2006-07-13 16:03:49

മനുഷ്യവ്യക്തി: സമാധാനത്തിന്‍റെ ഹൃദയം- 2007-ലെ വിശ്വശാന്തിദിനത്തിന്‍റെ വിചിന്തന വിഷയം.


ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കത്തോലിക്കാ സഭ 2007 ജനുവരി ഒന്നിന് ആചരിക്കുന്ന നാല്പതാം ലോകസമാധാനദിനത്തിന് മനുഷ്യവ്യക്തി: സമാധാനത്തിന്‍റ‍െ ഹൃദയം എന്ന വിഷയം വിചിന്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു. മനുഷ്യവ്യക്തിയുടെ അന്തസ്സിനെ ബഹുമാനിക്കേണ്ടത് മനുഷ്യ കുടുംബത്തില്‍ ശാന്തി പുലരുന്നതിന് ഒരവശ്യ വ്യവസ്ഥയാണെന്ന ബോദ്ധ്യമാണ് അടുത്ത ലോകസമാധാനദിനാചരണം പ്രമാണിച്ചുള്ള തന്‍റെ സന്ദേശത്തിന് ഈ പ്രമേയം സ്വീകരിക്കാന്‍ പാപ്പയ‍െ പ്രേരിപ്പിച്ചത്.  വ്യക്തിയുടെ ഔന്നത്യം, യഥാര്‍ത്ഥത്തില്‍, സ്വന്തം ഛായയിലും സാദൃ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ശ്യത്തിലും മനുഷ്യന‍െ സൃഷ്ടിച്ച ദൈവം അവന്‍റെമേല്‍ പതിച്ചിരിക്കുന്ന മുദ്രയും മനുഷ്യരാശിയുടെ പൊതുഭാഗധേയത്തിന്‍റെ അടയാളവും, മനുഷ്യന് ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനവുമാണ്. ഓരോ പുരുഷനും സ്ത്രീക്കുമുള്ള സര്‍വ്വാതിശായിയായ ഔന്നത്യത്തെപ്പറ്റിയുള്ള അവബോധം പുലര്‍ത്തുമ്പോള്‍ മാത്രമാണ് മനുഷ്യകുടുംബം സമാധാനത്തിലേക്കും ദൈവവുമായുള്ള കൂട്ടയ്മയിലേക്കും നയിക്കുന്ന മാര്‍ഗ്ഗത്തില്‍ ചരിക്കുന്നത്. അയല്‍ക്കാരനോടുള്ള സ്നേഹം ദൈവവുമായുള്ള കുടികാഴ്ചയിലേക്ക് നയിക്കുന്ന ഒരു പാതയാണെന്ന്  പതിനാറാം ബനഡിക്ട് മാര്‍പാപ്പ ദൈവം സ്നേഹമാകുന്നു എന്ന തന്‍റെ ചാക്രിക ലേഖനത്തില്‍ എഴുതുന്നു(16).

ഇന്ന്, ഒരുപക്ഷേ കൂടുതല്‍ ബോദ്ധ്യപ്പെടുത്തുന്ന വിധത്തിലും പൂര്‍വ്വാധികം ഫലപ്രദങ്ങളായ ഉപാധികള്‍ വഴിയും, വികലമായ പ്രത്യയശാസ്ത്രങ്ങള്‍ മനുഷ്യാന്തസ്സിന് ഭീഷണിയുയര്‍ത്തുകയും, ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യകളുടെയും വഴിപിഴച്ച ഉപയോഗംവഴി അതിന്‍റെനേരെ കടന്നാക്രമണം നടത്തുകയും, അതിനോട് പൊരുത്തപ്പെടാത്ത ജീവിതശൈലി അവലംബിച്ചുകൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു.  മനുഷ്യാന്തസ്സിന് വിരുദ്ധമായ ജീവിതശൈലികളുടെ വ്യാപനവും വര്‍ദ്ധമാനമായ കൈക്കൊള്ളലും, ക്രമനിബദ്ധവും സമാധാനപരവുമായ ഒരു സഹവര്‍ത്തിത്വത്തിനുള്ള അഭിലാഷം അവസാനം അണഞ്ഞുപോകത്തക്കവിധം, ഹൃദയങ്ങളെയും മനസ്സുകളെയും ദുര്‍ബലമാക്കിക്കൊണ്ടിര്ക്കുന്നു.  മനുഷ്യാന്തസ്സ് മാനിക്കപ്പെടാതിരിക്കുകയും,സാമൂഹ്യ സഹജീവനം പൊതുനന്മ അന്വേഷിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സമാധാനം അപകടത്തിലാണ്.

ജീവന്‍റ‍െ സുവിശേഷം, പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ കേന്ദ്രസ്ഥാനം, മനുഷ്യകുലത്തോട് ദൈവത്തിനുള്ള സ്നേഹം എന്നിവ പ്രഘോഷിക്കുക സഭയുടെ ദൗത്യമാണ്. തന്‍റെ സന്ദേശം മനുഷ്യഹൃദയത്തിന്‍റെ ഏറ്റവും നിഗൂഢമായ അഭിലാഷങ്ങള്‍ക്ക് അനുരൂപമാണെന്ന് അവള്‍ മനസ്സിലാക്കുന്നു. അവളുടെ സന്ദേശം മനുഷ്യനെ തരംതാഴ്ത്തുന്നതില്‍നിന്നും വിദൂരസ്ഥമാണെന്നു മാത്രമല്ല, മനുഷ്യപുരോഗതിക്ക് പ്രകാശവും, ജീവനും, സ്വാതന്ത്ര്യവും പ്രദാനംചെയ്യുകകൂടി ചെയ്യുന്നുണ്ട്-സഭ ആധു.ലോക. 21. മനുഷ്യവ്യക്തിയോട് ചെയ്യുന്ന ഓരോ അപരാധവും സമാധാനത്തിനുയരുന്ന ഓരോ ഭീഷണിയാണ്. സമാധാനത്തിനുയരുന്ന ഓരോ ഭീഷണിയും മനുഷ്യവ്യക്തിയ‍െയും ദൈവത്തെയും സംബന്ധിച്ച സത്യത്തോടുചെയ്യുന്ന ഓരോ അപരാധമാണ്: മനുഷ്യവ്യക്തി സമാധാനത്തിന്‍റെ ഹൃദയമാണ്

-------------------------------------------------------------------------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.