2006-09-09 09:59:44

പതിനാറാം ബനഡിക്ട് മാര്‍പാപ്പ ജര്‍മ്മ൯ ട‍െലവിഷ൯ ചാനലുകള്‍ക്കും വത്തിക്കാന്‍ റേഡിയോയിക്കും അനുവദിച്ച മുഖാഭിമുഖം.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ തന്‍റെ ജന്മരാജ്യമായ ജര്‍മ്മനിയില്‍ സെപ്റ്റംബര്‍ 9-മുതല്‍ 14-വരെ തീയിതികളില്‍ അപ്പസ്തോലിക പര്യടനം നടത്തുന്ന പശ്ചാത്തലത്തില്‍ എ.ആര്‍.ഡി., ഇസ്സഡ്.ഡി.എഫ്.  എന്നീ ജര്‍മ്മ൯ ട‍െലവിഷ൯ ചാനലുകള്‍ക്കും, ഡോയിഷ് വെല്ലെ ടെലവിഷ൯ സര്‍വ്വീസിനും, വത്തിക്കാന്‍ റേഡിയോയിക്കും ഓഗസ്റ്റ് അഞ്ചാംതീയതി ശനിയാഴ്ച കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അരമനയില്‍വച്ച് അനുവദിച്ച ജര്‍മ്മ൯ ഭാഷയിലുള്ള അഭിമുഖസംഭാഷണത്തിന്‍റെ പരിഭാഷ വരമൊഴിയില്‍:

 

ചോദ്യം : പരിശുദ്ധ പിതാവേ, സെപ്റ്റംബറില്‍ അങ്ങ് ജര്‍മ്മനി, കൃത്യമായി പറഞ്ഞാല്‍ ബവേറിയ, സന്ദര്‍ശിക്കുമല്ലൊ.  അതിനായുള്ള ഒരുക്കങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ അങ്ങയുട‍െ സഹപ്രവര്‍ത്തകര്‍, മാര്‍പാപ്പ തന്‍റെ ജന്മനാടിനെക്കുറിച്ച് ഗൃഹാതുരനാണെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന. അങ്ങ് ജര്‍മ്മനിയില്‍ പര്യടനം നടത്തുമ്പോള്‍ ഏതൊക്കെ വിഷയങ്ങളെക്കുറിച്ചായിരിക്കും പ്രതിപാദിക്കുന്നത്? ജന്മദേശം എന്ന ആശയം അങ്ങ് പ്രത്യേകം പരാമര്‍ശിക്കാ൯ ഉദ്ദേശിക്കുന്ന മൂല്യങ്ങളിലൊന്നാണോ?

പാപ്പാ ബനഡിക്ട് പതിനാറാമ൯തീര്‍ച്ചയായും.  എന്‍റെ ഈ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം ഞാ൯ വളര്‍ന്ന സ്ഥലങ്ങളും എന്‍റെ ജീവിതത്തെ സ്പര്‍ശിച്ചവരും രൂപപ്പെടുത്തിയവരുമായ ആളുകളെയും വീണ്ടും കാണുകയെന്നതാണ്.  ആ വ്യക്തികളോട് നന്ദി പ്രകാശിപ്പിക്കാ൯ ഞാ൯ അഭിലഷിക്കുന്നു.  സ്വാഭാവികമായും, എന്‍റെ ശുശ്രൂഷ ആവശ്യപ്പെടുന്നതുപോലെ എന്‍റെ നാടിന്‍റെ അതിര്‍ത്തികളെ ഉല്ലംഘിക്കുന്ന ഒരു സന്ദേശം നല്കുന്നതിനും ഞാ൯ ആഗ്രഹിക്കുന്നു.  ഏതൊക്കെ വിഷയങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കേണ്ടതെന്ന് ഞാ൯ സംബന്ധിക്കുന്ന ആരാധനക്രമകര്‍മ്മങ്ങള്‍ നിര്‍ദ്ദേശിക്കട്ടെനാം ദൈവത്തെ വീണ്ടും കണ്ടെത്തണം എന്നതായിരിക്കും അടിസ്ഥാന പ്രമേയം.  അത് ഏതെങ്കിലും ദൈവത്തെയല്ല, പ്രത്യുത മനുഷ്യമുഖമുള്ള ദൈവത്തെകാരണം നാം യേശു ക്രിസ്തുവിനെ കാണുമ്പോള്‍ ദൈവത്തെ കാണുന്നു.  ഇതില്‍ ആരംഭിച്ച് കുടുംബത്തില്‍, തലമുറകളില്‍, തുടര്‍ന്ന് സംസ്ക്കാരങ്ങളില്‍, ജനതകളില്‍ പരസ്പരം കണ്ട്മുട്ടാനുള്ള വഴികള്‍ നാം തേടണം.  ഈ ലോകത്തില്‍ അനുരഞ്ജനത്തിന്‍റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ നാം കണ്ടുപിടിക്കണം. ഭാവിയിലേക്ക് നയിക്കുന്ന വഴികള്‍ നാം അന്വേഷിക്കണം.  ഉന്നതത്തില്‍നിന്ന് പ്രകാശം ലഭിക്കാതെ ഭാവിയിലേക്ക് നയിക്കുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താ൯ നമുക്ക് കഴിയുകയില്ല.  ആകയാല്‍ പ്രത്യേകമായി യാതൊരു വിഷയവും ഞാ൯ തെരഞ്ഞെടുത്തിട്ടില്ല.  ആരാധനക്രമമായിരിക്കും വിശ്വാസത്തിന്‍റെ അടിസ്ഥാന സന്ദേശം നല്കാ൯ എന്നെ പ്രേരിപ്പിക്കുന്നത്.  അത് സ്വാഭാവികമായും ഇന്നിന്‍റെ യാഥാര്‍ത്ഥ്യങ്ങളില്‍ പ്രസക്തിയുള്ളതായിരിക്കും.  ജനതകളുടെ സഹകരണവും അനുരഞ്ജനം സമാധാനം എന്നിവയിലേക്ക് നയിക്കുന്ന വഴികളും സര്‍വ്വോപരി അതില്‍ നാം അന്വേഷിക്കേണ്ടിയിരിക്കുന്നു.

ചോദ്യം: മാര്‍പാപ്പ എന്ന നിലയില്‍ അങ്ങ് സാര്‍വ്വത്രികസഭയുടെ തലവനാണ്.  എന്നാല്‍ അങ്ങ് ഈ അപ്പസ്തോലിക പര്യടനത്തില്‍ ജര്‍മ്മനിയിലെ കത്തോലിക്കരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തം.  ജര്‍മ്മനിയിലെ കത്തോലിക്കാസഭയില്‍ ഇപ്പോള്‍ ഭാവാത്മകമായ ഒരന്തീക്ഷം സംജാതമായിരിക്കുന്നു, നിരീക്ഷകരുടെ അഭിപ്രായത്തില്‍.  അങ്ങ് പാപ്പാസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അതിനുള്ള മുഖ്യകാരണമായി അവര്‍ ചുണ്ടിക്കാണിക്കുകയും ചെയ്യുന്നു.  എന്നിരിക്കിലും പഴയ പല പ്രശ്നങ്ങളും ഇന്നും നിലനില്ക്കുന്നു.  ഉദാഹരണത്തിന്, പള്ളിയില്‍പോയി തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കുന്നവര്‍ വിരളം, ജ്ഞാനസ്നാനങ്ങള്‍ ചുരുക്കം, സാമൂഹ്യ ജീവിതത്തില്‍ സഭയുടെ സ്വാധീനം പരിമിതം.  ജര്‍മ്മനിയിലെ സഭയുടെ ഇന്നത്തെ ഈ സ്ഥിതിയെ അങ്ങ് എങ്ങനെ വീക്ഷിക്കുന്നു?

പാപ്പാ ബനഡിക്ട് പതിനാറാമ൯ജര്‍മ്മനി, തനതായ സ്വഭാവവിശേഷങ്ങളോടുകൂടിയതെങ്കിലും, പാശ്ചാത്യ രാജ്യങ്ങളില്‍പ്പെടുന്നു എന്നാണ് ഒന്നാമതായി എനിക്ക് പറയാനുള്ളത്.  പാശ്ചാത്യ ലോകത്ത് പൊതുവെ ഇന്ന് ഭൗതികവത്ക്കരണത്തിന്‍റെ അതിപ്രസരം അനുഭവപ്പ‍െടുന്നു.  വിശ്വസിക്കുക വളരെ ദുഷ്ക്കരമായിത്തീര്‍ന്നിരിക്കുന്നു.  കാരണം നമ്മള്‍ ഇന്ന് ജീവിക്കുന്ന ലോകം നമ്മുട‍െതന്നെ സൃഷ്ടിയായി അനുഭവപ്പെടുന്നു,  ദൈവം അതില്‍ നേരിട്ട് ഇടപെടുന്ന പ്രതീതി ജനിക്കുന്നില്ല.  നാം പാനം ചെയ്യുന്നത് ഉറവയില്‍നിന്നല്ല, നിറച്ചു നീട്ടുന്ന പാനപാത്രത്തില്‍നിന്നാണ്.   മനുഷ്യകുലം തനിയേ ലോകം പുനര്‍നിര്‍മ്മച്ചു.  അതില്‍ ദൈവത്തെ കാണുക ഏറെ ദുഷ്ക്കരമായിരിക്കുന്നു.  ഇത് ജര്‍മ്മനിയെ സംബന്ധിച്ചുമാത്രമല്ല, മുഴുവ൯ ലോകത്തെയും, പ്രത്യേകിച്ച് പാശ്ചാത്യ ലോകത്തെ, സംബന്ധിച്ച് പറയാവുന്നതാണ്.  അതേസമയം, പാശ്ചാത്യ ലോകമിന്ന് ആദിമ മതാത്മക ഘടകം വളരെ ശക്തമായുള്ള സംസ്ക്കാരങ്ങളുടെ സ്വാധീന വലയത്തിലുമാണ്.  പാശ്ചാത്യ ലോകത്തിന്‍റെ ദൈവത്തോടുള്ള തണുപ്പ൯ സമീപനം കണ്ട് ആ സംസ്ക്കാരങ്ങള്‍ ഞെട്ടുന്നു.  ആ സംസ്ക്കാരങ്ങളിലെ ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യം പലപ്പോഴും അഗോചരമെങ്കിലും അത് പാശ്ചാത്യ ലോകത്തെ സ്പര്‍ശിക്കുന്നു.  സംസ്ക്കാരങ്ങളുടേ നാല്‍ക്കവലയില്‍വച്ച് അതു നമ്മ‍െ സ്പര്‍ശിക്കുന്നു.  കൂടുതല്‍ ഉന്നതമായ”  എന്തിനോവേണ്ടിയുള്ള അഭിവാഞ്ച പാശ്ചാത്യ ലോകത്തെ, ജര്‍മ്മനിയിലെ ജനങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍ അനുഭവപ്പെടുന്നു. യുവജനങ്ങള്‍ കൂടുതലായിഎന്തോ അന്വേഷിക്കുന്നു.  ഇതിന്‍റെയെല്ലാം മദ്ധ്യത്തില്‍ സഭ ഒരിക്കല്‍കൂടി

സന്നിഹിതയാകുകയും ഇവക്കെല്ലാം പ്രത്യുത്തരമായി വിശ്വാസം അവതരിപ്പിക്കുകയും ചെയ്യുന്നു.  എന്‍റെ ഈ പര്യടനവും കൊളോണിലെ  സന്ദര്‍ശനംപോലെ ഒരു സവിശേഷാവസരമായി ഞാ൯

കാണുന്നു.  കാരണം വിശ്വസിക്കുകയെന്നത് മനോജ്ഞമാണ്.  അതിസ്വാഭാവിക ശക്തിധരിക്കുന്ന ഒരു മഹാജന സഞ്ചയത്തിന്‍റെ ആഹാളാദം ഒരു താങ്ങാണ്.  ഈ വിശ്വാസത്തിന്‍റെ പിന്നില്‍ വളരെ പ്രധാനപ്പെട്ട എന്തോവുണ്ട്.  അത് അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന പുതിയ പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നമ്മെ പരസ്പരം ബന്ധപ്പെടുത്തുന്നതും സമൂഹത്തിനുമൊത്തത്തില്‍ ഭാവാത്മകവുമായ പുതിയ നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങളായി ഭവിക്കുന്നതുമാണ്.

ചോദ്യം: പരിശ്ദ്ധ പിതാവേ, കൃത്യം ഒരു വര്‍ഷംമുമ്പ് അങ്ങ് കൊളോണിലെത്തി.  മറ്റുള്ളവരെ സ്വീകരിക്കുന്നതില്‍ യുവജനങ്ങള്‍ ഏറെ തല്പരരാണെന്ന് അങ്ങ് നേരില്‍കണ്ട് മനസ്സിലാക്കി.  എത്ര ഊഷ്മളതയോടെയാണ് അവര്‍ വരവേറ്റതെന്ന് അങ്ങ് അനുഭവിച്ചറിയുകയും ചെയ്തു. യുവജനങ്ങള്‍ക്ക് ഒരു പ്രത്യേക സന്ദേശവുമായിട്ടായിരിക്കുമോ അടുത്ത സന്ദര്‍ശനത്തിനും അങ്ങ് എത്തുക?

