2006-08-02 18:27:38

ബുധനാഴ്ചത്ത‍െ പൊതുകൂടികാഴ്ച മാര്‍പാപ്പ വത്തിക്കാനില്‍ പുനരാരംഭിച്ചു.


മൂന്നാഴ്ച മുടങ്ങിയ പൊതുകൂടിക്കാഴ്ചാപരിപാടി പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഓഗസ്റ്റ് രണാടാം തീയതി ബുധനാഴ്ച വത്തിക്കാനില്‍ പുനരാരംഭിച്ചു.  വിശുദ്ധ പത്രോസിന്‍റെ ബസലിക്കയുടെ അങ്കണത്തില്‍വച്ച് അനുവദിച്ച ഈ പൊതുദര്‍ശനത്തില്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ അമ്പതിനായിരം തീര്‍ത്ഥാടകരും സന്ദര്‍ശകരും സംബന്ധിച്ചിരുന്നു.  അവരില്‍ ഏതാണ്ട് നാല്പതിനായിരവും പതിനേഴ് യൂറോപ്യ൯ രാജ്യങ്ങളില്‍നിന്ന് റോംതീര്‍ത്ഥാടനത്തിനെത്തിയിരുന്ന അള്‍ത്താരശുശ്രൂഷികളായ യുവജനങ്ങളായിരുന്നു.  പോപ്പ് ബനഡിക്ട് പതിനാറാമ൯ ഈ പൊതുകൂടിക്കാഴ്ച പശ്ചിമേഷ്യയിലെ സമാധാനത്തിനുവേണ്ടിയുള്ള  തന്‍റെ അഭ്യര്‍ത്ഥന നവീകരിക്കാനും അവസരമാക്കി. പാപ്പാ പറഞ്ഞു: “ കൊടുംയാതനയിലൂടെ കടന്നുപോകുന്ന പ്രിയ പശ്ചിമേഷ്യ പ്രദേശത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന തുടരാ൯ ഞാ൯ എല്ലാവരെയും ക്ഷണിക്കുന്നു. അനേകരുടെ, വിശിഷ്യാ കുഞ്ഞുങ്ങളുടെ, ഛിന്നഭിന്നമായ ശരീരങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ നമ്മുടെ നയനങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു.  ലബനനിലെ ക്വാനയെപ്പറ്റി ഇത്തരുണത്തില്‍ ഞാ൯ പ്രത്യേകം ചിന്തിക്കുന്നു.  ഏതുപക്ഷത്തുനിന്ന് ആയിരുന്നാലും നിരപരാധികളുടെ രക്തം ചിന്താ൯ ഇടയാക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലയെന്ന് ആവര്‍ത്തിച്ചു പറയാ൯ ഞാ൯ അഭിലഷിക്കുന്നു.  എല്ലാ സംഘര്‍ങ്ങളും അക്രമങ്ങളും ഉടനടി അവസാനിപ്പിക്കാനുള്ള തീവ്രമായ അഭ്യര്‍ത്ഥന ദുഃഖപൂരിത ഹൃദയത്തോടെ ഒരിക്കല്‍കൂടി ഞാ൯ നവീകരിക്കുന്നു. അതോടൊപ്പം സംഘര്‍ഷത്തിന്, വരും തലമുറകള്‍ക്ക് പ്രശാന്തവും സുരക്ഷിതവുമായ ഭാവി ഉറപ്പാക്കാ൯ പോരുന്ന, നിയതമായ ഒരു രാഷ്ട്രീയ പരിഹൃതിക്കുള്ള വ്യവസ്ഥകള്‍ എത്രയുംപെട്ടന്ന് നിര്‍ദ്ദേശിക്കാ൯ അന്തര്‍ദ്ദേശിയ സമൂഹത്തെയും ഈ ദുരന്തത്തില്‍ നേരിട്ട് അന്തര്‍ഭവിച്ചിട്ടുള്ള ഏവരെയും ഞാ൯ ആഹ്വാനം ചെയ്യുകയുമാണ്.

--------------------------------------------------------------------------------------------------------------------------------------------------------------------------








All the contents on this site are copyrighted ©.