കടമയാണ്.
  2. ആകയാല്‍ സ്നേഹമായ ദൈവത്തെ കാണിച്ചുകൊടുക്കാ൯ ഓരോ ക്രിസ്തീയ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നു.  നമ്മുടെ വിശ്വാസത്തിന്‍റെ ഈ മൗലിക രഹസ്യത്തെക്കുറിച്ച് വിചിന്തനം ചെയ്യാ൯ ഞാ൯ അഭിലഷിച്ചു, "ദേവൂസ് കാരിത്താസ് എസ്ത്", ( ദൈവം സ്നേഹമാകുന്നു ) എന്ന ചാക്രിക ലേഖനത്തില്‍.  ദൈവം അവിടുത്തെ സ്നേഹത്താല്‍ സൃഷ്ടി മുഴുവനിലും മാനവ ചരിത്രത്തിലും നിറഞ്ഞുനില്ക്കുന്നു.  ആദിയില്‍ മനുഷ്യ൯ ദൈവത്തിന്‍റെ കരങ്ങളില്‍നിന്ന്, അവിടുത്തെതന്നെ സ്നേഹപൂര്‍വ്വമായ മു൯കൈയെടുക്കലിന്‍റെ ഫലമായി, കടന്നുവന്നു.  പാപം അവനിലെ ദൈവവിക ഛായയ്ക്ക് മങ്ങലേല്പിച്ചു.  സാത്താനാല്‍ വഞ്ചിക്കപ്പെട്ട് നമ്മുടെ ആദിമാതാപിതാക്കള്‍ക്ക്, ആദത്തിനും ഹവ്വക്കും, തങ്ങളുടെ കര്‍ത്താവുമായുള്ള, അവിടുത്തെ ആശ്രയിക്കാമെന്ന ആ വിശ്വാസത്തിന്‍റെ ബന്ധം നഷ്ടപ്പെട്ടു.  ദൈവം അവരുടെ ഒരു പ്രതിയോഗിയാണെന്നും അവരുടെ സ്വാതന്ത്ര്യത്തിന് പരിധി കല്പിക്കാ൯ അവിടുന്ന് ആഗ്രഹിക്കുവെന്നും ബോദ്ധ്യപ്പെടുത്തിയ തിന്മപ്പെട്ടവന്‍റെ പ്രലോഭനത്തിന് അവര്‍ വശംവദരായി.  ഇപ്രകാരം ദൈവത്തിന്‍റെ സൗജന്യ സ്നേഹത്തെക്കാള്‍ തങ്ങളെത്തന്നെ കൂടുതല്‍ അഭിലഷണീയമായി അവര്‍ കാണുകയും അങ്ങനെ തങ്ങളുടെ സ്വതന്ത്ര മനസ്സാക്ഷിക്ക് ഊന്നല്‍ നല്കാമെന്ന് ധരിച്ചുവശാകുകയും ചെയ്തു.  അനന്തരഫലമായി അവര്‍ക്ക് തങ്ങളുടെ ആദിമ ആഹ്ളാദം നഷ്ടമാകുകയും പാപത്തിന്‍റെയും മരണത്തിന്‍റെയും കയ്പും ദുഃഖവും അവര്‍  രുചിച്ചറിയുകയും ചെയ്തു. എങ്കിലും ദൈവം അവരെ കൈവെടിയാതെ അവര്‍ക്കും അവരുടെ അനന്തര തലമുറകള്‍ക്കും രക്ഷ വാഗ്ദാനം ചെയ്തു.  തന്‍റെ ഏക പുത്ര൯, യേശു, ആഗതനാകുമെന്നും കാലപൂര്‍ണ്ണതയില്‍ അവ൯ തന്‍റെ പിതാവിന്‍റെ സ്നേഹം, ഓരോ മനുഷ്യ ജീവിയെയും തിന്മയുടെയും മരണത്തിന്‍റെയും അടിമത്തത്തില്‍നിന്ന് വീണ്ടെടുക്കാ൯ പ്രാപ്തമായ സ്നേഹം, വെളിപ്പെടുത്തുമെന്നും വാഗ്ദാനം ചെയ്തു.  ആകയാല്‍ ക്രിസ്തുവില്‍ നാം അനശ്വര ജീവ൯, പരിശുദ്ധതമ ത്രിത്വത്തിന്‍റെതന്നെ ജീവ൯, സ്വീകരിച്ചു.  നഷ്ടപ്പെട്ട ആടിനെ ഒരിക്കലും ഉപേക്ഷിക്കാത്ത നല്ലിടയനായ ക്രിസ്തുവില്‍, ധൂര്‍ത്തപുത്രനെ ആലിംഗനംചെയ്തു സ്വീകരിക്കാന്‍ സദാ സന്നദ്ധനായ നമ്മുടെ കരുണാനിധിയായ പിതാവായ ദൈവവുമായുള്ള കൂട്ടായ്മ പുനസ്ഥാപിക്കാനുള്ള സാദ്ധ്യത എക്കാലത്തെയും എല്ലാ മനുഷ്യര്‍ക്കും കൈവന്നു.  ആ സ്നേഹത്തിന്‍റെ വിസ്മയകരമായ അടയാളമാണ് കുരിശ്.   "ദൈവം സ്നേഹമാകുന്നു" എന്ന ചാക്രിക ലേഖനത്തില്‍ ഞാന്‍ ഇപ്രകാരം എഴുതി: " കുരിശിലെ അവന്‍റെ മരണം ദൈവം മനുഷ്യനെ ഉയര്‍ത്താനും രക്ഷിക്കാനും വേണ്ടി സ്വയം നല്കാന്‍ തനിക്കെതിരായി നടത്തുന്ന നീക്കത്തിന്‍റെ പരകോടിയാണ്.  