പാപ്പാ ബനഡിക്ട് പതിനാറാമ൯ഒരുമിച്ചായിരിക്കാ൯ അഭിലഷിക്കുന്ന അസംഖ്യം യുവജനങ്ങളുണ്ടെന്ന് കാണുന്നതില്‍ ഞാ൯ അതീവ സന്തുഷ്ടനാണെന്നറിയിക്കാ൯ ആഗ്രഹിക്കുന്നു, ആദ്യമായി.  വിശ്വാസത്തില്‍ ഒരുമിച്ചുകുടുന്നതിനും നന്മയായിട്ടുള്ള എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനും അവര്‍ അഭിലഷിക്കുന്നു.  നന്മ ചെയ്യാനുള്ള പ്രവണത വളരെ ശക്തമാണ് യുവജനങ്ങളില്‍.  അവര്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ തരത്തിലുള്ള സന്നദ്ധസേവനങ്ങള്‍തന്നെ ഇതിനുദാഹരണമാണ്.  ഈ ലോകത്തിലെ വിവിധ ആവശ്യക്കാരെ സഹായിക്കുന്നതിന് വ്യക്തിപരമായ സംഭാവന നല്കാനുള്ള അവരുടെ പ്രതിബദ്ധത വളരെ ശ്ലാഘനീയമാണ്.  ഈ രംഗത്ത് യുവതീയുവാക്ക൯മാര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം പകരുകയെന്നതാണ് എന്‍റെ ഒരാശയം.  സധൈര്യം മുന്നേറുക,  നന്മ ചെയ്യാ൯ അവസരങ്ങള്‍ അന്വേഷിക്കുക, എന്നിങ്ങനെ അവരോട് പറയണം.  നന്മ ചെയ്യാനുള്ള അവരുടെ ഈ ആഗ്രഹവും പ്രതിബദ്ധതയും ലോകത്തിനാവശ്യമാണ്.  സുനിശ്ചിതങ്ങളായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ധൈര്യമവലംബിക്കുക എന്നതാണ് അവര്‍ക്ക് നല്കാനുള്ള  മറ്റൊരു സന്ദേശം.  യുവജനങ്ങള്‍ ഉദാരബുദ്ധികളാണ്.  എന്നാല്‍ ജീവിതകാലംമുഴുവനെയും സംബന്ധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരുമ്പോള്‍, കുടുംബ ജീവിതത്തിലേക്കോ വൈദിക ജീവിതത്തിലേക്കോ ഉള്ള ദൈവവിളി സ്വീകരിക്കേണ്ടിവരുമ്പോള്‍ അവര്‍ ഭയപ്പെടുന്നു.  ലോകം നാടകീയമാംവിധം മാറിക്കൊണ്ടിരിക്കുന്നു,  ഇന്ന് എനിക്ക് എന്‍റെ ജീവിതംകൊണ്ട് യഥേഷ്ടം എന്തും, മു൯കൂട്ടി കാണാനാവാത്ത അതിന്‍റെ എല്ലാ ഭവിഷ്യത്തുകളോടുംകൂടെ, ചെയ്യാം.  സുനിശ്ചിതമായ ഒരു തീരുമാനം എടുക്കുമ്പോള്‍ ഞാ൯ സ്വയം ബന്ധിക്കുകയും, എന്‍റെ സ്വതന്ത്ര്യം പരിമിതപ്പെടുത്തുകയുമല്ലേ ചെയ്യുന്നത്നിയതങ്ങളായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യം പുനരാര്‍ജ്ജിക്കുക.  അവയാണ് വളരാനും, ജീവിതത്തില്‍ മുന്നേറാനും, വ൯കാര്യങ്ങള്‍ നേടാനും വാസ്തവത്തില്‍ നമ്മെ സഹായിക്കുന്നത്.  അവമാത്രമാണ് നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താതെ ശരിയായ ദിശ നമുക്ക് കാണിച്ചുതരുന്നത്.  നിയതമായതിലേക്ക് കുതിച്ചു ചാടുന്നതിനും അങ്ങനെ ജീവിതത്തെ പൂര്‍ണ്ണമായി പുണരുന്നതിനും തുനിയുകയെന്നും യുവജനങ്ങളോട് പറയാ൯ എനിക്ക് സന്തോഷമുണ്ട്. 

ചോദ്യംപരിശുദ്ധ പിതാവെ, വത്തിക്കാന്‍റെ വിദേശ നയത്തെക്കുറിച്ച് ഒരു ചോദ്യം.  പശ്ചിമേഷ്യയിലെ സമാധാനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് ഇക്കഴിഞ്ഞയാഴ്ചകളില്‍ മങ്ങലേറ്റു.  ഇന്നത്തെ ചുറ്റുപാടില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ ദൗത്യമെന്താണ്, അങ്ങയുടെ വീക്ഷണത്തില്‍പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളില്‍ അങ്ങേക്ക് ഭാവാത്മകമകയായ  എന്തു സ്വാധീനം ചെലുത്താനാവും?

പാപ്പാ ബനഡിക്ട് പതിനാറാമ൯പരിശുദ്ധ സിംഹാസനത്തിന്, സ്വാഭാവികമായും, രാഷ്ട്രീയമായ യാതൊരു സ്വാധീനവുമില്ല.  രാഷ്ട്രീയമായ അധികാരം ഞങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.  എന്നാല്‍ എല്ലാ കക്ഷികളെ സംബന്ധിച്ചും ഏറ്റവും മോശമായ പരിഹാര മാര്‍ഗ്ഗമാണ് യുദ്ധമെന്ന അവബോധം പുലര്‍ത്തുന്ന എല്ലാ ശക്തികളെയും ചലിപ്പിക്കുന്നതിന് സഹായിക്കാന്‍ സകല ക്രിസ്ത്യാനികളോടും, പരിശുദ്ധ സിംഹാസനത്തിന്‍റ‍െ വാക്കുകള്‍ തങ്ങളെ സ്പര്‍ശിക്കുന്നതായി അനുഭവപ്പെടുന്ന ഏവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.  യുദ്ധം ആര്‍ക്കും, അതില്‍ വിജയികളായി കാണപ്പ‍െടുന്നവര്‍ക്കുപോലും, യാതൊരു നന്മയും കൈവരുത്തുന്നില്ല.  യൂറോപ്പിലുള്ള നമുക്ക്, രണ്ട് ലോകയുദ്ധങ്ങള്‍ക്കുശേഷം, ഇത് നന്നായി മനസ്സിലാക്കാ൯ കഴിയും.  സമാധാനമാണ് എല്ലാവര്‍ക്കും ആവശ്യമായിരിക്കുന്നത്.  ലബനനില്‍ ശക്തമായ ഒരു ക്രൈസ്തവ സമൂഹമുണ്ട്, അറബികളില്‍ ക്രിസ്ത്യാനികളുണ്ട്, ഇസ്രയേലിലും ക്രൈസ്തവരുണ്ട്.  നമുക്കേവര്‍ക്കും പ്രിയപ്പെട്ടവയായ ഈ രാജ്യങ്ങളെ സഹായിക്കാ൯ ലോകത്തങ്ങോളമിങ്ങോളമുള്ള ക്രിസ്ത്യാനികള്‍ പ്രതിബദ്ധരാണ്.  സമാധാനപരമായ സഹവര്‍ത്തിത്വ മാണ് സംഘര്‍ഷ പരിഹൃതിക്ക് ഏക മാര്‍ഗ്ഗമെന്ന് ഗ്രഹിക്കാ൯ ജനങ്ങളെ സഹായിക്കുന്നതിന് ധാര്‍മ്മിക ശക്തികള്‍ പ്രവര്‍ത്തനനിരതങ്ങളാണ്.  ഈ ശക്തികളെ ഉത്തേജിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.  ഇത് എത്രയും പെട്ടന്ന് സാധിക്കുന്നതിന്, വിശിഷ്യാ നിലനില്ക്കുന്നതിന്, ഉള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുകയെന്നത് രാഷ്ട്രമീമാംസകരുടെ ദൗത്യമാണ്.         

ചോദ്യംറോമാമെത്രാ൯ എന്ന നിലയില്‍ അങ്ങ് വിശുദ്ധ പത്രോസിന്‍റെ പി൯ഗാമിയാണ്.  പത്രോസിന്‍റെ ശുശ്രൂഷ ഇന്നത്തെ ലോകത്തിലും പ്രസക്തവും ഉപയുക്തവുമാണെന്ന് എപ്രകാരം കാണിച്ചുകൊടുക്കാംപത്രോസിന്‍റെ പരമാധികാരവും മെത്രാ൯മാരുടെ സംഘാതാത്മകത്വവും തമ്മിലുള്ള ബന്ധവും പിരിമുറുക്കവും അങ്ങ് എങ്ങനെ കാണുന്നു?

പാപ്പാ ബനഡിക്ട് പതിനാറാമ൯സ്വാഭാവികമായും പിരിമുറുക്കത്തിന്‍റെയും സമതുലിതാവസ്ഥയുടെയും ആയ ഒരു ബന്ധമാണത്.  അത് അപ്രകാരം ആയിരിക്കുകയും വേണം.  നാനാത്വവും ഏകത്വവും അവയുടെ പര്സ്പര ബന്ധം സദാ അവിടെ കണ്ടെത്തുകയും, ആ ബന്ധം, അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ലോക ചുറ്റുപാടുകളില്‍, നൂതന മാര്‍ഗ്ഗങ്ങളിലുടെ പുനഃസ്ഥാപിക്കുകയും

ചെയ്യണം.  സംസ്ക്കാരങ്ങളുടെ ഒരു നവീന ബഹുസ്വരമാണിന്നുള്ളത്, ഇതില്‍ യുറോപ്പ് ഇനിമേല്‍ ഒരു നിര്‍ണ്ണായക ഘടകമല്ല.  ഇതര ഭൂഖണ്ഡങ്ങളിലെ ക്രിസ്ത്യാനികള്‍ താന്താങ്ങളുടെതായ പ്രാധാന്യവും തനിമയും കൈവരിക്കാ൯ തുടങ്ങിയിരിക്കുന്നു.  ഈ ഭിന്ന ഘടകങ്ങളുടെ സംയോജനത്തെക്കുറിച്ച് നാം പഠിച്ചുകൊണ്ടിരിക്കണം.  ഇതിന് സഹായകങ്ങളായ വിവിധ ഉപാധികള്‍ നിലവിലുണ്ട്.  മെത്രാ൯മാരുടെ ആദ് ലിമിനസന്ദര്‍ശനമാണ് അവയിലൊന്ന്.  മെത്രാ൯മാര്‍ക്ക് പരിശുദ്ധ സിംഹാസനത്തിന്‍റെ എല്ലാ കാര്യാലയങ്ങളുമായും, എന്നോടും ആത്മാര്‍ത്ഥമായ സംഭാഷണം നടത്തുന്നതിന് അത് സന്ദര്‍ഭമൊരുക്കുന്നു.  ഓരോ മെത്രാനുമായും ഞാ൯ വ്യക്തിപരമായി സംസാരിക്കുന്നു.  ആഫ്രിക്കയിലെ ഏതാണ്ട് എല്ലാ മെത്രാ൯മാരുമായും ഏഷ്യയിലെ നിരവധി ബിഷപ്പ൯മാരുമായും ഞാ൯ സംഭാഷണം നടത്തിക്കഴിഞ്ഞു.  ഇനി മദ്ധ്യ യൂറോപ്പിലെയും, ജര്‍മ്മനി, സ്വിറ്റ്സര്‍ല൯ഡ് എന്നീ രാജ്യങ്ങളിലെയും മെത്രാ൯മാരുടെ ഊഴമാണ്.  കേന്ദ്രവും ചുറ്റുമുള്ള പ്രദേശങ്ങളും വീക്ഷണങ്ങള്‍ കൈമാറുന്ന ഈ കൂടികാഴ്ചകളില്‍ പരസ്പര ബന്ധം, എന്‍റെ അഭിപ്രായത്തില്‍, സന്തുലിതമായ ഒരു പിരിമുറുക്കത്തില്‍ ദൃഢത പ്രാപിക്കുന്നു.  മെത്രാ൯മാരുടെ സിനഡ്, കണ്‍സിസ്റ്ററി എന്നിവ മറ്റുപാധികളാണ്.  ഇവ പതിവായി വിളിച്ചുകൂട്ടുന്നതിനും വികസിപ്പിക്കുന്നതിനും ഞാ൯ അഭിലഷിക്കുന്നു.  ദീര്‍ഘമായ അജണ്ട ഒഴിവാക്കി ആനുകാലിക പ്രശ്നങ്ങള്‍ ഒരുമിച്ച് ചര്‍ച്ചചെയ്യുന്നതിനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുന്നതിനും നമുക്ക് സാധിക്കും.  മാര്‍പാപ്പ ഒരു ഏകാധിപതിയല്ലെന്ന് ഏവര്‍ക്കുമറിയാം.  കൂട്ടായ ക്രിസ്തു ശ്രവണത്തിന്‍റെ മുഴുവ൯ മൂര്‍ത്തിമദ്ഭാവമാണ് പാപ്പാ.  രാഷ്ട്രീയ ശക്തികളില്‍നിന്നുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും ക്രിസ്ത്യാനികള്‍ ദേശീയ താദാത്മ്യം പ്രാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതുമായ, ഐക്യപ്പെടുത്തുന്ന ഒരു വ്യക്തി ആവശ്യമാണെന്ന അവബോധം ഇന്ന് വളരെ ശക്തമാണ്.  ചലനാത്മകമായ സംശ്ലഷണത്തില്‍ ഐക്യം സൃഷ്ടിക്കാനും, അതുപോലെ നാനാത്വം ആശ്ലേഷിക്കാനും പരിപോഷിപ്പിക്കാനും കഴിവുറ്റ പരമോന്നതനും വിശാലഹൃദയനുമായ ഒരു വ്യക്തി ആവശ്യമാണെന്ന ബോദ്ധ്യവും ഇന്ന് പ്രബലമാണ്.  ആകയാല്‍ പത്രോസിന്‍റെ ശുശ്രൂഷയും, കര്‍ത്താവിന്‍റെ തിരുമനസ്സും കാലത്തിന്‍റെ ആവശ്യങ്ങളും അനുസരിച്ച് അത് കൂടുതല്‍ വിപുലപ്പെട്ടു കാണാനുള്ള ഈ അഭിലാഷവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാ൯ വിശ്വസിക്കുന്നും. 

