2006-08-10 14:56:22

മാര്‍പാപ്പ ലബനനില്‍ ഉട൯ വെടിനിര്‍ത്തല്‍  ഏര്‍പ്പെടുത്താ൯ അഭ്യര്‍ത്ഥിച്ചു.


ഭാതൃഹത്യാപരമായ സായുധസംഘട്ടനത്തില്‍പ്പെട്ട് നട്ടംതിരിയുന്ന പശ്ചിമേഷ്യയിലെ ജനങ്ങള്‍ക്ക് പരിശുദ്ധ കന്യകാമറിയം സമാധാനം പ്രാപിച്ചുകൊടുക്കട്ടെയെന്ന് പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു.  യേശുവിന്‍റെ രൂപാന്തരീകരണത്തിന്‍റെ തിരുനാള്‍കൂടിയായിരുന്ന ഞായറാഴ്ച ഉച്ചക്ക് കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ അപ്പസ്തോലിക അരമനയുടെ അങ്കണത്തില്‍ സമ്മേളിച്ച തീര്‍ത്ഥാടകരോടൊത്ത് ത്രികാലജപം ചൊല്ലുന്നതിനുമുമ്പ് നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇതു പറഞ്ഞത്.  പ്രാര്‍ത്ഥനയില്‍ നിരന്തരമായി അപേക്ഷിക്കേണ്ട ദൈവത്തിന്‍റെ ഒരു ദാനമാണ് സമാധാനമെന്ന് നമുക്കേവര്‍ക്കും നന്നായി അറിയാമെങ്കിലും സന്മനസ്സുള്ള സകല മനുഷ്യരുടെയും പ്രതിബദ്ധതയുമാണതെന്ന് നാം ഓര്‍ക്കേണ്ട സന്ദര്‍ഭമാണിതെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.  പോപ്പ് ബനഡിക്ട് പതിനാറാമ൯ ഇപ്രകാരം തുടര്‍ന്നു: ഈ ഉത്തരവാദിത്വത്തില്‍നിന്ന് ആരും ഒഴിഞ്ഞുമാറാതിരിക്കട്ടെജനങ്ങള്‍ കൊടുംയാതനകള്‍ അനുഭവിക്കുന്ന ആ പ്രദേശത്ത് ഉടനടി വെടിനിര്‍ത്താ൯ ഇതുവരെ നടത്തിയ അഭ്യര്‍ത്ഥനകള്‍ കേവലം വനരോദനങ്ങളായി പരിണമിച്ച ദുഃഖകരമായ വസ്തുതയുടെ മുമ്പില്‍ എന്‍റെ തീവ്രമായ അഭ്യര്‍ത്ഥന നവീകരിക്കേണ്ടതും, നീതിപൂര്‍വ്വകവും സ്ഥായിയുമായ ഒരു സമാധാനം സ്ഥാപിക്കുന്നതിന് കര്‍മ്മനിരതമായ സംഭാവന നല്കാ൯ ഏവരെയും ആഹ്വാനം ചെയ്യേണ്ടതും അടിയന്തരാവശ്യമായി എനിക്കനുഭവപ്പെടുന്നു. നവീകരിക്കപ്പെട്ട എന്‍റെ ഈ അഭ്യര്‍ത്ഥന ഏറ്റവും പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥ്യത്തിന് ഞാ൯ സമര്‍പ്പിക്കുന്നു.

യേശുവിന്‍റെ രൂപാന്തരീകരണത്തിന്‍റെ തിരുനാള്‍ രക്ഷാകരരഹസ്യത്തിലുടനീളം സന്നിഹിതമായ ദൈവപ്രകാശത്തിന്‍റെ രഹസ്യത്തിലേക്ക് നമ്മുടെ ഹൃദയത്തിന്‍റെ നയനങ്ങള്‍ തുറക്കാ൯ നമ്മെ ക്ഷണിക്കുന്നുവെന്ന് പാപ്പാ ബനഡിക്ട് പതിനാറാമ൯ പ്രബോധിപ്പിച്ചു.  ദൈവത്തിന്‍റെ പ്രകാശത്തിന്‍റെ പൂര്‍ണ്ണ ആവിഷ്ക്കാരമായി പുതിയനിയമത്തില്‍ യേശു പ്രത്യക്ഷപ്പെടുന്നുവെന്നും അവിടുത്തെ പുനരുഥാനം അന്ധകാരത്തിന്‍റെയും തിന്മയുടെയും ശക്തികളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തിയെന്നും മാര്‍പാപ്പ പറഞ്ഞു.  യേശു ക്രിസ്തുവില്‍ ദൈവത്തിന്‍റെ പ്രകാശം മനുഷ്യ ജീവിതത്തെയും മാനവ ചരിത്രത്തിന്‍റെ ഗതിയെയും നിയതമായി ദീപ്തമാക്കുന്നു. ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണെന്നും എന്നെ അനുഗമിക്കുന്നവ൯ ഒരിക്കലും അന്ധകാരത്തില്‍ നടക്കുന്നില്ലയെന്നും യേശു അരുളിച്ച‍െയ്തു. (യോഹ. 8:12).

-------------------------------------------------------------------------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.