സ്നേഹത്തിന്‍റെ ഏറ്റവും മൗലികമായ ഭാവമാണിത്. അവിടെയാണ് ഈ സത്യം മനനം ചെയ്യപ്പെടാ൯ സാധിക്കുന്നത്..  നമ്മുടെ സ്നേഹ നിര്‍വ്വചനം ഇവിടെ ആരംഭിക്കേണ്ടിയിരിക്കുന്നു.  ഈ ധ്യാനത്തില്‍ ക്രൈസ്തവന്‍ തന്‍റെ ജീവിതവും സ്നേഹവും അവശ്യം ചരിക്കേണ്ട പാത കണ്ടെത്തുന്നു." ( 12 ).
  3. തന്‍റെ പീഡാനുഭവത്തിന്‍റെ തലേ രാത്രിയില്‍, പെസഹ ആചരിക്കാ൯ മുകളിലത്തെ മുറിയില്‍ ഒരുമിച്ചുകൂടിയിരുന്ന തന്‍റെ ശിഷ്യ൯മാര്‍ക്ക്, യേശു തന്‍റെ ഒസ്യത്തായി "സ്നേഹത്തിന്‍റെ പുതിയൊരു കല്പന" നല്കി: " ഞാ൯ നിങ്ങളോട് കല്പിക്കുന്നു: പരസ്പരം സ്നേഹിക്കുവി൯." ( യോഹ. 15,17 ).  കര്‍ത്താവ് തന്‍റെ "സ്നേഹിതരില്‍" നിന്നാവശ്യപ്പെടുന്ന ഭാതൃനിര്‍വിശേഷ സ്നേഹത്തിന്‍റെ സ്രോതസ്സ് ദൈവത്തിന്‍റെ പിതൃനിര്‍വിശേഷ സ്നേഹമാണ്. അപ്പസ്തോലനായ യോഹന്നാ൯ " സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്" എന്നെഴുതുന്നു. ( 1യോഹ. 4,7 ).  ആകയാല്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ സ്നേഹിക്കുന്നതിന് നാം ദൈവത്തിലും ദൈവത്താലും ജീവിക്കേണ്ടിയിരിക്കുന്നു: മനുഷ്യന്‍റെ ആദ്യ "വീട്" ദൈവമാണ്, ദൈവത്തില്‍ വസിക്കുന്നവനേ ലോകത്തെ ഉജ്ജ്വലിപ്പിക്കാ൯ കഴിയുന്ന ദൈവിക സ്നേഹത്താല്‍ ജ്വലിക്കുകയുള്ളു.  ഇതല്ലേ സഭയുടെ ദൗത്യം എക്കാലത്തും?  അപ്പോള്‍ ഏതൊരു ക്രിസ്തീയ സമൂഹത്തിന്‍റെയും പ്രഥമ കടമയായ ആ യഥാര്‍ത്ഥ മിഷ്യനറി ഔത്സുക്യം ദൈവിക സ്നേഹത്തോടുള്ള വിശ്വസ്തയോട് ബദ്ധമാണ്.  ഓരോ ക്രിസ്ത്യാനിയ‍െയും, ഓരോ പ്രാദേശിക ക്രൈസ്തവ സമൂഹത്തെയും, ഓരോ വൈയക്തിക സഭയെയും, ദൈവജനം മുഴുവനെയും സംബന്ധിച്ച് ഇത് വാസ്തവമാണ്.  കൃത്യമായി പറഞ്ഞാല്‍, തങ്ങളുടെ ഈ പൊതു ദൗത്യത്തെക്കുറിച്ചുള്ള അവബോധത്താലാണ് ക്രിസ്തുശിഷ്യ൯മാര്‍ ജീവകാരുണ്യപരവും ആദ്ധ്യാത്മികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാ൯ പ്രാപ്തരാകുന്നത്.  നമ്മുടെ പ്രിയങ്കരനായ ജോണ്‍ പോള്‍ രണ്ടാമ൯ റെദെംപ്തോരിസ് മിസിയോ (രക്ഷകന്‍റെ മിഷ൯) എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ എഴുതുന്നതുപോലെ, ഇത് "മിഷ്യനറി പ്രവര്‍ത്തനത്തിന്‍റെ ജീവനാണ്.  സ്നേഹമാണ് ഇന്നും എന്നും മിഷന്‍റെ പ്രേരക ശക്തി. എന്തു ചെയ്യണം, എന്തു ചെയ്തു കൂടാ; ‌എന്തു മാറ്റണം, എന്തു മാറ്റിക്കൂടാ എന്നൊക്കെ തീരുമാനിക്കുന്നതിന്‍റെ മാനദണ്ഡവും ഇതുതന്നെയാണ്.  