2006-06-03 09:11:48

ലോക മിഷന്‍ ദിനത്തിനുള്ള മാര്‍പാപ്പയുടെ സന്ദേശം പുറപ്പെടുവിച്ചു.


കത്തോലിക്കാസഭ ഒക്ടോബര്‍ 22 ഞായറാഴ്ച ആചരിക്കുന്ന ലോക മിഷന്‍ ദിനം പ്രമാണിച്ചുള്ള പതിനാറാം ബനഡിക്ട് മാര്‍പാപ്പയുടെ സന്ദേശം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.  സ്നേഹം,പ്രേഷിതത്വത്തിന്‍റ‍ ആത്മാവ്  എന്ന വിഷയമാണ് ഇക്കൊല്ലത്തെ മിഷന്‍ ദിനത്തിനുള്ള സന്ദേശത്തില്‍  പാപ്പാ വിചിന്തനം ചെയ്യുന്നത്.  പ്രേഷിത പ്രവര്‍ത്തനം സ്നേഹത്താല്‍ നയിക്കപ്പെടുന്നതല്ലെങ്കില്‍,  ആഴമായ ഒരു ദൈവസ്നേഹ പ്രകടനത്തില്‍നിന്ന് നിര്‍ഗ്ഗളിക്കുന്നതല്ലെങ്കില്‍,  കേവലം പരോപകാരകവും സാമൂഹ്യവുമായ ഒരു പ്രവൃത്തിയായി അത് തരംതാഴുന്ന അപകടമുണ്ടെന്ന് മാര്‍പാപ്പ മുന്നറിയിപ്പു നല്കുന്നു തന്‍റെ സന്ദേശത്തില്‍.  ഓരോ മനുഷ്യ വ്യക്തിയോടും ദൈവത്തിനുള്ള സ്നേഹമാണ് വാസ്തവത്തില്‍ സുവിശേഷാനുഭവത്തിന്‍റെയും സുവിശേഷപ്രഘോഷണത്തിന്‍റെയും ഹൃദയമായി നിലകൊള്ളുന്നതെന്നും, സുവിശേഷം സ്വീകരിക്കുന്നവര്‍ ആ സ്നേഹത്തിന്‍റെ സാക്ഷികളായിത്തീരുന്നു എന്നും പാപ്പാ പറയുന്നു.   ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്‍റെ മിഷന്‍ദിന സന്ദേശം ഇങ്ങനെ തുടരുന്നു:  ലോകത്തിന് ജീവ൯നല്കുന്ന ദൈവത്തിന്‍റെ സ്നേഹം, രക്ഷയുടെ വചനമായ, സ്വര്‍ഗ്ഗീയപിതാവിന്‍റെ കരുണയുടെ പരിപൂര്‍ണ്ണ പ്രതിരൂപമായ, യേശുവില്‍ നമുക്ക് ദാനമായി ലഭിച്ച സ്നേഹമാണ്.  ദൈവത്തിന്‍റെ രക്ഷാകര സന്ദേശം വിശുദ്ധ യോഹന്നാന്‍ ഈ വാക്യത്തില്‍ സംക്ഷേപിച്ചിരിക്കുന്നുവെന്നു പറയാം - തന്‍റെ ഏക പുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു.  അങ്ങനെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.(1 യോഹ. 4:9 ).  സ്നേഹമായ ദൈവത്തെ പ്രഘോഷിക്കാന്‍ ഓരോ ക്രിസ്തിയ സമൂഹവും വിളിക്കപ്പെട്ടിരിക്കുന്നു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രക്ഷകന്‍റെ മിഷന്‍എന്ന തന്‍റെ ചാക്രികലേഖനത്തില്‍ പ്രബോധിപ്പിക്കുന്നതുപോലെ സ്നേഹത്തിന്‍റെ പ്രവൃത്തികളാണ് പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ജീവന്‍.  സ്നേഹമാണ് ഇന്നും എന്നും പ്രേഷിതത്വത്തിന്‍റെ പ്രേരക ശക്തി.  എന്തു ചെയ്യണം, എന്തു ചെയ്തു കൂടാ, എന്തു മാറ്റണം, എന്തു മാറ്റിക്കൂടാ എന്നൊക്കെ തീരുമാനിക്കുന്നതിന്‍റെ മാനദണ്ഡവും ഇതുതന്നെയാണ്.  സ്നേഹോന്മുഖമായോ അല്ലെങ്കില്‍, സ്നേഹപ്രേരിതമായോ, പ്രവര്‍ത്തിക്കുമ്പോള്‍ യാതൊന്നും അനുചിതമല്ല, എല്ലാം നല്ലതാണ്.” ( 60 )……………..

 

 -----------------------------------------------------------------------------------------------------------------

 








All the contents on this site are copyrighted ©.