2006-05-22 19:31:16

യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുനാളും ലോക സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമ ദിനവും.


പതിനാറാം ബനഡിക്ട് മാര്‍പാപ്പ മേയ് 21 ഞാറാഴ്ച മദ്ധ്യാഹ്നത്തില്‍ ത്രികാലജപം നയിക്കുന്നതിന്മുമ്പ് നടത്തിയ പ്രഭാഷണത്തില്‍നിന്ന്: “……  യേശു തന്‍റെ പുനരുത്ഥാനത്തിനുശേഷം നാല്പതു ദിവസത്തേക്ക് തന്‍റെ ശിഷ്യന്‍മാരുടെയിടയില്‍ പ്രത്യക്ഷൃനായിയെന്നും പിന്നീട് അവര്‍ നോക്കിനില്ക്കെ, അവന്‍ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടുഎന്നും അപ്പസ്തോല൯മാരുടെ പ്രവര്‍ത്തനങ്ങള്‍ സാക്ഷിക്കുന്നു. (1:9).  മേയ് 25 വ്യാഴാഴ്ച ചില രാജ്യങ്ങളില്‍ തുടര്‍ന്നുവരുന്ന ഞായറാഴ്ച യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍ നാം കൊണ്ടാടുന്നു.  ക്രിസ്തുവിന്‍റ ഇഹലോകജീവിതത്തിലെ ഈ അവസാന സംഭവത്തിന് ദ്വിവിധ അര്‍ത്ഥങ്ങളുണ്ട്.  ഉന്നതങ്ങളിലേക്ക്  ആരോഹണം ചെയ്തുകൊണ്ട്  അവിടുന്ന് തന്‍റെ ദൈവത്വം അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തി: അവിടുന്ന് ലോകത്തിലെ തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയശേഷം എവിടെനിന്ന് അവരോഹണം ചെയ്തുവോ അവിടേക്ക് ആരോഹണം ചെയ്തു.  കൂടാതെ, ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് കരേറിയത് താന്‍ സ്വീകരിച്ചതും മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചതുമായ മനുഷ്യത്വത്തോടുകൂടിയാണ്.  ആ മനുഷ്യത്വം രൂപാന്തരപ്പെട്ടതും, ദൈവികത്വം കൈവരിച്ചതും, നിത്യത ആര്‍ജ്ജിച്ചതുമായ നമ്മുടെ മനുഷ്യപ്രകൃതിയാണ്, അവിടുന്ന് ഒരു നിത്യമനുഷ്യനായി തുടരുന്നു.  ആകയാല്‍ സ്വര്‍ഗ്ഗാരോഹണം ഓരോ മനുഷ്യവ്യക്തിയുടെയും പരമമായ വിളി വെളിപ്പെടുത്തുന്നു; മനുഷ്യന്‍ ദൈവരാജ്യത്തിലെ, സ്നേഹത്തിന്‍റെയും, പ്രകാശത്തിന്‍റയും, സമാധാനത്തിന്‍റെയും രാജ്യത്തിലെ,

നിത്യ ജീവിതത്തിന് വിളിക്കപ്പെട്ടിരിക്കുന്നു.

 

സ്വര്‍ഗ്ഗാരോഹണത്തിരുനാളില്‍, രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അഭിലഷിച്ച, ലോക സാമൂഹ്യസമ്പര്‍ക്കമാദ്ധ്യമ ദിനം ആചരിക്കപ്പെടുന്നു.  തുടര്‍ച്ചയായി ആചരിക്കുന്ന 40-ാമത്തെതായ ഈ വര്‍ഷത്തെ ലോക മാദ്ധ്യമ ദിനത്തിന്‍റെ വിചിന്തന വിഷയം മാദ്ധ്യമങ്ങള്‍: ആശയവിനമയം, കൂട്ടായ്മ, സഹകരണം എന്നിവയുടെ ശ്രേണി എന്നതാണ്.  സുവിശേഷം പ്രചരിപ്പിക്കുന്നതിനും ജനതകളില്‍ ഇപ്പോഴും ആഴത്തില്‍ മുദ്രിതമായിരിക്കുന്ന ഗൗരവാവഹങ്ങളായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അവരുടെമദ്ധ്യേ ഐക്യദാര്‍ഢ്യം പരിപോഷിപ്പിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ഒരുപാധിയായ സമ്പര്‍ക്കമാദ്ധ്യമങ്ങളെ സഭ താല്പര്യപൂര്‍വം വീക്ഷിക്കുന്നു. ......................   ജനതകളുടെ യിടയില്‍ ദാര്‍ഢൈക്യത്തിന്‍റെയും സമാധാനത്തിന്‍റയും ബന്ധങ്ങള്‍ സാമൂഹ്യസമ്പര്‍ക്കമാദ്ധ്യങ്ങള്‍വഴി  ദൃഢപ്പെടുന്നതിന് പരിശുദ്ധ കന്യകാമറിയം മാദ്ധ്യസ്ഥ്യം വഹിക്കട്ടെ.  ദൈവം തിരുമനസ്സാകുന്നപക്ഷം വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ പോളണ്ടില്‍, നമ്മുടെ പ്രിയങ്കരനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ സ്മരിച്ചുകൊണ്ട് ഞാ൯ നടത്തുന്ന അപ്പസ്തോലിക പര്യടനം ഫലപ്രദമായിത്തീരുന്നതിനും ആ നാഥയോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

=====================================================================

 








All the contents on this site are copyrighted ©.