ഓരോ പ്രവൃത്തിയെയും നയിക്കേണ്ട തത്വവും, ആ പ്രവൃത്തി നയിക്കപ്പെടേണ്ട അന്ത്യലക്ഷൃവും ഇതു തന്നെയാണ്. സ്നേഹോന്മുഖമായോ അല്ലെങ്കില്‍ സ്നേഹപ്രേരിതമായോ പ്രവര്‍ത്തിക്കുമ്പോള്‍ യാതൊന്നും അനുചിതമല്ല എല്ലാം നല്ലതുമാണ്." ( 60 ). മിഷനറികള്‍ ആയിരിക്കുക എന്നാല്‍ തങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക, ആവശ്യമായി വരുന്നപക്ഷം അവിടുത്തേക്കുവേണ്ടി സ്വജീവ൯ ത്യജിക്കാ൯പോലും തയ്യാറാകുക, എന്നാണര്‍ത്ഥം. എത്രയെത്ര വൈദികരും, സന്ന്യാസികളും, സന്ന്യാസിനികളും, അല്മായരും, ദൈവത്തോടുള്ള തങ്ങളുടെ സ്നേഹത്തിന്, നമ്മുടെ ഇക്കാലത്തുപോലും, രക്തസാക്ഷിത്വത്തിലുടെ പരമമായ ആവിഷ്ക്കാരം നല്കിയിരിക്കുന്നു!  മിഷനറികള്‍ ആയിരിക്കുകയെന്നാല്‍, നല്ല സമറിയാക്കാരനെപ്പോലെ, എല്ലാവരുടെയും, വിശിഷ്യാ ദരിദ്രരുടെയും പാവപ്പെട്ടവരുടെയും, ആവശ്യങ്ങളോട് മൂര്‍ത്തമായി പ്രതികരിക്കുക എന്നാണ്.  കാരണം ക്രിസ്തുവിന്‍റെ ഹൃദയത്തോടെ സ്നേഹിക്കുന്ന വ്യക്തി സ്വന്തം താല്പര്യങ്ങള്‍ അന്വേഷിക്കാതെ ദൈവത്തിന്‍റെ മഹത്വവും അയല്‍ക്കാരന്‍റെ നന്മയും മാത്രം തേടുന്നു.  മിഷനറി പ്രവര്‍ത്തനം അതിര്‍ത്തികളും സംസ്കാരങ്ങളും ഉല്ലംഘിച്ച് എല്ലാ ജനതകളുടെയും പക്കല്‍ എത്തുകയും ലോകമെങ്ങും വ്യാപിക്കുകയും ചെയ്യുന്ന അപ്പസ്തോലിക പൂര്‍ണ്ണതയുട‍െ രഹസ്യം ഇതിലാണടങ്ങിയിരിക്കുന്നത്. 
  4. എന്‍റെ പ്രിയ സഹോദര൯മാരേ, സഹോദരികളേ, മിഷന്‍റെ ജീവാത്മാവായ സ്നേഹസാക്ഷൃം എല്ലാവരെയും സംബന്ധിക്കുന്നതാണെന്ന് ഉപരിനന്നായി ഗ്രഹിക്കുന്നതിന് സമുചിതമായ ഒരു സന്ദര്‍ഭമാണ് ലോക മിഷ൯ ദിനം.  യഥാര്‍ത്ഥത്തില്‍, സുവിശ‍േഷത്തെ സേവിക്കുകയെന്നത് ഒരിക്കലും ഒറ്റപ്പെട്ട ഒരു യത്നമായി പരിഗണിക്കാനാവില്ല, മറിച്ച് ഓരോ സമൂഹത്തെയും ബാദ്ധ്യതപ്പെടുത്തുന്ന ഒരു കടമയാണ്.  സുവിശേഷവത്ക്കരണത്തില്‍ മു൯നിരയില്‍ പ്രവര്‍ത്തിക്കുന്നവരോടൊപ്പം ഇവിടെ എല്ലാ മിഷനറികളെയും ഞാ൯ കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു – ഭൂമിയില്‍ ദൈവരാജ്യം പരത്തുന്നതിന് തങ്ങളുടെ പ്രാര്‍ത്ഥനകളാലും നിരവധി മാര്‍ഗ്ഗങ്ങളിലൂടെയുള്ള സഹകരണത്തിലൂടെയും സംഭാവന നല്കുന്ന കുട്ടികളും, യുവജനങ്ങളും, വയോവൃദ്ധരുമായ മറ്റനേകര‍െയുംകുറിച്ചും ചിന്തിക്കുന്നു.  ഈ പങ്കാളിത്തം എല്ലാവരുടെയും സംഭാവനവഴി ഉത്തരോത്തരം വര്‍ദ്ധമാനമാകട്ടെ എന്നതാണ് എന്‍റെ അഭിലാഷം.  ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തോടും, അതുപോലെ പൊന്തിഫിക്കല്‍ മിഷ൯ സൊസൈ‍‍‍‍‍റ്റികളോടും കൃതജ്ഞത പ്രകാശിപ്പിക്കുന്നതിന് ഈ അവസരം ഞാ൯ ഉപയോഗപ്പെടുത്തുന്നു.  അവ മിഷ൯ പ്രവര്‍ത്തനങ്ങളുടെ മു൯നിരയിലെ കര്‍മ്മ പരിപാടികള്‍ക്ക് സംഭാവന നല്കുന്ന ലോക വ്യാപക യത്നങ്ങള്‍  അര്‍പ്പണബുദ്ധിയോടെ ഏകോപിപ്പിക്കുന്നു.