ചോദ്യം:   നവോത്ഥാനത്തിന്‍റെ നാടെന്ന നിലയില്‍ ജര്‍മ്മനി വിവിധ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പുതിയ പ്രശ്നങ്ങള്‍ നിരന്തരം തലപൊക്കുന്ന ലോലമായ ഒരു മേഖലയാണ് സഭൈക്യബന്ധങ്ങളുടേത്.  ഇവാഞ്ജലിക്കല്‍ സഭയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അങ്ങ് എന്തൊക്കെ സാദ്ധ്യതകള്‍ കാണുന്നു, അല്ലെങ്കില്‍ ഈ ബന്ധങ്ങളില്‍ എന്തൊക്കെ വൈഷമ്യങ്ങള്‍ മു൯കുട്ടി കാണുന്നു?

പാപ്പാ ബനഡിക്ട് പതിനാറാമ൯ഇവാഞ്ജലിക്കല്‍ സഭയില്‍തന്നെ ഗണ്യമായ വ്യത്യാസങ്ങളുള്ള മൂന്ന് സമൂഹങ്ങളുണ്ടെന്ന് പറയേണ്ടത് പ്രധാനപ്പെട്ടതാണ്.  എന്‍റെ അറിവ് ശരിയാണെങ്കില്‍, ജര്‍മ്മനിയില്‍ ലൂതറ൯, നവീകൃത സഭ, പ്രുസ്സിയ൯ സഖ്യം എന്നിങ്ങനെ മൂന്ന് സമൂഹങ്ങളുണ്ട്, കൂടാതെ നിരവധി സ്വതന്ത്ര സഭകളും.  പാരമ്പര്യ സഭകളില്‍ത്തന്നെ കണ്‍ഫെഷണല്‍ സഭതുടങ്ങിയ പ്രസ്ഥാനങ്ങളുമുണ്ട്. നിരവധി സ്വരങ്ങളുടെ ഒരു സമാഹാരമാണത്.  അവയുമായി, സ്വരങ്ങളുടെ ഈ വൈവിധ്യത്തെ ആദരിച്ചുകൊണ്ട്, നാം, ഐക്യത്തിനായുള്ള അന്വേഷണത്തില്‍, സംഭാഷണത്തിലേര്‍പ്പെടുകയും സഹകരണത്തിന്‍റെ സരണികള്‍ തേടുകയും ചെയ്യണം.  എന്‍റെ അഭിപ്രായത്തില്‍ നാം ആദ്യമായി ചെയ്യേണ്ടത്, നമ്മുടെ ഔത്സുക്യത്തിന്‍റെ വിഷയമായ സമൂഹത്തില്‍ എല്ലാവരുമൊരുമിച്ച് സുപ്രധാനങ്ങളായ ധാര്‍മ്മികാഭിമുഖ്യങ്ങള്‍ വ്യക്തമാക്കുകയും, പ്രാവര്‍ത്തികമാക്കുകയും അങ്ങന‍െ സമൂഹത്തിന്‍റെ സാ൯മാര്‍ഗ്ഗിക സംശ്ലേഷണം ഉറപ്പാക്കുകയുമാണ്.  ഇവ കൂടാതെ സമൂഹത്തിന്, സകലര്‍ക്കും നീതി, ഭാവാത്മകമായ സഹവര്‍ത്തിത്തം, സമാധാനം എന്നീ രാഷ്ട്രീയ ലക്ഷൃങ്ങള്‍ സാക്ഷാത്ക്കരിക്കാനാവില്ല.  ഈ ദിശയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഞാ൯ മനസ്സിലാക്കുന്നു.  വ൯ ധാര്‍മ്മിക വെല്ലുവിളികളുടെ മുമ്പില്‍ പൊതുവായ ക്രിസ്തീയ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥമായും ഐക്യപ്പെട്ടവരായി നാം സ്വയം കണ്ടെത്തുന്നു.  ദൈവത്ത‍െ കണ്ടെത്താ൯ കഷണിക്കുന്ന ലോകത്തില്‍ അവിടുത്തെ സാക്ഷികളാകുക എന്നതാണ് അടുത്തത്.  യേശു ക്രിസ്തുവിന്‍റെ മനുഷ്യ മുഖമുള്ള ദൈവത്തെ നാം ദൃശ്യനാക്കുകയും അങ്ങനെ മനുഷ്യര്‍ക്ക് ധാര്‍മ്മികതയുടെ ഉറവിടങ്ങളിലേക്ക് പ്രവേശം സാധ്യമാക്കുകയും ചെയ്യണം.  അവയുടെ അഭാവത്തില്‍ ധാര്‍മ്മികത വന്ധ്യമായതും സംശോധക ബിന്ദുക്കള്‍ നഷ്ടപ്പെട്ടതുമായിരിക്കും, അത് ആഹ്ലാദദായകമാകുന്നതിനും ഇതാവശ്യമാണ്, കാരണം ഈ ലോകത്തില്‍ നാം ഒറ്റപ്പെട്ടവരല്ല.  ഇപ്രകാരമ‍േ മനുഷ്യന്‍റെ മഹത്വത്തിന്‍റെ മുമ്പില്‍ ആനന്ദം അനുഭവപ്പെടുകയുള്ളു.  മനുഷ്യ൯ ഊനത സംഭവിച്ച ഒരു പരിണാമോല്‍പന്നമല്ല, മറിച്ച് ദൈവത്തിന്‍റെ ഛായയാണ്.  ഈ രണ്ട് തലങ്ങളില്‍ നാം നീങ്ങേണ്ടിയിരിക്കുന്നു: അതായത്, പ്രധാനപ്പെട്ട സാ൯മാര്‍ഗ്ഗിക സംശോധക ബിന്ദുക്കളുടെയും, ദൈവത്തിന്‍റെ, മൂര്‍ത്ത ദൈവത്തിന്‍റെ, സാന്നിദ്ധ്യാവിഷ്ക്കാരത്തിന്‍റെയും തലങ്ങളില്‍.  ഇവ നാം ചെയ്യുമ്പോള്‍, വിശ്വാസം സ്വന്തമായ പ്രത്യേകരീതിയില്‍ ജീവിക്കാ൯ ഓരോ ക്രിസ്തീയ സമൂഹവും ശ്രമിക്കാതെ അതിന്‍റെ തനതായ അഗാധതലങ്ങളില്‍നിന്ന് സദാ ആരംഭിക്കുമ്പോള്‍, ഒരുപക്ഷേ, പെട്ടന്ന് ഐക്യത്തിന്‍റെ ബാഹ്യമായ ലക്ഷണങ്ങള്‍ ദൃശ്യമാകുന്നില്ലെങ്കിലും ആന്തരികമായൊരൈക്യം പക്വത പ്രാപിക്കുകയും, ദൈവം തിരുമനസ്സാകുന്നപക്ഷം ഒരു സുദിനത്തില്‍     ഐക്യത്തിന്‍റ ബാഹ്യ രൂപവും പ്രത്യക്ഷപ്പെടുകയും ചെയ്യും. 

ചോദ്യം: വിഷയം: കുടുംബം.  കുടുംബങ്ങളുടെ ലോകസമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ഒരു മാസംമുമ്പ് അങ്ങ് വല‍െ൯സ്യയില്‍ പോയിരുന്നു.  അങ്ങയുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചവര്‍, അങ്ങ് "സ്വവര്‍ഗ്ഗ വിവാഹം" എന്ന പദം ഒരിക്കലെങ്കിലും ഉപയോഗിക്കുകയോ, ഗര്‍ഭച്ഛിദ്രത്തെയോ, ഗര്‍ഭനിരോധനത്ത‍െയോക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ലയെന്ന് പ്രത്യേകം ശ്രദ്ധിച്ചു.  ശ്രദ്ധാലുക്കളായിരുന്ന നിരീക്ഷകര്‍ ഇത് പ്രത്യേക താല്പര്യത്തോടെ ചൂണ്ടിക്കാട്ടുകയും ചെയ്തു. അങ്ങയുടെ ലക്ഷൃം "ധാര്‍മ്മികതയുടെ അപ്പസ്തോല൯" എന്നതിലുപരി വിശ്വാസപ്രാസംഗികനായി ലോകത്തില്‍ ചുറ്റിസഞ്ചരിക്കുക എന്നതാണെന്ന് വ്യക്തം.  ഇതേക്കുറിച്ച് അങ്ങേക്കെന്താണ് പറയാനുള്ളത്?

പാപ്പാ ബനഡിക്ട് പതിനാറാമ൯വാസ്തവത്തില്‍ ഇരുപതു മിനിട്ടുവീതം ദൈര്‍ഘ്യമുള്ള രണ്ട് പ്രസംഗ   ങ്ങള്‍ നടത്താനേ എനിക്കവസരം ഉണ്ടായിരുന്നുള്ളു.  ഇത്ര പരിമിതമായ സമയം ലഭിച്ച ഒരാള്‍ക്ക് "വിലക്കു"കള്‍ പറഞ്ഞ് ആരംഭിക്കാനാവില്ലല്ലൊ!  യഥാര്‍ത്ഥമായും നാമെന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയണം ആദ്യം, ശരിയല്ലേ?  ക്രൈസ്തവ വിശ്വാസം, കത്തോലിക്കാ സിദ്ധാന്തം, വിലക്കുകളുടെ ഒരു സംഹിതയല്ല, ഭാവാത്മകമായ ഒരു തെരഞ്ഞെടുപ്പാണ്.  ഈ ആശയത്തിന് പുതുതായി ഊന്നല്‍ നല്കേണടത് വളരെ പ്രധാനപ്പെട്ടതാണ്.  കാരണം ഈ അവബോധം ഇന്ന് ഏതാണ്ട് പൂര്‍ണ്ണമായി അപ്രത്യക്ഷമായിരിക്കുന്നു.  അവശ്യം പ്രതിപാദിക്കപ്പെടേണടവയെക്കാള്‍കൂടുതലായി അനുവദനീയങ്ങളല്ലാത്തവയെക്കുറിച്ച് സംസാരിക്കുന്നതാണ് നാം ഇന്ന് കേള്‍ക്കുന്നത്.  എന്നാല്‍ ഭാവാത്മകമായ ഒരാശയമാണ് നമുക്ക് അവതരിപ്പിക്കാനുള്ളത്: പുരുഷനും സ്ത്രീയും, ഒരാള്‍ മറ്റെയാളിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്.  സ്നേഹത്തിന്‍റെ ലൈംഗികത, കാമം (ഈറോസ്), ഉപവി എന്നീ മാനങ്ങള്‍ വിവാഹത്തില്‍ പ്രഥമത: പുരുഷനും സ്ത്രീയും തമ്മിലുള്ള ആഹ്ലാദനിര്‍ഭരമായ കൂടികാഴ്ചയായും, പിന്നീട് തലമുറകള്‍തമ്മിലുള്ള തുടര്‍ച്ച ഉറപ്പാക്കുന്നതും, അതില്‍ തലമുറകളുടെ അനുരഞ്ജനം സാക്ഷാത്ക്കരിക്കുന്നതും സംസ്കാരങ്ങളുടെ സംഗമം സാദ്ധ്യമാക്കുന്നതുമായ കുടുംബമായും രൂപാന്തരപ്പെടുകയും ചെയ്യുന്നു.  ആകയാല്‍ ആദ്യമായി നാം എന്താണോ ആഗ്രഹിക്കുന്നത്, അത് ഊന്നിപ്പറയേണ്ടിയിരിക്കുന്നു.  രണ്ടാമതായി, എന്തുകൊണ്ട് ചില സംഗതികള്‍ നാം ആഗ്രഹിക്കുന്നില്ലയെന്ന് കാണേണ്ടിയിരിക്കുന്നു.  പുരുഷനും സ്ത്രീയും, മനുഷ്യ രാശിയുടെ നിലനില്പിനായി, ഒരാള്‍ മറ്റെയാളിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് എന്നത് കത്തോലിക്കാ സഭയുടെ ഒരു കണ്ടുപിടുത്തമല്ല, എല്ലാ സംസ്കാരങ്ങളും ആഴത്തില്‍ ഗ്രഹിച്ചിട്ടുള്ള ഒരാശയമാണതെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു.  ഗര്‍ഭച്ഛിദ്രത്തെപ്പറ്റി പറഞ്ഞാല്‍, അത്, "നീ കൊല്ലരുത്" എന്ന അഞ്ചാം കല്പനയുടെ ഭാഗമാണ്, അല്ലാതെ ആറാം പ്രമാണത്തിന്‍റേതല്ല.  ഇത് സുവ്യക്തമാണെന്ന് കരുതിക്കൊണ്ട്, മനുഷ്യ വ്യക്തിയുടെ ജീവിതം അമ്മയുടെ ഉദരത്തില്‍ ആരംഭിക്കുന്നുവെന്നും അന്തിമ ശ്വാസംവരെയും മനുഷ്യ വ്യക്തിയായി തുടരുന്നുവെന്നും സദാ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.  മനുഷ്യ൯ ഒരു വ്യക്തിയെന്ന നിലയില്‍ സദാ ബഹുമാനിക്കപ്പെടുകയും വേണം. ഭാവാത്മകമായ രീതിയില്‍ ആദ്യം അവതരിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. 

