2006-05-31 18:17:12

കിഴക്കന്‍ ടിമോറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു.


ഈ ദിവസങ്ങളില്‍ അനേകരുടെ മരണത്തിനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ അക്രമത്തിന്‍റ പിടിയില്‍ അമര്‍ന്നിരിക്കുന്ന കിഴക്കന്‍ ടിമോറിലേക്ക് തന്‍റെ ചിന്തകള്‍ പായുന്നുവെന്ന് ബുധനാഴ്ച തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പൊതുദര്‍ശനമനുവദിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ പതിനാറാം ബനഡിക്ട് മാര്‍പാപ്പ അറിയിച്ചു.  ഭവനരഹിതരായവര്‍ക്ക് ദേശിയ കത്തോലിക്കാ സഭയും കത്തോലിക്കാ സംഘടനകളും, മറ്റ് അന്തര്‍ദ്ദേശിയ ഉപവിസംഘടനകളോടൊത്ത്, ചെയ്യുന്ന സഹായങ്ങള്‍ തുടരാന്‍ പാപ്പാ പ്രോത്സാഹിപ്പിക്കുകയും, ദുഃഖിതാത്മാക്കള്‍ക്ക് സാന്ത്വനം പകരുന്നതിനും നാട്ടില്‍ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും സംഭാവനകള്‍ നല്കുന്നവരുടെ യത്നങ്ങളെ മാതൃസന്നിഭ സംരക്ഷണം നല്കി  സഹായിക്കാന്‍ പരിശുദ്ധ മറിയത്തോട് പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുകയും ചെയ്തു.                

 

മാര്‍പാപ്പ തന്‍റ‍െ മുഖ്യ പ്രഭാഷണത്തില്‍ താന്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ പോളണ്ടില്‍ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനം പുനരവലോകനം ചെയ്തു. തന്‍റെ ആ ചതുര്‍ദിന പര്യടനത്തിലെ അവസാനത്തെയും ഏറ്റവും കൂടുതല്‍ ലോകശ്രദ്ധ പതിഞ്ഞതുമായ ഓഷ്വിറ്റ്സ്-ബിര്‍കെനോ നാസ്സി തടങ്കല്‍പാളയസന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് പാപ്പാ ബനഡിക്ട് പതിനാറാമന്‍ ഇപ്രകാരം പറഞ്ഞു:

ഇന്നത്തെ മനുഷ്യന്‍ ഓഷ്വിറ്റ്സും മറ്റ് മരണ ഫാക്ടറികളും മറക്കാന്‍ ഒരിക്കലും ഇടയാകാതിരിക്കട്ടെ!  മനുഷ്യരാശി ഇനി മേലില്‍ ഒരിക്കലും ഓഷ്വിറ്റ്സ് മരണപാളയത്തിലെപ്പോലെയുള്ള കൊടുംക്രൂരതകള്‍ അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ!   ഓഷ്വിറ്റ്സില്‍ നാസ്സി ഭരണകൂടം ദൈവത്തെ ഒഴിവാക്കി അവിടുത്തെ സ്ഥാനത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ വിഫലശ്രമം നടത്തി.  മനുഷ്യകുലം വര്‍ഗ്ഗവിദ്വേഷത്തിന്‍റെ പ്രലോഭനത്തിന് വശംവദമാകാതിരിക്കട്ടെ! …സര്‍വ്വ മനുഷ്യരുടെയും സ്നേഹപിതാവായ ദൈവത്തിന്‍റെ നേര്‍ക്ക് നമ്മള്‍ വീണ്ടും തിരിയേണ്ടിയിരിക്കുന്നു.  നീതി, സത്യം, സമാധാനം എന്നിവയുടെ ഒരു രാജ്യം ക്രിസ്തുവില്‍ ഒത്തൊരുമിച്ച് പണിതുയര്‍ത്താന്‍ അവിടുന്ന് നാമേവരെയും വിളിക്കുന്നു”.

 

 








All the contents on this site are copyrighted ©.