കുരിശി൯ ചുവട്ടിലെ തന്‍റെ സാന്നിദ്ധ്യത്താലും മുകളിലത്തെ മുറിയിലെ തന്‍റെ പ്രാര്‍ത്ഥനകൊണ്ടും സഭാത്മക ദൗത്യത്തിന്‍റെ ആരംഭത്തില്‍ സജീവമായി സഹകരിച്ച പരിശുദ്ധ കന്യകാമറിയം മിഷനറികളുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും, ആദ്ധ്യാത്മികമായി കൊടും ദാഹം അനുഭവപ്പെടുന്ന ഒരു ലോകത്തില്‍ ജീവജലത്തിന്‍റെ ഉറവകളായിത്തീരുന്നതിനുവേണ്ടി യഥാര്‍ത്ഥമായി സ്നേഹിക്കുന്നതിന് പൂര്‍വ്വാധികം പ്രാപ്തരായിത്തീരുന്നതിന് ക്രിസ്തുവിശ്വാസികളെ സഹായിക്കുകയും ചെയ്യട്ടെ.

നിങ്ങള്‍ക്കേവര്‍ക്കും എന്‍റെ ആശീര്‍വാദം നല്കുമ്പോള്‍, ഇതിനായി ഞാ൯ ഹൃദയംഗമമായി അഭിലഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു,

വത്തിക്കാനില്‍നിന്ന് 29 ഏഫ്രില്‍ 2006-ല്‍ നല്കിയത്.

ബനഡിക്ട് പതിനാറാമ൯ പാപ്പാ.

                                        

             ================================ o O o ============================

 








All the contents on this site are copyrighted ©.