ചോദ്യം: പരിശുദ്ധ പിതാവേ, എന്‍റെ ചോദ്യം ഫാദര്‍ ഫോണ്‍ ഗെമ്മിംഗ൯ തൊട്ടുമുമ്പ് ചോദിച്ചതിനോട് ബന്ധപ്പെട്ടതാണ്.  എയ്ഡ്സ് മഹാമാരി, ക്രമാധികമായ ജനപ്പെരുപ്പം തുടങ്ങിയ ആഗോള പ്രശ്നങ്ങള്‍ക്ക് കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ലോകത്തങ്ങോളമിങ്ങോളമുള്ള വിശ്വാസികള്‍ കാത്തിരിക്കുകയാണ്.  മാനവ രാശിയെ, ഉദാഹരണമായി ആഫ്രിക്ക ഭൂഖണ്ഡത്തിലെ ജനങ്ങളെ, സംബന്ധിച്ച് നിര്‍ണ്ണായകങ്ങളായ ഇവ്വിധ പ്രശ്നങ്ങള്‍ക്ക് മൂര്‍ത്തങ്ങളായ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കേണ്ടതിനു പകരം കത്തോലിക്കാ സഭ ധാര്‍മ്മിക പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണ്?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ധാര്‍മ്മിക പ്രശ്നങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത്ര ഊന്നല്‍ നല്കുന്നുണ്ടോ എന്നുള്ളതാണ് പ്രശ്നംഈ രംഗത്ത് മുന്നേറാന്‍ നാം ആഗ്രഹിക്കുന്നെങ്കില്‍ അടിസ്ഥാനപരമായ ചോദ്യം വിദ്യാഭ്യാസം, പരിശീലനം എന്നിവയെ സംബന്ധിക്കുന്നതാണെന്ന് ആഫ്രിക്ക൯ മെത്രാ൯മാരുമായുള്ള സംഭാഷണങ്ങള്‍ക്കുശേഷം എനിക്ക് കൂടുതല്‍ ബോദ്ധ്യപ്പെട്ടു.  മനുഷ്യ വ്യക്തിയെ സേവിക്കുന്നെങ്കില്‍ മാത്രമേ, മനുഷ്യ വ്ക്തിയുടെതന്ന‍െ വികാസ വളര്‍ച്ചകള്‍ക്ക് സഹായിക്കുന്നെങ്കില്‍ മാത്രമേ, പുരോഗതി യഥാര്‍ത്ഥ പുരോഗതി ആയിരിക്കുകയുള്ളു.  മനുഷ്യ വ്യക്തി സാങ്കേതിക കഴിവുകളില്‍ എന്നപോലെ ധാര്‍മ്മികാവബോധത്തിലും വളരണം.  നമ്മുടെ ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രശ്നം, എന്‍റെ അഭിപ്രായത്തില്‍, നമ്മുടെ സാങ്കേതിക കഴിവ് ദ്രുതഗതിയില്‍ അത്ഭുതാവഹമായി വളരുന്നതും, അതിനാനുപാതികമായി നമ്മുടെ ധാര്‍മ്മിക കഴിവ് വളരാതിരിക്കുന്നതും സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥയാണ്.  ആകയാല്‍ മനുഷ്യ വ്യക്തിയുടെ രൂപവത്ക്കരണമാണ് ശരിയായ പ്രതിവിധി, എല്ലാറ്റിന്‍റെയും താക്കോല്‍.  സഭ അവലംബിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെയാണ്.  ഈ രൂപവത്ക്കരണത്തിന് ദ്വിവിധ മാനങ്ങളുണ്ടെന്ന് ചുരുക്കമായി പറയാം.  സര്‍വ്വോപരി, സ്വാഭാവികമായും, നാം പഠിക്കണം: അറിവു സമ്പാദിക്കണം, സാങ്കേതികവിജ്ഞാനം നേടണം.  ഈ ദിശയില്‍ യൂറോപ്പും, ഇക്കഴിഞ്ഞ ദശകങ്ങളില്‍ അമേരിക്കയും, ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്; അത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുമാണ്.  എന്നാല്‍ സാങ്കേതികവിജ്ഞാനം മാത്രമാണ് പ്രചരിക്കുന്നതെങ്കില്‍, എങ്ങനെ യന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യണം, ഗര്‍ഭനിരോധനോപാധികള്‍ എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ മാത്രമാണ് പഠിപ്പിക്കുന്നതെങ്കില്‍, അവസാനം യുദ്ധങ്ങളും എയ്ഡ്സ് തുടങ്ങിയ മഹാമാരികളും അഭിമൂഖീകരിക്കേണ്ടി വരുന്നതില്‍ അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. കാരണം രണ്ട് മാനങ്ങള്‍ നമുക്കാവശ്യമാണ്: വിദഗ്ദ്ധതാ സമ്പാദനവും ഹൃദയ രൂപവത്ക്കരണവും.  മനുഷ്യ വക്തി സംശോധക ബിന്ദുക്കള്‍ കണ്ടെത്തുന്നതും സാങ്കേതികവിജ്ഞാനം ശരിയായി പ്രാവര്‍ത്തികമാക്കാ൯ അഭ്യസിക്കുന്നതും ഇവ വഴിയാണ്.  ഇവ ലഭ്യമാക്കാനാണ് ഞങ്ങള്‍ യത്നിക്കുന്നതും.  ആഫ്രിക്കയില്‍ അങ്ങോളമിങ്ങോളവും ഏഷ്യയില്‍ നിരവധി രാജ്യങ്ങളിലും വിവിധ തരത്തിലുള്ള വിദ്യാലയങ്ങളുടെ ഒരു വ൯ ശ്രേണിതന്നെയുണ്ട്.  അവ വിദ്യാസമ്പാദനത്തിനും സാങ്കേതികവിജ്ഞാനം നേടുന്നതിനും, അങ്ങനെ സ്വയംനിര്‍ണ്ണയന പ്രാപ്തിയും സ്വാതന്ത്രവും ആര്‍ജ്ജിക്കുന്നതിനും അവസരം ഒരുക്കുന്നു. സാങ്കേതികവിജ്ഞാനം പകരുന്നതിന് എന്നതിനുപരി, അനുരഞ്ജനം അഭിലഷിക്കുന്ന, പണിതുയര്‍ത്തുകയാണ് അല്ലാത‍െ നശിപ്പിക്കുകയല്ല ചെയ്യേണ്ടത് എന്ന് ബോദ്ധ്യമുള്ള, സഹവര്‍ത്തിത്തത്തിന് ആവശ്യമായ ഗുണങ്ങളുള്ള, മനുഷ്യര‍െ രൂപപ്പെടുത്തുന്നതിനാണ് ഈ വിദ്യാലയങ്ങളില്‍ ഞങ്ങള്‍ ഊന്നല്‍ നല്കുന്നത്.  ആഫ്രിക്കയില്‍ പൊതുവെ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ അനുകരണീയങ്ങളായ ബന്ധങ്ങളാണുള്ളത്.  സംഘര്‍ഷ ചുറ്റുപാടുകളില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള മാര്‍ഗ്ഗ‌ങ്ങള്‍ ആരായുന്നതിന് മുസ്ലീങ്ങളും ഉള്‍പ്പെടുന്ന സംയുക്ത സമിതികള്‍ക്ക് മെത്രാ൯മാര്‍ രൂപം നല്കിയിരിക്കുന്നു.  മാനവ രൂപവത്ക്കരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ വിദ്യാലയങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്.  അവയുടെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണമെന്നവിധം ആശുപത്രികളുടെയും ഇതര ആതുരസേവന കേന്ദ്രങ്ങളുടെയും, കുഗ്രാമങ്ങളില്‍പോലുമെത്തുന്ന, മറ്റൊരു ശ്രേണിയുമുണ്ട്.  നിരവധി സ്ഥലങ്ങളില്‍ കൊടും നാശനഷ്ടങ്ങള്‍ വിതച്ച യുദ്ധങ്ങള്‍ക്കുശേഷവും കേടുപാടുകള്‍ കൂടാതെ നിലനില്ക്കുന്ന ഏക ശക്തി സഭയാണ്. ശക്തിയല്ല, യാഥാര്‍ത്ഥ്യം!  ശുശ്രൂഷാപരിചരണങ്ങള്‍, എയ്ഡ്സ് രോഗികള്‍ക്കുപോലും, സംലഭ്യമാക്കുകയും അപരരുമായി നല്ല ബന്ധങ്ങള്‍ സ്ഥാപിക്കാ൯ സഹായകമായ വിദ്യാഭ്യാസം നല്കുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം!  ആകയാല്‍ മനുഷ്യനുചുറ്റും കര്‍ക്കശമായ "വിലക്കുകള്‍" വിതയ്ക്കുന്നത് എന്ന പലപ്പോഴും സഭക്കാരോപിക്കുന്ന തെറ്റായ പ്രതിച്ഛായ തിരുത്തപ്പെടണം.  വ്യക്തിത്വ രൂപവത്ക്കരണത്തിന്‍റ‍െ ഭിന്ന മാനങ്ങള്‍  അക്രമത്തെയും, എയ്ഡ്സിനു പുറമേ മലേറിയ, ക്ഷയം തുടങ്ങിയ പകര്‍ച്ച വ്യാധികളെയും കീഴടക്കാ൯ കഴിയത്തക്കവിധം സംയോജിപ്പിക്കാ൯ സഭ ആഫ്രിക്കയില്‍ കഠിനപ്രയത്നം നടത്തുന്നു.

