2006-06-04 16:22:04

ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച പ്രശ്നത്തിന് ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്ന് വത്തിക്കാന്‍.


ഇറാന്‍റെ ആണവ പദ്ധതി സംബന്ധിച്ച പ്രതിസന്ധി തുറന്നതും സൃഷ്ടിപരവുമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള ഏതൊരു സംരംഭത്തെയും വത്തിക്കാന്‍ പിന്തുണയ്ക്കുമെന്ന്  പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫീസ് ശനിയാഴ്ച അറിയിച്ചു.  ഈ പ്രശ്നത്തിന്‍റെ പരിഹൃതിക്ക് ഇന്നുള്ള വൈഷമ്യങ്ങളും നയതന്ത്രമാര്‍ഗ്ഗത്തിലൂടെ, നയതന്ത്രപരായണത വച്ചുനീട്ടുന്ന സര്‍വ്വോപാധികളും ഉപയോഗപ്പെടുത്തി, തരണം ചെയ്യാന്‍ സാധിക്കുമ‍െന്നും സാധിക്കണമ‍െന്നും ഉള്ളതാണ് തിരുസിംഹാസനത്തിന്‍റെ ഉറച്ച ബോധ്യമെന്ന് പ്രസ്സ് ഓഫീസ് മേധാവി ഹൊവാക്കിന്‍ നവാരൊ-വാല്‍സ് പറഞ്ഞു. പരസ്പര വിശ്വാസത്തിന് യഥാര്‍ഥത്തില്‍ വിഘാതം സൃഷ്ടിക്കുന്ന ഘടകങ്ങളെ സ്വകാര്യ സംഭാഷണങ്ങളിലൂടെ, ഇരുപക്ഷവും പ്രകടിപ്പിച്ചിട്ടുള്ള  സന്‍മനസ്സിന്‍റെ യാതൊരടയാളവും അവഗണിക്കാതെയും, ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളുടെയും അന്തസ്സും വികാരങ്ങളും മാനിച്ചുകൊണ്ടും, ദൂരീകരിക്കേണ്ടത്, പ്രത്യേകമാംവിധം ആവശ്യകമായി കാണപ്പെടുന്നു.  ഈ സമീപനംവഴി ഇരുവിഭാഗങ്ങള്‍ക്കും കൂടുതല്‍ അടുത്തുവരുന്നതിനു സാധിക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.         

ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ ഇറാന് സാമ്പത്തിക സഹായം നല്‍കാനും അല്ലാത്തപക്ഷം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും യു. എ൯. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ട൯, അമേരിക്ക, റഷ്യ, ചൈന, ഫ്രാ൯സ്, എന്നീ രാജ്യങ്ങളുടെയും  ജര്‍മ്മനിയുടെയും വിദേശകാര്യ മന്ത്രിമാര്‍  വ്യാഴാഴ്ച വിയന്നയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ തീരുമാനിച്ച പശ്ഛാത്തലത്തിലാണ് വത്തിക്കാ൯ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 








All the contents on this site are copyrighted ©.