ചോദ്യംപരിശുദ്ധ പിതാവേ, ക്രൈസ്തവമതം യൂറോപ്പില്‍തുടങ്ങി ലോകംമുഴുവ൯ വ്യാപിച്ചു.  കത്തോലിക്കാ സഭയുടെ ഭാവി മറ്റു ഭൂഖണ്ഡങ്ങളില്‍ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഇന്ന് നിരവധിയാളുകള്‍ ചിന്തിക്കുന്നു,  അത് ശരിയാണോ?  അല്ലെങ്കില്‍, മറ്റ് വാക്കുകളില്‍ ചോദിച്ചാല്‍, ക്രസ്തീയ വിശ്വാസം ഒരു ന്യൂനപക്ഷത്തിന്‍റെ സ്വാകാര്യ ജീവിതത്തിലേക്ക് ചുരുങ്ങിയിരിക്കുന്ന പ്രതീതി ജനിക്കുന്ന യൂറോപ്പില്‍ ക്രിസ്തു മതത്തിന്‍റെ ഭാവി എന്താണ്?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ആദ്യമായി  അല്പം പശ്ചാത്തലം അവതരിപ്പിക്കാ൯ ഞാ൯ അഭിലഷിക്കുന്നു.  ഏവര്‍ക്കുമറിവുള്ളതുപോലെ, ക്രിസ്തു മതം ഉദയം ചെയ്തത് സമീപപൗരസ്ത്യ ദേശത്താണ്.  ദീര്‍ഘനാള്‍ അതിന്‍റെ മുഖ്യ വികസന മേഖലയും അതുതന്നെയായിരുന്നു.  അനന്തരം അത് ഏഷ്യയിലേക്ക്, ഇസ്ലാം മതം വരുത്തിയ വ്യതിയാനങ്ങളെതുടര്‍ന്ന്, ഇന്ന് നാം കരുതുന്നതിലുമധികമായി, വ്യാപിച്ചു.  ഇതേകാരണത്താല്‍ ക്രിസ്തു മതത്തിന്‍റെ അച്ചുതണ്ട് ശ്രദ്ധേയമാംവിധം പടിഞ്ഞാറോട്ടും യൂറോപ്പിലേക്കും നീങ്ങി.  യൂറോപ്പ് ക്രൈസ്തവ വിശ്വാസത്തെ അതിന്‍റെ വിശാലമായ ബൗദ്ധിക, സാംസ്കാരിക മാനങ്ങളില്‍ വികസിപ്പിച്ചുവെന്ന് നമുക്ക് അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം.  പൗരസ്ത്യ ക്രിസ്ത്യാനികളെ അനുസ്മരിക്കേണ്ടതും പ്രധാനപ്പെട്ടതായി ഞാ൯ കരുതുന്നു.  കാരണം എന്നും ഒരു ന്യൂനപ‍ക്ഷമായിരുന്ന അവര്‍ ഇപ്പോള്‍ ആ സ്ഥലങ്ങളില്‍നിന്ന് കുടിയേറുന്ന അപകടമുണ്ട്. ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളുമായി സദാ ഫലപ്രദമായ ഒരു ബന്ധത്തില്‍ ജീവിക്കുന്ന പ്രധാനപ്പെട്ട ഒരു ന്യൂനപക്ഷമായ അവര്‍ അവിടങ്ങളില്‍നിന്ന് കുടിവാങ്ങിക്കൊണ്ടിരിക്കുന്നു.  അങ്ങനെ ക്രിസ്തു മതത്തിന്‍റെ പിള്ളതൊട്ടിലായിരുന്ന സ്ഥലങ്ങളില്‍ ക്രൈസ്തവരുടെ സാന്നിദ്ധ്യമില്ലാതാകുന്ന വ൯ വിപത്താണ് സംഭവിക്കാന്‍ പോകുന്നത്.  അവരെ നാം വളരെയേറെ സഹായിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാ൯ കരുതുന്നത്.  ഇനി, താങ്കളുടെ ചോദ്യത്തിലേക്ക്:  യൂറോപ്പ്, തീര്‍ച്ചയായും, ക്രൈസ്തവ മതത്തിന്‍റ‍െയും അതിന്‍റെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെയും കേന്ദ്രമായി.  ഇന്ന് ലോകചരിത്ര സംഗീതമേളയില്‍ ഇതര ഭൂഖണ്ഡങ്ങളും ഇതര സംസ്കാരങ്ങളും തുല്യപ്രാധാന്യം നേടിയിരിക്കുന്നു.  അങ്ങനെ സഭയിലെ സ്വരങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുന്നു.  ഇത് നല്ല കാര്യമാണ്.  ഭിന്ന മനോഭാവങ്ങള്‍ ആവിഷ്കൃതമാകുന്നത് നല്ലതുതന്നെ.  ആഫ്രിക്കയും ഏഷ്യയും അമേരിക്കയും, വിശിഷ്യാ ലത്തിനമേരിക്ക, അവയുടെ തനതായ സംഭാവനകള്‍ നല്കുന്നു.  ഇവയെല്ലാം, സ്വാഭാവികമായും, ക്രൈസ്തവ വചനത്താല്‍ മാത്രമല്ല, ഈ ലോകത്തിന്‍റെ ലൗകികമായ സന്ദേശത്താലും സ്പര്‍ശിതങ്ങളും നാം അനുഭവിച്ചറിഞ്ഞ പിളര്‍പ്പിന്‍റെ ശക്തികള്‍ മറ്റ് ഭൂഖണ്ഡങ്ങളിലേക്കും സംവഹിക്കുന്നവയുമാണ്.  കൂടുതല്‍ വിപുലമായ ഒരു മൊത്തത്തിന്‍റെ ഒരു ഭാഗംമാത്രമെങ്കിലും യൂറോപ്പിനെ ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലെ എല്ലാ മെത്രാ൯മാരും പറയുന്നു,  നമുക്ക് ഇപ്പോഴും ഒരു പ്രത്യേക ഉത്തരവാദിത്വമുണ്ടുതാനും.  നമ്മുടെ അനുഭവങ്ങളില്‍നിന്നു വരുന്ന, ഇവിടെ വികാസംപ്രാപിച്ച ദൈവശാസ്ത്രത്തില്‍നിന്നു വരുന്ന, നമ്മുടെ ആരാധനക്രമ അനുഭവത്തില്‍നിന്നു വരുന്ന, നമ്മുടെ പാരമ്പര്യങ്ങളില്‍നിന്നുള്ള, സഭൈക്യസംരംഭങ്ങളില്‍നിന്ന് നമുക്ക് കൈവരുന്ന ഉത്തരവാദിത്വം നാം ഇന്നും പേറുന്നു,  ഇവയെല്ലാം മറ്റ് ഭൂഖണ്ഡങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടവയാണ്.  ആകയാല്‍ "ഇതാ, നമ്മള്‍ ഒരു നിസ്സാര ന്യൂനപക്ഷമാണ്, നമ്മുടെ തുച്ഛമായ സംഖ്യ കാത്തുസൂക്ഷിക്കുന്നതിനെങ്കിലും നമുക്ക് പരിശ്രമിക്കാം", മെന്ന് പരിതപിച്ചുകൊണ്ട് കഴിഞ്ഞുകൂടാ൯ നമുക്കാവില്ല.  നമ്മുടെ ഊര്‍ജ്ജസ്വലത നാം സജീവമായി കാത്തുസൂക്ഷിക്കുകയും, പരസ്പര കൈമാറ്റത്തിന്‍റ‍െതായ പുതിയ ബന്ധങ്ങളിലേര്‍പ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.  യൂറോപ്പില്‍ ഇന്ത്യാക്കാരും ആഫ്രിക്കകാരുമായ അനവധി വൈദികര്‍ ഇന്ന് സേവനം അനുഷ്ഠിക്കുന്നു,  കാനഡയിലും ആഫ്രിക്കകാരായ അനേകം പുരോഹിതര്‍ വളരെ പ്രശംസനീയമാംവിധം പ്രവര്‍ത്തിക്കുന്നു.  അവിടെ പരസ്പര കൊടുക്കലും എടുക്കലുമുണ്ട്.  ഭാവിയില്‍ ഒരുപക്ഷേ നാം കൊടുക്കുന്നവര്‍ എന്നതിനെക്കാള്‍ കൊള്ളുന്നവരായി തീര്‍ന്നാലും കൊടുക്കാന്‍ കഴിയുന്നവരായിതന്നെ തുടരുകയും അതിനാവശ്യമായ ധൈര്യവും ഊര്‍ജ്ജസ്വലതയും പരിപോഷിപ്പിക്കുകയും ചെയ്യണം.

ചോദ്യം:  നേരത്തെ ഭാഗികമായി പരാമര്‍ശിച്ച ഒരു വിഷയമാണിത്.  പരിശുദ്ധ പിതാവേ, ആധുനിക സമൂഹം രാഷ്ട്രീയമോ ശാസ്ത്രീയമോ ആയ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ക്രിസ്തീയ മൂല്യങ്ങള്‍ മാനദണ്ഡമായി സ്വീകരിക്കാറില്ല,  അഭിപ്രായ വോട്ടെടുപ്പുകളില്‍നിന്ന് നമുക്കറിയാവുന്നതുപോലെ, സഭയെ മുന്നറിയിപ്പു നല്കുന്ന അഥവാ നിയന്ത്രിക്കുന്ന ഒരു സ്വരമായി മാത്രമേ പരിഗണിക്കാറുള്ളു.  ഈ പ്രതിരോധ നിലപാട് വെടിഞ്ഞ് ഭാവി പണിതുയര്‍ത്തുന്നതില്‍ കൂടുതല്‍ ഭാവാത്മകമായ ഒരു സമീപനം സഭ സ്വീകരിക്കേണ്ടതല്ലേ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ഏതു കാര്യത്തിലും ഭാവാത്മകമായി നാം കാണുന്നതെന്തും ഊന്നിപ്പറയണം എന്നാണ് എന്‍റെ അഭിപ്രായം.  സര്‍വ്വോപരി സംസ്കാരങ്ങളും മതങ്ങളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ നാമിത് ച‍െയ്തേ മതിയാവൂ.  ഞാ൯ നേരത്തെ പറഞ്ഞതുപോലെ, ആഫ്രിക്ക ഭൂഖണ്ഡം, ആഫ്രിക്കയുടെ ആത്മാവും ഏഷ്യയുടെ ആത്മാവും, നമ്മുടെ യുക്തിപരമായജ്ഞാനത്തിന്‍റെ തണുപ്പിന്‍റെ മുമ്പില്‍ അന്ധാളിച്ചു നില്ക്കുന്നു.  എന്നാല്‍ അതുമാത്രമല്ല നമുക്ക് സ്വന്തമായിട്ടുള്ളതെന്ന് കാണിച്ചുകൊടുക്കേണ്ടത് വളര‍െ പ്രധാനപ്പെട്ടതാണ്.  മറു വശത്ത്, ക്രൈസ്തവ വിശ്വാസം മറ്റ് മണ്ഡലങ്ങളുമായുള്ള സംവാദത്തിന് ഒരിക്കലും ഒരു വിലങ്ങുതടിയല്ല, മറിച്ച് ഒരു പാലമാണ് എന്ന് നമ്മുടെ ഭൗതികവല്‍കൃത ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  കേവലം യുക്തിപരമായ ഒരു സംസ്കാരത്തിന്, അത് സഹിഷ്ണുതയുള്ളതാകയാല്‍, മറ്റ് മതങ്ങളോടുള്ള സമീപനം അനായാസമാണെന്ന് ചിന്തിക്കുന്നത് ശരിയല്ല.  കാരണം അതുമായി ബന്ധപ്പെടാ൯ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാരംഭമിടുന്നതിനും എത്തിച്ചേരുന്നതിനുമുള്ള ബിന്ദുവായി വര്‍ത്തിക്കേണ്ട "മതാത്മകമായ ഒരു കേന്ദ്രത്തിന്‍റെ" അഭാവം അനുഭവപ്പെടുന്നു.  ആകയാല്‍ നാമിന്നു ജീവിക്കുന്ന പുതിയ സംസ്കാരാന്തര ചുറ്റുപാടില്‍ ദൈവത്തില്‍നിന്ന് അടര്‍ത്തിമാറ്റിയ ഒരു യുക്തിചിന്ത അപര്യാപ്തമാണെന്ന് നാം കാണിച്ചു കൊടുക്കണം, കാണിച്ചു കൊടുക്കാന്‍ നമുക്ക് കഴിയുംതാനും.  ദൈവം യുക്തിയുമായി സമന്വയിക്കുന്നതായി ദൃശ്യമാകുന്ന കൂടുതല്‍ വിശാലമായ യുക്തിപരമായ ഒരു ജ്ഞാനമാണ് ആവശ്യമായിരിക്കുന്നത്. യുറോപ്പില്‍ വികാസം പ്രാപിച്ച ക്രൈസ്തവ വിശ്വാസം യുക്തിയും സംസ്കാരവും സമന്വയിപ്പിക്കാനും, ഏകവും സമഗ്രവുമായ ഒരു ദര്‍ശനത്തില്‍ അവയെ കര്‍മ്മവുമായി സംശ്ലേഷ്പ്പിക്കാനുമുള്ള ഉപാധിയാണ്.  ഈ അര്‍ത്ഥത്തില്‍ നമുക്ക് സുപ്രധാനമായ ഒരു ദൗത്യമുണ്ട്: നാം സ്വന്തമാക്കിയിരിക്കുന്ന വചനം ചരിത്രത്തിന്‍റെ ചവറിന്‍റ‍ ഭാഗമല്ല, മറിച്ച് ഇന്നിന്‍റെ ആവശ്യമാണ‍െന്ന് കാണിച്ചു കൊടുക്കുക.

ചോദ്യംപരിശുദ്ധ പിതാവേ, ഇനി നമുക്ക് അങ്ങയുടെ അപ്പസ്തോലിക പര്യടനങ്ങളെക്കുറിച്ച് സംസാരിക്കാം.  അങ്ങ് വത്തിക്കാനില്‍, ജനങ്ങളില്‍നിന്ന് അകന്നും ലോകത്തില്‍നിന്ന് വേര്‍പെട്ടും, വസിക്കുന്നു.  ഈ വാസം, ഒരുപക്ഷേ, അസ്വസ്ഥതാജനകമായിരിക്കും അങ്ങേക്ക്, കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ ഈ അതിമനോഹര ചുറ്റുപാടില്‍ പോലും!  താമസ്സിയാതെ 80 വയസ്സ് പൂര്‍ത്തിയാകും അങ്ങേക്ക്.  മേലിലും, ദൈവസഹായത്തോടെ, നിരവധി വിദേശയാത്രകള്‍ നടത്താന്‍ കഴിയുമെന്ന് അങ്ങ് കരുതുന്നുവോ?  ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അങ്ങ് ഉദ്ദേശിക്കുന്നത്? വിശുദ്ധ നാട്? ബ്രസീല്‍?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  സത്യം പറഞ്ഞാല്‍ ഞാ൯ അത്ര ഏകാന്തനൊന്നുമല്ല.  എന്‍റെ വാസം ഉയര്‍ന്ന മതിലുകള്‍ക്കുള്ളിലാകയാല്‍, സ്വാഭാവികമായും, പ്രവേശനം അനായാസമല്ല!  എന്നാല്‍ ഒരു "പൊന്തിഫിക്കല്‍ കുടുംബം" ഉണ്ട്.  ധാരാളംപേര്‍ എന്ന‍െ സന്ദര്‍ശിക്കാനെത്തുന്നു, പ്രത്യേകിച്ചും ഞാ൯ റോമിലായിരിക്കുമ്പോള്‍.  മെത്രാ൯മാര്‍ വരും, മറ്റുള്ളവര്‍ വരും, പിന്നെ, രാഷ്ട്രത്തലവ൯മാരുടെ ഔദ്യോഗിക സന്ദര്‍ശനങ്ങളുണ്ട്.  രാഷ്ട്രീയ പ്രശ്നങ്ങളല്ലാത്തവയും എന്നോട് വ്യക്തിപരമായി സംസാരിക്കാനും വിശിഷ്ട വ്യക്തികളെത്തുന്നു.  ഇപ്രകാരം നാനാവിധത്തിലുള്ള കൂടികാഴ്ചകള്‍, ദൈവകൃപയാല്‍, തുടര്‍ച്ചയായി നടക്കുന്നു.  പത്രോസിന്‍റെ പി൯ഗാമിയുടെ സിംഹാസനം ഇപ്രകാരം കൂടികാഴ്ചകളുടെ ഒരിടമായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതുമാണ് എന്താ, ശരിയ‍‍‍‍‍‍‍‍‍‍‍‍‍ല്ലേ?  പിന്നെ, ഇരുപത്തിമൂന്നാം യോഹന്നാ൯ മാര്‍പാപ്പയുടെ കാലംമുതല്‍ ദോലകം മറു ദിശയിലേക്കും ചലിക്കാ൯ തുടങ്ങി.  അതായത്, മറ്റുള്ളവരെ സന്ദര്‍ശിക്കാ൯ മാര്‍പാപ്പമാര്‍ പുറത്തേക്ക് പോകാ൯ തുടങ്ങി.  നിരവധി നീണ്ട യാത്രകള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്താ൯മാത്രം ശക്തനായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലയെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.  എന്നാല്‍ ഒരു സന്ദേശം നല്കാ൯,  അവസരമൊരുക്കുമ്പോള്‍, അല്ലെങ്കില്‍ ആത്മാര്‍ത്ഥമായ ഒരഭിലാഷത്തിന് പ്രത്യുത്തരമായി, അത്തരം പര്യടനങ്ങള്‍ എന്നാല്‍ കഴിയുന്ന "അളവില്‍" നടത്താ൯ ഞാ൯ ആഗ്രഹിക്കുന്നു.  ചില യാത്രകള്‍ ഇപ്പോള്‍തന്നെ മു൯കൂട്ടി കാണുന്നുണ്ട്.  അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന "ചേലാമിന്‍റെ", ലത്തിനമേരിക്കയിലെ എപ്പിസ്ക്കോപ്പല്‍ സമിതിയുടെ, സമ്മേളനത്തില്‍, ഒരു വശത്ത് തെക്കെ അമേരിക്ക ജീവിക്കുന്ന നാടകീയ സംഭവങ്ങളും, മറുവശത്ത് ആ പ്രദേശത്ത് കര്‍മ്മനിരതമായിരിക്കുന്ന പ്രത്യാശയുടെ ശക്തിമുഴുവനും പരിഗണിക്കുമ്പോള്‍, ‌എന്‍റെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതായിരിക്കും.  പിന്നെ, വിശുദ്ധ നാട് സന്ദര്‍ശിക്കാ൯ ഞാ൯ അഭിലഷിക്കുന്ന.  സമാധാനം പുലരുന്ന ഒരു സമയത്ത് അവിടെ എത്താമെന്ന് ഞാ൯ പ്രതീക്ഷിക്കുന്നു.  ബാക്കിയെല്ലാം ദൈവപരിപാലന എനിക്കുവേണ്ടി എങ്ങനെ ഒരുക്കുന്നുവെന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ചോദ്യംഓസ്ട്രിയക്കാരും ജര്‍മ്മ൯ സംസാരിക്കുന്നവരാണല്ലൊ.  അവര്‍ അങ്ങയെ മരിയസ്സെല്ലില്‍ പ്രതീക്ഷിക്കുന്നു................

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ശരിയാണ്, ഞാ൯ അത് ഏറ്റതാണ്.  അല്പം അവിവേകമായി ഞാ൯ അവര്‍ക്ക് വാക്കുകൊടുത്തുപോയി.  ആ സ്ഥലം എനിക്ക് വളരെ ഇഷ്ടപ്പെട്ടതുകൊണ്ട് ഓസ്ട്രിയയുടെ മഹാ മാതാവിന്‍റെ (മാഞ്ഞാ മാത്തെര്‍ ഔസ്ട്രിയെ) സന്നിധിയില‍േക്ക് ഞാ൯ മടങ്ങി വരുമെന്ന് പറഞ്ഞു.  പെട്ടന്ന് അതൊരു വാഗ്ദാനമായിത്തിര്‍ന്നു.  ഞാന്‍ അത് നിറവേറ്റും, സഹര്‍ഷം പാലിക്കും.

ചോദ്യംപരിശുദ്ധ പിതാവേ, അങ്ങ് പൊതു കൂടികാഴ്ച നടത്തുന്ന ഓരോ ബുധനാഴ്ചയും ഞാ൯ അങ്ങയെ സവിസ്മയം വീക്ഷിക്കുന്നു.  സാധാരണ അമ്പതിനായിരം ആളുകളെത്തുന്നു ആ പരിപാടിക്ക്.  ആ ചടങ്ങ് ആയാസകരം, ഏറെ ആയാസകരമായിരിക്കുമല്ലൊ.  അങ്ങ് എങ്ങനെ ചെറുത്തു നില്ക്കുന്നു?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  അത്, നല്ലവനായ ദൈവം ആവശ്യക ശക്തി എനിക്കു നല്കുന്നു.  ജനങ്ങള്‍ ഏകുന്ന ഊഷ്മള സ്വാഗതം തീര്‍ച്ചയായും പ്രോത്സാഹനം പകരുന്നതുമാണ്.

ചോദ്യംപരിശുദ്ധ പിതാവേ, തൊട്ടു മുമ്പ് അങ്ങ് പറഞ്ഞു അല്പം അവിവേകമായി വാക്കുകൊടുത്തുവെന്ന്.  അതിന്‍റെ അര്‍ത്ഥം, അങ്ങയുടെ ശുശ്രൂഷ അത്യുന്നതമാണെങ്കിലും, അങ്ങേക്ക് ഔപചാരികതയുടെ അനവധി പരിമിതികള്‍ ഉണ്ടെന്നിരിക്കിലും, അങ്ങയുടെ നൈസര്‍ഗികത കൈമോശം വന്നിട്ടില്ല എന്നാണോ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  എല്ലാ അവസരത്തിലും അത് കാത്തുസൂക്ഷിക്കാ൯ ഞാ൯ ശ്രമിക്കുന്നു,  കാര്യങ്ങളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നുവെങ്കിലും തികച്ചും വ്യക്തിപരമായ ചിലതൊക്കെ നിലനിര്‍ത്താനും സാക്ഷാത്ക്കരിക്കാനും ഞാ൯ ശ്രദ്ധിക്കുന്നു,

ചോദ്യംപരിശുദ്ധ പിതാവേ, കത്തോലിക്കാ സഭയില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുണ്ട്.  സഭയിലെ ഉയര്‍ന്ന ഉത്തരവാദിത്വ പദവികളില്‍കൂടി അവരുടെ സംഭാവന വ്യക്തമായി പ്രകടമാകേണ്ടതല്ലേ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ആഴമായ പരിചിന്തനത്തിന്‍റെ ഒരു വിഷയമാണിത്.  താങ്ങള്‍ക്ക് അറിവുള്ളതുപോല‍െ, നമ്മുടെ വിശ്വാസവും അപ്പസ്തോല സംഘത്തിന്‍റെ ഘടനയും സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്കാതിരിക്കാ൯ നമ്മ‍െ ബാദ്ധ്യതപ്പെടുത്തുന്നു, നല്കാ൯ അനുവദിക്കുന്നുമില്ല.  എന്ന‍ാല്‍, വൈദികനായെങ്കിലേ സഭയില്‍ പ്രധാനപ്പെട്ട എന്തെങ്കിലും ദൗത്യം ഏറ്റെടുക്കാ൯ സാധിക്കുകയുള്ളുവെന്ന് ചിന്തിക്കേണ്ടതില്ല.  സ്ത്രീകള്‍ അനവധി ഉത്തരവാദിത്വങ്ങളും ദൗത്യങ്ങളും വഹിച്ചിരുന്നതായി സഭാചരിത്രം സാക്ഷിക്കുന്നു.  സഭാപിതാക്ക൯മാരുടെ സഹോദരികള്‍ തുടങ്ങി, മദ്ധ്യ യുഗത്തിലും, ആധുനിക യുഗത്തിലും മഹതികളായ മഹിളകള്‍  വളരെ നിര്‍ണ്ണായകങ്ങളായ ദൗത്യങ്ങള്‍ നിര്‍വഹിച്ചിട്ടുണട്.  മെത്രാ൯മാരുടെയും മാര്‍പാപ്പയുടെതന്നെയും നടപടികള‍ില്‍ പ്രതിഷേധം പ്രകടിപ്പിച്ച ബി൯ഗെയിലെ ഇല്‍ഡെഗാര്‍ഡ്, പിന്നെ, സീയന്നയിലെ കാതറി൯, സ്വീഡനിലെ ബ്രിഡ്ജിത്ത് എന്നിവരെക്കുറിച്ച് ചിന്തിക്കുക.  അതുപോലെ നമ്മുടെ ഇക്കാലത്തും സ്ത്രീകള്‍ - അവരോടൊപ്പം നമ്മള്‍ പുരുഷ൯മാരും - സഭയില്‍ അവര്‍ക്ക് യുക്തമായ സ്ഥാനം പുതുതായി സദാ അന്വേഷിച്ചുകൊണ്ടിരിക്കണം.  ഇന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിവിധ വകുപ്പുകളില്‍ സ്ത്രീകളുടെ ശ്രദ്ധേയമായ സാന്നിദ്ധ്യമുണ്ട്.  എന്നാല്‍ നിയമസംബന്ധമായ ഒരു പ്രശ്നമുണ്ട്.  അതായത്, കാന൯ നിയമമനുസരിച്ച് നിയമപരമായി ബന്ധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള അധികാരം പൗരോഹിത്യം സ്വീകരിച്ചവര്‍ക്കുമാത്രമാണ്.  ഇപ്രകാരം വീക്ഷിക്കുമ്പോള്‍ പരിധികളും പരിമിതികളുമുണ്ട്.  എന്നിരിക്കിലും സ്ത്രീകള്‍തന്നെ അവരുടെ ഊര്‍‍ജ്ജവും, ശക്തിയും, മേധാവിത്വവും, ഞാ൯ അതിനെ ആദ്ധ്യാത്മിക ശക്തിയെന്ന് വിശേഷിപ്പിക്കും, ഉപയോഗിച്ച് സഭയില്‍ തങ്ങള്‍ക്ക് സമുചിത സ്ഥാനങ്ങള്‍ കണ്ടെത്തുമെന്ന് ഞാ൯ കരുതുന്നു.  അവര്‍ക്ക് മാര്‍ഗ്ഗത്തടസം സൃഷ്ടിക്കാതിരിക്കുന്നതിന് നാം ദൈവസ്വര ശ്രവണത്തിലുടെ പരിശ്രമിക്കുകയും, സ്ത്രൈണ ഘടകം സഭയില്‍ ദൈവമാതാവിലും മഗ്ദലേനമറിയത്തിലും ആരംഭിച്ച തികച്ചും ഫലപ്രദമായ അനുയോജ്യ സ്ഥാനം കൈവരിക്കുമ്പോള്‍ ആഹ്ലാദിക്കുകയും ചെയ്യാം.

ചോദ്യം:  പരിശുദ്ധ പിതാവേ,  കത്തോലിക്കാ വിശ്വാസത്തോട് നവീനമായ ഒരാകര്‍ഷണം പൊതുവെ തോന്നുന്നതായി ഈ അടുത്ത സമയത്ത് പറയപ്പെടുന്നു.  അതിപുരാതന വ്യവസ്ഥാപനമായ കത്തോലിക്കാ സഭയുടെ വശീകരണ ശക്തിയെന്താണ്, ഭാവിയെന്താണ്?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  രണ്ടാം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ ഭരണകാലം മൊത്തത്തില്‍ ലോകജനതയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്തു.  അദ്ദേഹത്തിന്‍റെ മരണസമയത്ത് സംഭവിച്ചവ ചരിത്രപരമായി വ‍‍ളരെ സവിശേഷതയാര്‍ന്നവയായി നിലനില്ക്കും: ലക്ഷക്കണക്കാനാളുകള്‍ അത്ഭുതാവഹമായ ചിട്ടയോടെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്ക് പ്രവഹിക്കുകയും നീണ്ട നിരയില്‍ മണിക്കൂറുകള്‍ കാത്തുനില്ക്കുകയും ചെയ്തു.  അവരില്‍ അനേകര്‍ കുഴഞ്ഞുവീഴാമായിരുന്നപ്പോള്‍, ആന്തരികമായൊരു ശക്തിയാല്‍ എന്നവണ്ണം പിടിച്ചുനിന്നു.  തുടര്‍ന്ന് എന്‍റെ സ്ഥാനാരോഹണത്തിന്‍റെ അവസരത്തില്‍ അതേ അനുഭവം നാം വീണ്ടും ജീവിച്ചു, വീണ്ടും കൊളോണില്‍.  സമൂഹത്തിന്‍റെ അനുഭവം ഒരേസമയം വിശ്വാസാനുഭവുമായിത്തീരുന്നത് അതിമനോജ്ഞമാണ്.  കൂട്ടായ്മയുടെ അനുഭവം കേവലം ഏതെങ്കിലുമൊരു സ്ഥലത്ത് സംഭവിക്കുന്നതല്ല. പ്രത്യുത അത് കൂടുതല്‍ സജീവമായിത്തീര്‍ന്ന് വിശ്വാസത്തിന്‍റെ ഇടങ്ങളിലെല്ലാം കത്തോലിക്കാ സഭയെ പ്രകാശമാനമാക്കുന്നു.  തീര്‍ച്ചയായും ഇത് അനുദിന ജീവിത്തില്‍ തുടരണം.  ഇവ രണ്ടും ഒരുമിച്ച് പോകണം.  ഒരു വശത്ത്, അസുലഭ മഹാ വേളകളിലെ സാന്നിദ്ധ്യം ഒരു വ്യക്തിക്ക് സന്തോഷദായകമായി അനുഭവപ്പെടുന്നു.  കര്‍ത്താവ് അവിടെ സന്നിഹിതനാണെന്നും, നാം എല്ലാ അതിര്‍വരമ്പുകളും ഉല്ലംഘിക്കുന്ന അനുരഞ്ജനപ്പെട്ട ഒരു സമൂഹമായിരിക്കുന്നുവെന്നും അനുഭവപ്പെടുന്നു.  ഈ അനുഭവത്തില്‍നിന്നാണ്, അതിലെ പ്രകാശമാനമായ ബിന്ദുക്കളില്‍ ആരംഭിക്കുകയും തീര്‍ത്ഥാടക സമൂഹത്തിലേക്ക് മറ്റുള്ളവരെയും ക്ഷണിച്ചുംകൊണ്ട്,  ആയാസകരമായ അനുദിന അസ്തിത്വ തീര്‍ത്ഥാടനത്തിന്  ഊര്‍ജ്ജം ആര്‍ജ്ജിക്കേണ്ടത്.  ഈ സന്ദര്‍ഭം, എന്‍റെ സന്ദര്‍ശനത്തിനുവേണ്ടി നടത്തുന്ന ഒരുക്കങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍, അതിനായി ആളുകള്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ഓര്‍ക്കുമ്പോള്‍, വാസ്തവത്തില്‍ എനിക്ക് ലജ്ജ തോന്നുന്നുവെന്നറിയിക്കാ൯ ഉപയോഗപ്പെടുത്തുന്നു.  എന്‍റ‍െ വീടിന് പുതുതായി ചായം പൂശി, അതിന്‍റെ മതില്‍ തൊഴില്‍പരമായ പരിശീലനം നല്കുന്ന ഒരു വിദ്യാലയത്തിലെ അദ്ധ്യേതാദ്ധ്യാപകര്‍ചേര്‍ന്ന് പുതുക്കിപ്പണിതു,  ഇവാഞ്ജലിക്കല്‍ സഭാംഗമായ ഒരദ്ധ്യാപകനാണ് പണികളുടെ മേല്‍നോട്ടം വഹിച്ചത്.  ഇവയൊക്കെ നിസ്സാരങ്ങളായ വിശദാംശങ്ങളായിരിക്കാം. പക്ഷേ ചെയ്തവക്ക് ഉദാഹരണങ്ങളാണ്.  ഇവയെല്ലാം അസാധാരണങ്ങളായി ഞാ൯ കാണുന്നു.  എന്നാല്‍ ഇവ വ്യക്തിപരമായി എനിക്കുവേണ്ടി ചെയ്യുന്നവയായിട്ടല്ല, മറിച്ച് ഒരു വിശ്വാസ സമൂഹത്തിന്‍റെ ഭാഗമായിരിക്കാനും പര്സ്പരം സേവിക്കാനുമുള്ള അഭിലാഷത്തിന്‍റെ പ്രകടനമായി ഞാ൯ വീക്ഷിക്കുന്നു.  ഈ ദാര്‍ഢൈക്യം പ്രകടിപ്പിക്കുകയെന്നാല്‍ കര്‍ത്താവിനാല്‍ പ്രചോദിപ്പിക്കപ്പെടുന്നതിന് സ്വയം അനുവദിക്കുക എന്നാണ്.  അത് എന്ന‍െ സംബന്ധിച്ചിടത്തോളം ഹൃദയസ്പര്‍ശിയാണ്, അതിന് ഹൃദയംഗമമായ കൃതജ്ഞത പ്രകാശിപ്പിക്കാ൯ ഞാ൯ അഭിലഷിക്കുന്നു.

ചോദ്യംപരിശുദ്ധ പിതാവേ, അങ്ങ് സമൂഹത്തിന്‍റെ അനുഭവത്തെക്കുറിച്ചു പറഞ്ഞു.  പാപ്പാ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം രണ്ടാം പ്രാവശ്യം അങ്ങ് ജര്‍മ്മനിയില്‍ എത്തുകയാണ്.  ലോക യുവജനസംഗമം, അനന്തരം ലോക ഫുട്ബോള്‍ മേള എന്നിവയുടെ വേദിയായിരുന്ന ജര്‍മ്മനിയില്‍ അന്തരീക്ഷം ഇന്ന് ഒരു വിധത്തില്‍ മാറിയിരിക്കുന്നു.  ജര്‍മ്മ൯കാര്‍ ലോകത്തോട് കൂടുതല്‍ തുറവുള്ളവരായി, കൂടുതല്‍ സഹിഷ്ണുതയുള്ളവരായി, കൂടുതല്‍ സന്തോഷചിത്തരായി കാണപ്പ‍െടുന്നു.  ഞങ്ങള്‍ ജര്‍മ്മ൯കാരില്‍നിന്ന് അങ്ങ് ഇനിയും എന്താണഭിലഷിക്കുന്നത്?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  രണ്ടാം ലോകയുദ്ധം അവസാനിച്ചതിനുശേഷം ജര്‍മ്മ൯ സമൂഹത്തില്‍ ഒരാന്തരിക രൂപാന്തരീകരണം സംഭവിക്കാന്‍ തുടങ്ങിയെന്ന് ഞാ൯ പറയും.  ജര്‍മ്മ൯ ചിന്താഗതിയിലും വ്യതിയാനം വന്നുതുടങ്ങി, ആ മാറ്റം ഏകീകരണാനന്തരം ദൃഢത പ്രാപിക്കുകയും ചെയ്തു. നമ്മള്‍ കൂടുതലാഴത്തില്‍ വിശ്വസമൂഹത്തിന്‍റെ ഭാഗമായി, സ്വാഭാവികമായും അതിന്‍റെ മനോഭാവം നമ്മില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.  ജര്‍മ്മ൯ സ്വഭാവത്തിന്‍റ‍െ അന്നുവരെ മറ്റുള്ളവര്‍ അത്ര ശ്രദ്ധിക്കാതിരുന്ന പല ഘടകങ്ങളും സുവ്യക്തമാകുകയും ചെയ്തു.  ഒരു പക്ഷേ നമ്മള്‍ ജര്‍മ്മ൯കാര‍െ എപ്പോഴും അച്ചടക്കത്തില്‍ കര്‍ശനക്കാരും അല്പഭാഷികളുമൊക്ക‍െയായി അതിശയോക്തിപരമായി ചിത്രീകരിച്ചിരുന്നു.  വാസ്തവത്തില്‍ അതിന് അടിസ്ഥാനമുണ്ടുതാനും.  എന്നാല്‍ മറ്റുള്ളവര്‍ നമ്മെ എങ്ങനെ കാണുന്നുവെന്ന് ഇപ്പോള്‍ നമ്മള്‍തന്നെ കൂടൂതല്‍ നന്നായി കാണുന്നതില്‍ ഞാ൯ സന്തുഷ്ടനാണ്: ജര്‍മ്മന്‍കാര്‍ അല്പഭാഷികളും, സമയനിഷ്ഠ, അച്ചടക്കം എന്നിവയുള്ളവരും മാത്രമല്ല, അയത്നലളിതരും സന്തോഷചിത്തരും, അതിഥിസല്‍ക്കാരപ്രിയരും കൂടിയാണ്.  ഇത് അതിമനോഹരമാണ്.  ഈ സദ്ഗുണങ്ങളെല്ലാം ക്രിസ്തീയ വിശ്വാസത്തില്‍നിന്ന് ഇനിയും ഉത്തേജനവും സ്ഥിരതയും സ്വീകരിച്ച് ഉത്തരോത്തരം വളര്‍ന്ന് വികസിക്കട്ടെയ‍െന്നാണ് ‌എന്‍റെ അഭിലാഷം.

ചോദ്യംപരിശുദ്ധ പിതാവേ, അങ്ങയുടെ മു൯ഗാമി ഒട്ടനവധി ക്രൈസ്തവരെ വാഴ്ത്തപ്പെട്ടവരും വിശുദ്ധരുമായി നാമകരണം ചെയ്തു.  അത് അതിരുകവിഞ്ഞുപോയതായിപ്പോലും ചിലര്‍ അഭിപ്രായപ്പെടുന്നു.  എന്‍റെ ചോദ്യമിതാണ്: വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരെയും പ്രഖ്യാപിക്കുമ്പോള്‍ അവര്‍ യഥാര്‍ത്ഥ മാതൃകളായി കാണപ്പെടുന്നുവെങ്കില്‍മാത്രമേ സഭയെ ഉപരി സമ്പന്നയാക്കുന്നുള്ളു.  മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ജര്‍മ്മനിയില്‍നിന്ന് വിശുദ്ധരും വാഴ്ത്തപ്പെട്ടവരും തുലോം കുറവാണ്.  വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും നാമകരണം യഥാര്‍ത്ഥ അജപാലന ഫലം പുറപ്പെടുവിക്കത്തക്കവിധം ഈ അജപാലന മേഖല വികസിപ്പിക്കുന്നതിന് എന്തെങ്കിലും ചെയ്യാ൯ സാധിക്കുമോ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ടവരുടെ എണ്ണം വളരെകൂടുതലാണെന്നും, ഒരു പക്ഷേ കുറെക്കൂടെ നിഷ്കൃഷ്ടമായ ത‍െരഞ്ഞെടുപ്പ്, നമ്മുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളവരെ തെരഞ്ഞെടുക്കേണ്ടത്,  ആവശ്യമാണെന്നും ആരംഭത്തില്‍ എനിക്കും തോന്നിയതാണ്.  വാഴ്ത്തപ്പെട്ടവര്‍ ഏതേത് സ്ഥലങ്ങളില്‍നിന്ന് വരുന്നുവോ ആ സ്ഥലങ്ങളില്‍ അവര്‍ കൂടുതല്‍ ദൃശ്യരാകുന്നതിന് വാഴ്ത്തപ്പെട്ട നാമകരണകര്‍മ്മം ഇതിനോടകം ഞാ൯ വികേന്ദ്രീകരിച്ചുകഴിഞ്ഞു.  ഒരുപക്ഷേ, ഗോട്ടിമാലയില്‍നിന്നുള്ള ഒരു വിശുദ്ധ൯ നമ്മള്‍ ജര്‍മ്മനിയിലുള്ളവരില്‍ താല്പര്യം ഉണര്‍ത്തണമെന്നില്ല, മറിച്ച്, അള്‍ട്ട്യോട്ടിംഗില്‍നിന്നുള്ള ഒരു വിശുദ്ധനില്‍ ലോസ് ആഞ്ചലസുകാര്‍ താല്പര്യം പ്രകടിപ്പിക്കണമെന്നില്ല, ശരിയല്ലേ?  ഈ വികേന്ദ്രീകരണം മെത്രാ൯പദവിയുടെ സംഘാതാത്മകത്വത്തോട്, അതിന്‍റെ സംഘാതാത്മക സ്വഭാവത്തോട്, ചേര്‍ന്നു പോകുന്നതാണെന്ന് ഞാ൯ കരുതുന്നു.  ഭിന്ന രാജ്യങ്ങള്‍ക്ക് തങ്ങള്‍ക്ക് സ്വന്തമായ മാതൃകളുണ്ടെന്നും അവരുടെ മാതൃക ആ രാജ്യങ്ങളില്‍ വളരെ ഫലപ്രദമാണെന്നും ഊന്നിപ്പറയാനും ഇത് അനുയോജ്യമാണ്.  വിവിധ സ്ഥലങ്ങളില്‍വച്ച് നടക്കുന്ന വാഴ്ത്തപ്പെട്ട നാമകരണകര്‍മ്മം എപ്രകാരം കൂടുതല്‍ വിശ്വാസികളെ സ്പര്‍ശിക്കുന്നുവെന്ന് ഞാ൯തന്നെ നേരിട്ട് കണ്ടിട്ടുള്ളതാണ്.  "അവസാനം, ഇതാ, ഞങ്ങളില്‍ ഒരുവ൯" എന്ന് അവര്‍ പറയുന്നു.  അവര്‍ ആ വ്യക്തിയോട് പ്രാര്‍ത്ഥിക്കുകയും അയാളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.  ആ വാഴ്ത്തപ്പെട്ട ആത്മാവ് അവരുടെ സ്വന്തമാണ്.  അപ്രകാരം അനേകരുള്ളതില്‍ നാം സന്തോഷിക്കുകയും ചെയ്യുന്നു.  പടിപടിയായി,  ഒരാഗോള സമൂഹം രൂപപ്പെടുമ്പോള്‍, നാമും അവരെ കൂടുതല്‍അടുത്തറിയും, അത് ആനന്ദകരമായിരിക്കുംതാനും.  ഈ രംഗത്തും വൈവിദ്ധ്യമുള്ളത് സവിശേഷമാംവിധം പ്രധാനപ്പെട്ടതാണ്. ആ അര്‍ത്ഥത്തില്‍ നമ്മള്‍ ജര്‍മ്മനിയിലുള്ളവരും നമ്മുടെ സ്വന്തം പുണ്യാത്മക്കളെ തിരിച്ചറിയേണ്ടതും അവരെപ്പറ്റി ആഹ്ലാദിക്കേണ്ടതും പ്രധാനപ്പെട്ടതാണ്.  ഇതിനു സമാന്തരമായി, അതിവിശ്രുതരായ മഹാത്മാക്കളെ സഭ മുഴുവനും മാതൃകളായി വിശുദ്ധരായി പ്രഖ്യാപിക്കുന്ന കര്‍മ്മവുമുണ്ട്. ആ പദവിയിലേക്കുയര്‍ത്തപ്പെടാ൯ യോഗ്യരായവരെ തെരഞ്ഞെടുക്കേണ്ടത് അതാത് ദേശീയ മെത്രാ൯സംഘമാണെന്ന് ഞാ൯ പറയും.  തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവ്യക്തി ആരെന്നും, നമുക്കു നല്കാ൯ ആ വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഒരു സന്ദേശമുണ്ടോയെന്നും അതാണ് തീരുമാനിക്കേണ്ടത്.  അങ്ങന‍െയുള്ള ശ്രദ്ധേയരായ വ്യക്തികളെ, അവര്‍ അധികമാകരുത്, ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവര്‍ അവരുടെ മനസ്സില്‍ സ്ഥാനംപിടിക്കാന്‍ അനുവദിക്കുകയും ചെയ്യണം.  മതപ്രബോധനം, പ്രഭാഷണം, അതുപോലെ അവരുടെ ജീവിതം അവതരിപ്പിക്കുന്ന ചലച്ചിത്രത്തിന്‍റെ പ്രദര്‍ശനം എന്നിവയൊക്കെവഴി ഇതു സാധിക്കാം.  അത്തരം മനോഹരങ്ങളായ ചില ചലച്ചിത്രങ്ങള്‍ വിഭാവനം ചെയ്യാ൯ എനിക്കാവും.  ഞാ൯ ഏറ്റവും നന്നായി അറിയുന്നത് സഭാപിതാക്ക൯മാരെ മാത്രമാണ്.  വിശുദ്ധ അഗസ്ററിനെ അല്ലെങ്കില്‍ ഏറെ പ്രത്യേകതകളുള്ള ( തനിക്ക് നല്കപ്പെട്ട ഉത്തരോത്തരം ഉയര്‍ന്ന ഉത്തരവാദിത്വങ്ങളില്‍നിന്ന് നിരന്തരം ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നത് തുടങ്ങിയവ ) നസ്സിയാ൯സിലെ വി. ഗ്രിഗരിയ‍െ അധികരിച്ച് ഒരു സിനിമ നിര്‍മ്മിച്ച്, നിരവധി ചലച്ചിത്രങ്ങള്‍ പ്രമേയമാക്കുന്ന മോശമായ ചുറ്റുപാടുകള്‍ മാത്രമല്ല, വിസ്മയകരമായ ജീവിതം നയിച്ച ചരിത്ര പുരുഷ൯മാരുണ്ടെന്നും അവരുടെ ജീവിതകഥ ഒരിക്കലും മുഷിപ്പനല്ല മറിച്ച് ഏറെ ആനുകാലികപ്രസക്തമാണെന്നും കാണിച്ചുകൊടുക്കേണ്ടിയിരിക്കുന്നു.  ജനങ്ങളുടെമേല്‍ അമിതഭാരം കെട്ടിവയ്ക്കുന്നില്ലയെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, പ്രസക്തരും പ്രചോദനം പകരുന്നവരുമായ അനവധി വ്യക്തികളെ അവര്‍ക്ക് നാം കാണിച്ചു കൊടുക്കുകതന്നെവേണം.

ചോദ്യംഅവരുടെ ജീവചരിത്രത്തിലും ഫലിത കഥകളുണ്ടോ?  1989-ല്‍ മ്യൂണിക്കില്‍വച്ച് അങ്ങേക്ക് കാള്‍ വാലെന്തീ൯ ഓര്‍ഡെ൯ പുരസ്ക്കാരം നല്കപ്പെട്ടു.  ഒരു മാര്‍പാപ്പയുടെ ജീവിതത്തില്‍ ഫലിതത്തിന് എന്ത് ദൗത്യമാണുള്ളത്?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ഫലിതകഥനത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുന്ന ഒരു മനുഷ്യനല്ല ഞാ൯. എന്നാല്‍ ജീവിതത്തിന്‍റെ നര്‍മ്മ വശവും ആഹ്ലാദപ്രദ മാനവും കാണാ൯ കഴിയുന്നതും എല്ലാം ശോകപര്യവസായിയായി കാണാതിരിക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാ൯ കരുതുന്നു.  എന്‍റെ ശുശ്രൂഷയെ സംബന്ധിച്ചും ഈ വീക്ഷണം ആവശ്യകമാണെന്ന് ഞാ൯ പറയും.  മാലാഖമാര്‍ക്ക് പറക്കാ൯ കഴിയുന്നത് അവര്‍ സ്വയം കനപ്പെട്ടവരായി കരുതാത്തതുകൊണ്ടാണെന്ന് ഒരെഴുത്തുകാര൯ ഒരിക്കല്‍ പറഞ്ഞു.  വളരെ പ്രധാനപ്പെട്ടവരായി സ്വയം കരുതാത്തപക്ഷം ഒരുപക്ഷേ നമുക്കും കുറച്ചുദൂരം പറക്കാ൯ കഴിഞ്ഞേക്കും!

ചോദ്യം: അങ്ങയുടേതുപോലുള്ള സുപ്രധാനമായ ഒരു സ്ഥാനം വഹിക്കുമ്പോള്‍, പരിശുദ്ധ പിതാവേ, അങ്ങ്, സ്വാഭാവികമായും, ഏറെ നിരീക്ഷിക്കപ്പെടുന്നു. മറ്റുള്ളവര്‍ അങ്ങയെപ്പറ്റി സംസാരിക്കുന്നു.  "ബനഡിക്ട് മാര്‍പാപ്പ കര്‍ദ്ദിനാള്‍ റാറ്റ്സിംഗറില്‍നിന്ന് തികച്ചും വ്യത്യസ്തനാണ്" എന്ന് പല നിരീക്ഷകരും അങ്ങയെക്കുറിച്ച് ര‍േഖപ്പെടുത്തിയ അഭിപ്രായം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.  അങ്ങ് അങ്ങയെത്തന്നെ എങ്ങനെ കാണുന്നുവെന്ന്, അങ്ങയുടെ അനുവാദത്തോടെ, ചോദിച്ചുകൊള്ളട്ടേ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  ഞാ൯ പല തവണ വ്യത്യസ്തനായി കഴിഞ്ഞതാണ്: അദ്ധ്യാപക൯ എന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍, കര്‍ദ്ദിനാള്‍ ‌എന്ന നിലയില്‍ ആരംഭത്തിലും, തുടര്‍ന്നും, മദ്ധ്യേയുള്ള ഘട്ടത്തില്‍.  ഇപ്പോള്‍, ഇതാ, മറ്റൊരു വിഭജനംകൂടി.  തീര്‍ച്ചയായും ചുറ്റുപാടുകളും സാഹചര്യങ്ങളും ചുറ്റുമുള്ള ആളുകളും ഒരുവന‍െ സ്വാധീനിക്കുന്നു, കാരണം വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങളാണ് വഹിക്കുന്നത്.  എന്‍റെ അടിസ്ഥാനപരമായ വ്യക്തിത്വവും അതുപോലെ എന്‍റെ മൗലികമായ വീക്ഷണവും വളര്‍ന്നുവെന്നു പറയാം.  എന്നാല്‍ ഇവയുടെയെല്ലാം മദ്ധ്യത്തിലും സത്താപരമായ എല്ലാററിലും ഞാ൯ അഭിന്നനായി നിലനില്ക്കുന്നു,  എന്‍റെ വ്യക്തിത്വത്തിന്‍റെ നേരത്തെ ശ്രദ്ധിക്കപ്പെടാതിരുന്ന ചില വശങ്ങള്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നതില്‍ ഞാ൯ സന്തുഷ്ടനാണ്.

ചോദ്യംഅങ്ങയുടെ ശുശ്രൂഷ അങ്ങ് ഇഷ്ടപ്പെടുന്നുവെന്ന് പറയാനാവുമോ?  ഇത് അങ്ങേക്ക് ഒരു ഭാരമല്ലേ?

പാപ്പാ ബനഡിക്ട് പതിനാറാമ൯:  അങ്ങന‍െ പറയുന്നത് അല്പം കടന്നുപോകും, വാസ്തവത്തില്‍ ഇത് ഭാരമേറിയതുതന്നെയാണ്.  എങ്കിലും ഇതിലും സന്തോഷം കണ്ടെത്താ൯ ഞാ൯ പരിശ്രമിക്കുന്നു.

സമാപനം" ലോകത്തില്‍ ആദ്യത്തേതായ" ഈ സംഭാഷണത്തിന് എന്‍റെ സഹപ്രവര്‍ത്തകരുടെ നാമത്തിലും അങ്ങക്ക് ആത്മാര്‍്ത്ഥമായ കൃതജ്ഞത അര്‍പ്പിക്കുന്നു. ജര്‍മ്മനിയിലെ, ബവേറിയയിലെ, അങ്ങയുടെ ആസന്ന സന്ദര്‍ശനം ഉറ്റുനോക്കിക്കൊണ്ട് ഞങ്ങള്‍ വിട വാങ്ങുന്നു.

=====================================================================

 
All the contents on this site are copyrighted ©.